ബനാസ്കാന്ത (ഗുജറാത്ത്) / 2026 / ഒക്ടോബർ 30
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഇരുപത്തിനാലാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ബനാസ്കാന്തയിൽ വിതരണം ചെയ്യും. രാജ്യത്തെ 9.34 കോടിയിലേറെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,690 കോടിയിലധികം രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ എത്തിക്കും. കർഷകരുടെ ക്ഷേമവും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായവിതരണം.
കാർഷിക അടിസ്ഥാനസൗകര്യ നിധിക്കു കീഴിൽ സ്ഥാപിച്ച 521 യൂണിറ്റുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കാർഷികോൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഉയർന്ന മൂല്യമുള്ള തോട്ടവിളകളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും കർഷകരുടെ വരുമാനസാധ്യത വർധിപ്പിക്കാനുമായി 12 തോട്ടവിള ക്ലസ്റ്ററുകളും ഉദ്ഘാടനം ചെയ്യും.
റെയ്സണിലെ പരിപാടിയിൽ ശിവരാജ് സിങ് ചൗഹാൻ പങ്കെടുക്കും
പി എം കിസാൻ ഇരുപത്തിനാലാം ഗഡുവിന്റെ വിതരണത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ റെയ്സണിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുക്കും. പ്രദേശത്തെ നിരവധി കർഷകർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി എം കിസാന്റെയും കൃഷിവകുപ്പിന്റെ മറ്റു പ്രധാന പദ്ധതികളുടെയും പ്രാധാന്യം വിശദീകരിക്കാനുള്ള വേദിയായും പരിപാടി മാറും. കർഷകരുടെ ക്ഷേമം, സമൃദ്ധി, ശാക്തീകരണം എന്നിവയ്ക്കുള്ള സർക്കാരിന്റെ തുടർച്ചയായ പ്രതിബദ്ധതയും പരിപാടിയിൽ ആവർത്തിക്കും.
ആദ്യ 23 ഗഡുക്കളിലായി നൽകിയത് 4.47 ലക്ഷം കോടിയിലധികം രൂപ
പി എം കിസാന്റെ ആദ്യ 23 ഗഡുക്കളിലായി അർഹരായ കർഷകർക്ക് ഇതിനകം 4.47 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. അർഹരായ കർഷകകുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് വരുമാനസഹായം നൽകുന്നതാണ് പദ്ധതി. കൃഷിച്ചെലവും വീട്ടുചെലവും നിറവേറ്റാനും ഉപജീവനസുരക്ഷ ഉറപ്പാക്കാനും ഈ സഹായം പിന്തുണ നൽകുന്നു.
കോടിക്കണക്കിന് കർഷകരുടെ ഉപജീവനമാർഗമായ കൃഷിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും ഉറപ്പാക്കുന്നതിലും കൃഷിക്ക് പ്രധാന പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ കർഷകരുടെ വരുമാനം മെച്ചപ്പെടുത്താനും ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
സാമ്പത്തികസഹായത്തിനൊപ്പം വിള ഇൻഷുറൻസും വായ്പാപിന്തുണയും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമ യോജന, കിസാൻ ക്രെഡിറ്റ് കാർഡ്, മിനിമം താങ്ങുവില, പെർ ഡ്രോപ്പ് മോർ ക്രോപ്പ് എന്നിവയാണ് പ്രധാന പദ്ധതികൾ. സാമ്പത്തികസഹായം നൽകുക, കൃഷിയിലെ അപകടസാധ്യതകൾക്കെതിരായ സംരക്ഷണം ശക്തമാക്കുക, കാർഷികവായ്പ ലഭ്യത മെച്ചപ്പെടുത്തുക എന്നിവയാണ് ഇവയുടെ ലക്ഷ്യങ്ങൾ. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കാർഷിക ഭരണനിർവഹണം പ്രോത്സാഹിപ്പിച്ച് കർഷകരുടെ സമഗ്രമായ ശാക്തീകരണവും ലക്ഷ്യമിടുന്നു.
ഭക്ഷ്യഎണ്ണകൾക്കായുള്ള ദേശീയ ദൗത്യം, പയർവർഗങ്ങളിലെ സ്വയംപര്യാപ്തതയ്ക്കായുള്ള ദൗത്യം എന്നിവയിലൂടെയും സർക്കാർ കാർഷിക സ്വയംപര്യാപ്തത മുന്നോട്ടുകൊണ്ടുപോകുന്നു. രാജ്യത്തുടനീളം ക്ലസ്റ്ററുകൾ വികസിപ്പിച്ച് സുസ്ഥിര കൃഷിരീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതാണ് ദേശീയ പ്രകൃതികൃഷി ദൗത്യം.
സംഭരണവും സംസ്കരണവും ശക്തമാക്കാൻ വൻ നിക്ഷേപം
വിളവെടുപ്പിനുശേഷമുള്ള പരിപാലനവും കാർഷിക അടിസ്ഥാനസൗകര്യങ്ങളും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സംഭരണശാലകൾ, ശീതസംഭരണ കേന്ദ്രങ്ങൾ, പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ, മറ്റ് അവശ്യ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപം കാർഷിക അടിസ്ഥാനസൗകര്യ നിധി പ്രോത്സാഹിപ്പിക്കുന്നു. നിധിക്കു കീഴിൽ 2.28 ലക്ഷത്തിലധികം പദ്ധതികളിലായി ഏകദേശം 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്. സംഭരണവും സംസ്കരണശേഷിയും വർധിപ്പിക്കുക, വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്ക്കുക, വിപണിയിലെത്താനുള്ള സൗകര്യം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ. ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
കർഷകർക്ക് കൂടുതൽ വരുമാനാവസരങ്ങൾ ഒരുക്കാനും കൃഷി കൂടുതൽ ലാഭകരമാക്കാനും ഉയർന്ന മൂല്യമുള്ള കാർഷിക പ്രവർത്തനങ്ങളിലേക്കുള്ള വൈവിധ്യവൽക്കരണവും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേകിച്ച് തോട്ടവിളകൾക്കാണ് പ്രാധാന്യം നൽകുന്നത്. തോട്ടവിള ക്ലസ്റ്ററുകളുടെ വികസനം ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള ശൃംഖല ശക്തമാക്കും. ഉയർന്ന മൂല്യമുള്ള വിളകളുടെ ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കർഷകർക്ക് സാമ്പത്തികപിന്തുണ നൽകുക, കാർഷിക അടിസ്ഥാനസൗകര്യങ്ങൾ ആധുനികമാക്കുക, വിളവൈവിധ്യം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിനൊത്ത കാർഷികമേഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. സമൃദ്ധവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും സ്വയംപര്യാപ്തവുമായ കാർഷികമേഖലയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.
.