ന്യൂഡൽഹി / 2026 / ഒക്ടോബർ 23
സാങ്കേതികവിദ്യയുടെ നേട്ടം എല്ലാവർക്കും ലഭിക്കണംപുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം സ്വത്തായി ഒതുങ്ങരുതെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. അവയുടെ പ്രയോജനം മനുഷ്യരാശിക്ക് മുഴുവൻ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനിൽ കെ. ആന്റണി എഴുതിയ ‘അഡ്വാന്റേജ് ഇന്ത്യ: റീഷേപ്പിങ് ദ ഫ്യൂച്ചർ ഫോർ ആൻ ഇക്വിറ്റബിൾ വേൾഡ്’ എന്ന പുസ്തകം ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ ഇന്ന് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗം മാറുന്ന ലോകത്ത് ഇന്ത്യയുടെ മുന്നേറ്റവും രാജ്യത്തിനു മുന്നിലുള്ള അവസരങ്ങളും ചർച്ച ചെയ്യുന്ന പുസ്തകമാണിതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ പരമാധികാര രാജ്യങ്ങളും തുല്യരാണ്. അവയെ തുല്യമായി പരിഗണിക്കണം. സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങൾ മനുഷ്യരാശിയുടെ പൊതുനന്മയ്ക്കായി പങ്കിടുന്ന കൂടുതൽ നീതിപൂർവമായ സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ കരുത്ത് പൈതൃകവും ജനാധിപത്യവും
പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ അനിൽ കെ. ആന്റണിയെയും രൂപ പബ്ലിക്കേഷൻസിനെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങൾ പുസ്തകം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ, ബിസിനസ്, പൊതുനയം എന്നീ മേഖലകളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അനിൽ ആന്റണി ഇന്ത്യയുടെ പുതിയ കരുത്തുകളും അന്താരാഷ്ട്ര ക്രമത്തിൽ വളർന്നുവരുന്ന പങ്കും പരിശോധിക്കുന്നത്. നാഗരിക പൈതൃകം, ജനാധിപത്യ പാരമ്പര്യം, തൊഴിൽപ്രായത്തിലുള്ള ജനങ്ങളുടെ അനുപാതം കൂടുതലായതിലൂടെ ലഭിക്കുന്ന നേട്ടം, വളരുന്ന സമ്പദ്വ്യവസ്ഥ, ശക്തമായ സ്ഥാപനങ്ങൾ, വികസിക്കുന്ന സാങ്കേതികശേഷി എന്നിവയാണ് ഇന്ത്യയുടെ പ്രത്യേക കരുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ മാറ്റങ്ങളിലൂടെ കടന്നുപോയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 25 കോടിയിലധികം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽനിന്ന് മുക്തരായി. വിദ്യാഭ്യാസം, ഭവനം, ശുചിത്വം, ആരോഗ്യപരിചരണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പദ്ധതികൾ ദശലക്ഷക്കണക്കിന് പൗരന്മാരുടെ അന്തസ്സും സാമൂഹിക സുരക്ഷയും വർധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളും യുവാക്കളും കർഷകരും മുന്നേറ്റത്തിന്റെ കേന്ദ്രത്തിൽ
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് വേണ്ടതെന്ന് സി. പി. രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീകൾ, യുവാക്കൾ, കർഷകർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരെ ശാക്തീകരിക്കുന്നതാണ് ഇന്ത്യയുടെ പുരോഗതിയിൽ കേന്ദ്രസ്ഥാനത്തുള്ളത്. മൂന്ന് കോടിയിലധികം ലഖ്പതി ദീദിമാർ ഉയർന്നുവന്നത് സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ വിജയമാണ് കാണിക്കുന്നത്. പുതിയ ഐഐടികൾ, എയിംസുകൾ, മെഡിക്കൽ കോളേജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലൂടെ വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ വികസിച്ചു. വന്ദേ ഭാരത് ട്രെയിനുകൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലൂടെ ഗതാഗത സൗകര്യങ്ങളിലും വലിയ പുരോഗതിയുണ്ടായി. ഇന്ത്യയിൽ കംപ്യൂട്ടറുകൾ വന്നപ്പോൾ ആദ്യം ആശങ്കകൾ ഉയർന്നിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ പിന്നീട് രാജ്യം ആഗോള വിവരസാങ്കേതിക രംഗത്തെ വൻശക്തിയായി. നിർമിതബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഇപ്പോൾ സമാനമായ അവസരങ്ങളാണ് നൽകുന്നത്. സമൂഹത്തിന്റെ പുരോഗതിക്കായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ നേതൃത്വത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരത് ലക്ഷ്യത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ തദ്ദേശീയ ഉൽപ്പാദനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തി. താൻ അടുത്തിടെ കമ്മീഷൻ ചെയ്ത തദ്ദേശീയ വിവിധോദ്ദേശ്യ കപ്പലായ ഐഎൻഎസ് സമർഥക്, രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദനശേഷി വളരുന്നതിന്റെ ഉദാഹരണമാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ലോകം ഒരു കുടുംബം; ഇന്ത്യയുടെ നിലപാട് പ്രവർത്തിയിലും
കൂടുതൽ ഇടപെടലുകളും വർധിക്കുന്ന സ്വാധീനവും പുതുക്കിയ ആത്മവിശ്വാസവും ഇന്ത്യൻ നയതന്ത്രത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജി 20 അധ്യക്ഷസ്ഥാനത്തിരുന്നപ്പോൾ ഇന്ത്യ നൽകിയ നേതൃത്വവും ‘ലോകം ഒരു കുടുംബം’ എന്ന വസുധൈവ കുടുംബകം ആശയം മുന്നോട്ടുകൊണ്ടുപോയതും അദ്ദേഹം ഓർമിപ്പിച്ചു. ആഫ്രിക്കൻ യൂണിയനെ ജി 20യിൽ ഉൾപ്പെടുത്തുന്നതിൽ ഇന്ത്യ നൽകിയ സംഭാവനയും വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി രാജ്യം ഉയർന്നുവന്നതും അദ്ദേഹം എടുത്തുപറഞ്ഞു. വസുധൈവ കുടുംബകം വെറുമൊരു മുദ്രാവാക്യമല്ല. ഭാരതത്തെ നയിക്കുന്ന തത്ത്വചിന്തയാണത്. കോവിഡ് മഹാമാരിക്കാലത്തെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്. രാജ്യവ്യാപകമായി വാക്സിനേഷൻ നടത്തിയതിനൊപ്പം നൂറിലധികം രാജ്യങ്ങൾക്ക് ജീവൻരക്ഷാ വാക്സിനുകളും ഇന്ത്യ നൽകി. ആഗോള ഐക്യദാർഢ്യത്തിനും മനുഷ്യരാശിയുടെ സേവനത്തിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. ‘ഇന്ത്യയുടെ നേട്ടം മനുഷ്യരാശിയുടെ നേട്ടമാണ്’ എന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വികസിത ഭാരതം പടുത്തുയർത്താൻ ഓരോ പൗരന്റെയും പങ്കാളിത്തം
2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം ഒരു അഭിലാഷവും ഉത്തരവാദിത്വവുമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ‘രാജ്യം ആദ്യം’ എന്ന തത്ത്വത്തോടുള്ള കൂട്ടായ പ്രതിബദ്ധത ഇതിന് ആവശ്യമാണ്. രാഷ്ട്രനിർമാണം സർക്കാരിന് മാത്രം പൂർത്തിയാക്കാൻ കഴിയില്ല. ഓരോ പൗരന്റെയും സജീവ പങ്കാളിത്തം വേണം. സാങ്കേതികവിദ്യ, പൊതുനയം, സാമ്പത്തികശാസ്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ, രാഷ്ട്രനിർമാണം എന്നിവയിൽ കൂടുതൽ ആഴത്തിൽ ഇടപെടാൻ യുവ ഇന്ത്യക്കാർക്ക് പുസ്തകം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അനിൽ കെ. ആന്റണിയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, എഴുത്തുകാരനും പ്രസാധകർക്കും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശംസകൾ നേർന്നു. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ അജയ് സൂദ്, സാമ്പത്തിക വിദഗ്ധയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ ഡോ. ഷമിക രവി, എഴുത്തുകാരൻ അനിൽ കെ. ആന്റണി, രൂപ പബ്ലിക്കേഷൻസ് മാനേജിങ് എഡിറ്റർ കപിഷ് മെഹ്റ, നയതന്ത്ര പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

