ന്യൂഡൽഹി / 2026 / ഒക്ടോബർ 27
രാജ്യത്ത് മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനുള്ള അടൽ വയോ അഭ്യുദയ യോജനയുടെ ഭാഗമായി 755 പദ്ധതികൾക്ക് കേന്ദ്രസർക്കാർ 77.98 കോടി രൂപ അനുവദിച്ചു. 2026–27 സാമ്പത്തികവർഷത്തിൽ സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിലാണിത്. പദ്ധതിയിലെ വയോജനങ്ങൾക്കായുള്ള സംയോജിത പരിപാടിക്കു കീഴിലാണ് ധനസഹായം. ഒക്ടോബർ 27ന് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവയും പങ്കാളികളാണ്. വയോജനങ്ങളുടെ എണ്ണം ഉയരുന്നതും നഗരവൽക്കരണവും കുടിയേറ്റവും അണുകുടുംബങ്ങളുടെ വർധനയും കുടുംബപരിചരണത്തെ ബാധിക്കുന്നതുമാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത കൂട്ടുന്നത്. താമസം, ഭക്ഷണം, ചികിത്സ, സഹായ ഉപകരണങ്ങൾ, പരിശീലനം എന്നിവ ഒരുമിച്ച് ലഭ്യമാക്കിയാണ് പദ്ധതി പ്രവർത്തിക്കുന്നത്.

2021ൽ ആരംഭിച്ച പദ്ധതി, മുതിർന്ന പൗരന്മാർക്കായുള്ള മുൻ ദേശീയ കർമപദ്ധതി വിപുലീകരിച്ചാണ് രൂപപ്പെടുത്തിയത്. 2011ലെ ജനഗണനപ്രകാരം രാജ്യത്ത് അറുപത് വയസ്സിനു മുകളിലുള്ളവർ 10.38 കോടിയായിരുന്നു. 2036ഓടെ ഇത് 23 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. സ്വന്തം വീടുകളിലും പരിചിതമായ ചുറ്റുപാടുകളിലും സുരക്ഷിതമായും അന്തസ്സോടെയും കഴിയാനുള്ള സാഹചര്യം ഒരുക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
താമസവും ചികിത്സയും ഒരുമിച്ച്
പദ്ധതിക്കു കീഴിൽ നിലവിൽ 764 വയോജന ഭവനങ്ങൾക്കും തുടർപരിചരണം നൽകുന്ന 13 കേന്ദ്രങ്ങൾക്കും പിന്തുണ ലഭിക്കുന്നുണ്ട്. സഞ്ചരിക്കുന്ന 17 ചികിത്സാ യൂണിറ്റുകളും മൂന്ന് ഫിസിയോതെറാപ്പി ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിലാണ് ഇപ്പോഴത്തെ വിപുലീകരണത്തിന് കൂടുതൽ ശ്രദ്ധ.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സ്വന്തം കർമപദ്ധതികൾ തയ്യാറാക്കാനും സഹായം ലഭിക്കും. പരിചാരക പരിശീലനം, തിമിര ശസ്ത്രക്രിയാ പരിപാടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ വയോശ്രീ യോജനയിലൂടെ ഇതുവരെ 10.45 ലക്ഷത്തിലധികം വയോജനങ്ങൾക്ക് 55,87,653 സഹായ ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
സഹായത്തിന് എൽഡർലൈൻ; പരിചാരകരെ കണ്ടെത്താൻ ശതായു
മുതിർന്ന പൗരന്മാർക്ക് വിവരങ്ങളും മാർഗനിർദേശവും മാനസിക പിന്തുണയും നൽകാൻ 14567 എന്ന എൽഡർലൈൻ സേവനമുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ ജില്ലാ അധികൃതരുമായും സന്നദ്ധസംഘടനകളുമായും ചേർന്ന് നേരിട്ടുള്ള ഇടപെടലും നടത്തും. വിവിധ വിഭാഗങ്ങളിലായി നടപടി ആവശ്യമായ 8.66 ലക്ഷത്തിലധികം വിളികൾ സേവനത്തിന് ലഭിച്ചിട്ടുണ്ട്.
2026 മേയിൽ ആരംഭിച്ച ജീവൻ മൊബൈൽ ആപ്പിൽ ക്ഷേമപദ്ധതികൾ, അടിയന്തര സഹായം, വയോജന ഭവനങ്ങൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. പ്രധാന നമ്പറുകളിലേക്ക് ഒറ്റ സ്പർശത്തിൽ വിളിക്കാനും സൗകര്യമുണ്ട്. പരിശീലനം നേടിയ പരിചാരകരെ കണ്ടെത്താൻ ശതായു ഡാഷ്ബോർഡ് സഹായിക്കുന്നു. ഇതിൽ 30,151 പരിചാരകരുടെ വിവരങ്ങളുണ്ട്. അനുഭവങ്ങളും ജീവിതപാഠങ്ങളും പങ്കുവെക്കാൻ ‘അനുഭവ് ബോൽതാ’ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരിചരണത്തിനൊപ്പം തൊഴിലും സംരംഭങ്ങളും
വയോജന പരിചരണ രംഗത്തെ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് സേജ് പദ്ധതിയിലൂടെ ഓഹരി പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപവരെ ധനസഹായം ലഭിക്കും. പരിചയസമ്പന്നരായ മുതിർന്ന പൗരന്മാരെ അനുയോജ്യമായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കാനാണ് സ്കോപ്പ് സംവിധാനം. പ്രൊഫഷണൽ പരിചാരകരുടെ കുറവ് പരിഹരിക്കാൻ പി.എം. സ്പെഷ്യൽ പദ്ധതിയിലൂടെ സൗജന്യ നൈപുണ്യപരിശീലനവും നൽകുന്നു.
പദ്ധതികളുടെ പരിശോധനയ്ക്കായി ഫീൽഡ് സന്ദർശനം, ഓഡിറ്റ് രേഖകൾ, ഇ അനുദാൻ പോർട്ടൽ വഴിയുള്ള നിരീക്ഷണം എന്നിവയുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും സ്ഥാപനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതിലും ജില്ലാ കലക്ടർ അധ്യക്ഷനായ സമിതികൾക്ക് ചുമതലയുണ്ട്. തലമുറകൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനുമായി സഹകരിച്ചുള്ള പരിപാടി 200 പരീക്ഷണ സ്കൂളുകളിൽ നടപ്പാക്കാനും പദ്ധതിയുണ്ട്.
