ന്യൂഡൽഹി / 2026 / ഒക്ടോബർ 21
സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കാനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാർഷിക വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കാനും കേന്ദ്ര കൃഷി–കർഷകക്ഷേമ മന്ത്രാലയത്തിന്റെ രാജ്യവ്യാപക പ്രചാരണം നാളെ തുടങ്ങും. ‘ഖേത് ബചാവോ അഭിയാൻ–റാബി 2026’ കേന്ദ്ര കൃഷി–കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഹരിയാനയിലെ കർണാലിൽ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 22 മുതൽ നവംബർ 30 വരെയാണ് പ്രചാരണം.
മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളങ്ങളും മറ്റ് കാർഷിക ഉൽപ്പാദനോപാധികളും ആവശ്യത്തിന്, സന്തുലിതമായി ഉപയോഗിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ബോധവത്കരണ പരിപാടികൾ, പരിശീലനം, കൃഷിയിടങ്ങളിലെ പ്രായോഗിക പ്രദർശനങ്ങൾ എന്നിവയിലൂടെയാണ് കർഷകരിലേക്ക് വിവരങ്ങൾ എത്തിക്കുക. മണ്ണും വെള്ളവും സംരക്ഷിച്ച് കൃഷിയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കാനും പ്രചാരണം ലക്ഷ്യമിടുന്നു.
വിളവൈവിധ്യവും പ്രകൃതികൃഷിയും പ്രോത്സാഹിപ്പിക്കും
എണ്ണക്കുരു, പയർവർഗ, തോട്ടവിള ദൗത്യങ്ങളിലൂടെ വിളവൈവിധ്യം പ്രോത്സാഹിപ്പിക്കും. നെല്ല് കൊയ്തശേഷം തരിശിടുന്ന വയലുകൾ ഫലപ്രദമായി ഉപയോഗിക്കാനും വിളകളുടെ അവശിഷ്ടങ്ങൾ ശരിയായി കൈകാര്യം ചെയ്യാനും കർഷകർക്ക് മാർഗനിർദേശം നൽകും. അനുയോജ്യമായ വിളകളും ഇനങ്ങളും ഉപയോഗിച്ചുള്ള ഇടവിളക്കൃഷിക്കും സംയോജിത കൃഷിരീതികൾക്കും പ്രാധാന്യം നൽകും.
ജൈവവളങ്ങളും ജൈവാധിഷ്ഠിത കാർഷിക ഉൽപ്പന്നങ്ങളും ശരിയായി ഉപയോഗിക്കാൻ പരിശീലനം നൽകും. പ്രകൃതികൃഷി വ്യാപിപ്പിക്കാൻ ബോധവത്കരണവും പരിശീലനവും കൃഷിയിട പ്രദർശനങ്ങളും സംഘടിപ്പിക്കും. ഗ്രീൻ അമോണിയ ഉൾപ്പെടെയുള്ള വളങ്ങളുടെയും ജൈവ ഉൽപ്പന്നങ്ങളുടെയും ഉചിതമായ ഉപയോഗത്തെക്കുറിച്ചും അവബോധം നൽകും.
ജലസംരക്ഷണത്തിനും കാലാവസ്ഥയെ അതിജീവിക്കുന്ന കൃഷിക്കും ഊന്നൽ
ജലസംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗർഭജല പുനർഭരണം എന്നിവ പ്രചാരണത്തിന്റെ പ്രധാന ഭാഗങ്ങളാകും. കൃഷിയിൽ വെള്ളത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹനം നൽകും. കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി കൃഷിചെയ്യാനും കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കുന്ന കൃഷിരീതികൾ സ്വീകരിക്കാനും കർഷകരെ സഹായിക്കും.
കർഷകരുടെ അറിവും പ്രായോഗിക ശേഷിയും വർധിപ്പിക്കൽ, കാർഷിക യന്ത്രവത്കരണം, മണ്ണിന്റെയും കൃഷിയിടത്തിന്റെയും ആരോഗ്യം പുനരുജ്ജീവിപ്പിക്കുന്ന കൃഷിരീതികൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രദർശനം എന്നിവയും സംഘടിപ്പിക്കും. വിള അവശിഷ്ട പരിപാലനം, സംയോജിത കീടനിയന്ത്രണം, മണ്ണിന്റെ ആരോഗ്യപരിപാലനം, കാലാവസ്ഥയെ അതിജീവിക്കുന്ന കൃഷി, എണ്ണക്കുരു–പയർവർഗ വിളകളുടെ പ്രോത്സാഹനം, വിത്തുവിതരണം എന്നിവ പ്രധാന വിഷയങ്ങളാകും.
കർഷക തിരിച്ചറിയൽ രേഖയും വായ്പയും ഇൻഷുറൻസും
കർഷക തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുന്നതിനും പ്രചാരണത്തിലൂടെ സൗകര്യമൊരുക്കും. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലെ വിള ഇൻഷുറൻസിനെക്കുറിച്ച് ബോധവത്കരണം നടത്തും. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കാനും ശ്രമിക്കും. വ്യാപാര കരാറുകളിലൂടെ ലഭിക്കുന്ന നേട്ടങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള വിവരങ്ങളും കർഷകർക്ക് കൈമാറും.
സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ബോധവത്കരണ പരിപാടികൾ, കർഷക സമ്മേളനങ്ങൾ, കിസാൻ ചൗപാൽ എന്ന കർഷക ചർച്ചാവേദികൾ, പരിശീലനങ്ങൾ, കൃഷിയിട പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കും. പ്രാദേശിക ഭാഷകളിലുള്ള പ്രചാരണ സാമഗ്രികൾ, റേഡിയോ, ദൂരദർശൻ, സമൂഹമാധ്യമങ്ങൾ, മറ്റ് വിവര–വിദ്യാഭ്യാസ–ആശയവിനിമയ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കൂടുതൽ കർഷകരിലേക്ക് വിവരങ്ങൾ എത്തിക്കും.
ഒരു കോടി പേരിലേക്ക് എത്താൻ 4,150 സംഘങ്ങൾ
സംസ്ഥാന കൃഷിവകുപ്പുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപനങ്ങൾ, സംസ്ഥാന കാർഷിക സർവകലാശാലകൾ, കാർഷിക സാങ്കേതികവിദ്യാ പരിപാലന ഏജൻസികളായ ആത്മ എന്നിവ സഹകരിക്കും. കാർഷിക ശാസ്ത്രജ്ഞർ, ആത്മ പ്രവർത്തകർ, കർഷക ഉൽപ്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വയംസഹായ സംഘങ്ങൾ, പുരോഗമന കർഷകർ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. ആത്മയുടെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും പ്രവർത്തനങ്ങളിലൂടെ ഏകദേശം ഒരു കോടി പേരിലേക്ക് എത്തുകയാണ് ലക്ഷ്യം. കൃഷി വിജ്ഞാന കേന്ദ്രങ്ങളും ആത്മയും ഉൾപ്പെടുന്ന 4,150 സംഘങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പന്ത്രണ്ടായിരത്തിലധികം ശാസ്ത്രജ്ഞരും ആത്മ പ്രവർത്തകരും പങ്കാളികളാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര കൃഷി–കർഷകക്ഷേമ വകുപ്പ് സംസ്ഥാന സർക്കാരുകൾ, കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പുരോഗതി പതിവായി വിലയിരുത്തുകയും ചെയ്യും. കർഷക പങ്കാളിത്തത്തിനും സുസ്ഥിര കൃഷിരീതികൾ സ്വീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. മണ്ണ്–ജല സംരക്ഷണം ശക്തിപ്പെടുത്തുക, കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ കൃഷി പ്രോത്സാഹിപ്പിക്കുക, കൃഷിയുടെ സുസ്ഥിരത മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇതിലൂടെ കർഷകരുടെ ദീർഘകാല അഭിവൃദ്ധിക്കും വികസിത ഭാരതം എന്ന കാഴ്ചപ്പാടിനും കരുത്തേകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.