ന്യൂഡൽഹി / 2026 / ഒക്ടോബർ 19
അപകടകരവും നിയമപ്രകാരം നിയന്ത്രണമുള്ളതുമായ സ്ഫോടകവസ്തുക്കളുടെ അനധികൃത ഓൺലൈൻ വിൽപ്പനയ്ക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി. ഏഴ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിൽപ്പനപ്പട്ടികയിൽനിന്ന് 3,940 വിൽപ്പനക്കാരുടെയും ലിസ്റ്റിങ്ങുകളുടെയും വിവരങ്ങൾ നീക്കിയതായി അതോറിറ്റി അറിയിച്ചു. അമോണിയം നൈട്രേറ്റ്, വെടിമരുന്ന്, പിക്രിക് ആസിഡ്, പെന്റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ് അഥവാ പി.ഇ.ടി.എൻ. തുടങ്ങിയവയുടെ പരസ്യവും വിൽപ്പനയും അനുവദിച്ചതിനാണ് നടപടി. ഉപഭോക്താക്കളുടെ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുകയും ഉത്തരവാദിത്വമുള്ള ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
ലൈസൻസും വാങ്ങുന്നവരുടെ പരിശോധനയും നിർബന്ധം
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം, 2020ലെ ഉപഭോക്തൃ സംരക്ഷണ ഇ–കൊമേഴ്സ് ചട്ടങ്ങൾ, 1884ലെ സ്ഫോടകവസ്തു നിയമം, 2012ലെ അമോണിയം നൈട്രേറ്റ് ചട്ടങ്ങൾ, ബാധകമായ മറ്റു ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. അനുമതിയില്ലാതെ ഇത്തരം വസ്തുക്കൾ ഓൺലൈനിൽ വിൽപ്പനയ്ക്കായി പട്ടികപ്പെടുത്തുക, വിവരങ്ങൾ പ്രസിദ്ധീകരിക്കുക, പരസ്യം നൽകുക, വിൽപ്പനയ്ക്ക് സൗകര്യമൊരുക്കുക എന്നിവയാണ് അതോറിറ്റി പരിശോധിക്കുന്നത്.
ഈ വസ്തുക്കൾ സ്ഫോടകവസ്തുക്കളുടെ വിഭാഗത്തിൽപ്പെടുന്നവയാണ്. നിയമപരമായി വിൽക്കാനും വാങ്ങാനും നിർദിഷ്ട ലൈസൻസ് ആവശ്യമാണ്. വിൽപ്പനക്കാരുടെ സാധുവായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അഥവാ പെസോ ലൈസൻസ് വിവരങ്ങൾ പ്ലാറ്റ്ഫോമുകളിൽ വെളിപ്പെടുത്തണം. വാങ്ങൽ നടക്കുന്നതിനുമുമ്പ് വാങ്ങുന്നവരുടെ തിരിച്ചറിയലും ലൈസൻസിന്റെ സാധുതയും പരിശോധിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഏഴ് പ്ലാറ്റ്ഫോമുകളിൽനിന്ന് ലിസ്റ്റിങ്ങുകൾ നീക്കി
ഇന്ത്യാമാർട്ട്, ട്രേഡ് ഇന്ത്യ, ഡയൽ ഫോർ ട്രേഡ്, ജസ്റ്റ്ഡയൽ, സിഗ്മ ആൽഡ്രിച്ച് ഇന്ത്യ, എക്സ്പോർട്ടേഴ്സ് ഇന്ത്യ, ഐബൈകെമിക്കൽസ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് നടപടി ആരംഭിച്ചത്. ഇവ നൽകിയ വിവരങ്ങളിൽ ആകെ 3,940 വിൽപ്പനക്കാരും ലിസ്റ്റിങ് എൻട്രികളും ഉൾപ്പെടുന്നു. ബന്ധപ്പെട്ട ലിസ്റ്റിങ്ങുകൾ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും നീക്കി. വെബ്ലിങ്ക് ഡോട്ട് ഇൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സ്പോർട്ടേഴ്സ് ഇന്ത്യയിൽ അമോണിയം നൈട്രേറ്റിന്റെ 386 വിൽപ്പനക്കാരും പി.ഇ.ടി.എന്നിന്റെ അഞ്ചു വിൽപ്പനക്കാരും പിക്രിക് ആസിഡിന്റെ 30 വിൽപ്പനക്കാരുമുണ്ടായിരുന്നു. ആകെ 421 പേർ. ഇൻഫോകോം നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ഇന്ത്യയിൽ പിക്രിക് ആസിഡ്, പി.ഇ.ടി.എൻ. എന്നിവയുമായി ബന്ധപ്പെട്ട് 166 വിൽപ്പനക്കാരുടെ 210 ലിസ്റ്റിങ് എൻട്രികളുണ്ടായിരുന്നു. ഡയൽ ഫോർ ട്രേഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ അമോണിയം നൈട്രേറ്റിന്റെ 11 വിൽപ്പനക്കാരുണ്ടായിരുന്നു.
ഇന്ത്യാമാർട്ട് ഇന്റർമെഷ് ലിമിറ്റഡിൽ അമോണിയം നൈട്രേറ്റിന്റെ 2,700 വിൽപ്പനക്കാരും വെടിമരുന്ന് അല്ലെങ്കിൽ പി.ഇ.ടി.എന്നിന്റെ 22 വിൽപ്പനക്കാരും പിക്രിക് ആസിഡിന്റെ 370 വിൽപ്പനക്കാരുമുണ്ടായിരുന്നു. ആകെ 3,092 പേർ. ജസ്റ്റ്ഡയൽ ലിമിറ്റഡിൽ അമോണിയം നൈട്രേറ്റിന്റെ 206 വിൽപ്പനക്കാരുണ്ടായിരുന്നു. മെർക്കിന്റെ സിഗ്മ ആൽഡ്രിച്ച് കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് അമോണിയം നൈട്രേറ്റ്, പി.ഇ.ടി.എൻ. എന്നിവ സ്വന്തം പ്ലാറ്റ്ഫോമിലൂടെ നേരിട്ട് വിൽക്കുന്നതാണ്. മറ്റു വിൽപ്പനക്കാർക്ക് അവിടെ ഇടമില്ല. പിക്രിക് ആസിഡ് വിൽക്കുന്ന ഐബൈകെമിക്കൽസും സ്വന്തം ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. അവിടെയും മറ്റു വിൽപ്പനക്കാരില്ല.
ഡയൽ ഫോർ ട്രേഡിന് പത്ത് ലക്ഷം; എക്സ്പോർട്ടേഴ്സ് ഇന്ത്യയ്ക്ക് രണ്ട് കേസുകളിൽ പിഴ
അമോണിയം നൈട്രേറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഡയൽ ഫോർ ട്രേഡിന് അതോറിറ്റി പത്ത് ലക്ഷം രൂപ പിഴ ചുമത്തി. അമോണിയം നൈട്രേറ്റും മറ്റേതെങ്കിലും സ്ഫോടകവസ്തുക്കളും വിൽപ്പനയ്ക്കായി പട്ടികപ്പെടുത്തുന്നതും വിൽപ്പനയ്ക്ക് സൗകര്യമൊരുക്കുന്നതും അവസാനിപ്പിക്കാൻ നിർദേശിച്ചു. ഇവയുടെ ലിസ്റ്റിങ്ങുകൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(28), 2(47) വകുപ്പുകൾ പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അന്യായ വ്യാപാരരീതികളുമാണെന്ന് ഉത്തരവിൽ കണ്ടെത്തി. നിയമത്തിലെ 24ാം വകുപ്പ് പ്രകാരം കമ്പനി ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ അപ്പീൽ നൽകി. 2026 ഒക്ടോബർ ഒമ്പതിന് ഇരുവിഭാഗത്തിന്റെയും വാദം കേട്ട കമ്മിഷൻ അപ്പീൽ തള്ളി.
എക്സ്പോർട്ടേഴ്സ് ഇന്ത്യ നടത്തുന്ന വെബ്ലിങ്ക് ഡോട്ട് ഇൻ പ്രൈവറ്റ് ലിമിറ്റഡിന് രണ്ട് കേസുകളിലായി പത്ത് ലക്ഷം രൂപ വീതം പിഴ ചുമത്തി. അമോണിയം നൈട്രേറ്റ്, പി.ഇ.ടി.എൻ. എന്നിവ ഓൺലൈനിൽ പട്ടികപ്പെടുത്തുകയും വിവരങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുകയും വിൽപ്പനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഒരു കേസിലെ പിഴ. പിക്രിക് ആസിഡുമായി ബന്ധപ്പെട്ട സമാന നടപടികൾക്കാണ് മറ്റൊരു പത്ത് ലക്ഷം രൂപ പിഴ. ഈ വസ്തുക്കളുടെ വിൽപ്പന 1884ലെ സ്ഫോടകവസ്തു നിയമത്തിന്റെയും അനുബന്ധ ചട്ടങ്ങളുടെയും നിയന്ത്രണത്തിലാണ്. രണ്ട് ഉത്തരവുകൾക്കെതിരെയും കമ്പനി 24ാം വകുപ്പ് പ്രകാരം ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ അപ്പീലുകൾ നൽകിയിട്ടുണ്ട്. ഇവ വരുംദിവസങ്ങളിൽ പരിഗണനയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യാമാർട്ട് ഹൈക്കോടതിയിൽ; ജസ്റ്റ്ഡയലിന് അവസാന വാദം ഒക്ടോബർ 23ന്
അമോണിയം നൈട്രേറ്റ്, പി.ഇ.ടി.എൻ. അല്ലെങ്കിൽ വെടിമരുന്ന്, പിക്രിക് ആസിഡ് എന്നിവയുടെ ഓൺലൈൻ ലിസ്റ്റിങ്, വിവരപ്രസിദ്ധീകരണം, പരസ്യം, വിൽപ്പനയ്ക്കുള്ള സൗകര്യമൊരുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യാമാർട്ട് ഇന്റർമെഷ് ലിമിറ്റഡിന് അതോറിറ്റി നോട്ടീസുകൾ നൽകിയിരുന്നു. അന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ അന്വേഷണം പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് കമ്പനിക്ക് കൈമാറുകയും കമ്പനി മറുപടി നൽകുകയും ചെയ്തു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കമ്പനിക്ക് പലതവണ വാദം അവതരിപ്പിക്കാൻ അവസരം നൽകി. കമ്പനി വിശദമായ വാദങ്ങളും സമർപ്പിച്ചു. അതോറിറ്റി നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾ ചോദ്യംചെയ്ത് ഇന്ത്യാമാർട്ട് ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്.
അമോണിയം നൈട്രേറ്റിന്റെ ഓൺലൈൻ ലിസ്റ്റിങ്, വിവരപ്രസിദ്ധീകരണം, പരസ്യം, വിൽപ്പനയ്ക്കുള്ള സൗകര്യമൊരുക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ജസ്റ്റ്ഡയൽ ലിമിറ്റഡിന് നോട്ടീസുകൾ നൽകിയത്. ഈ കേസിലും ഡയറക്ടർ ജനറൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കമ്പനിക്ക് കൈമാറി. കമ്പനി മറുപടിയും നൽകി. അന്തിമ ഉത്തരവിന് മുമ്പ് കമ്പനിയുടെ വാദം കേൾക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതുവരെ നാലുതവണ അവസരം നൽകിയെങ്കിലും ഓരോ തവണയും കമ്പനി വാദം കേൾക്കുന്നത് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു. അടുത്തതും അവസാനത്തേതുമായ വാദം കേൾക്കൽ 2026 ഒക്ടോബർ 23ന് നടക്കും.
മൂന്ന് സ്ഥാപനങ്ങളിൽ അന്വേഷണം; വിവരം അറിയിക്കാൻ 1915
സിഗ്മ ആൽഡ്രിച്ച് കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രേഡ് ഇന്ത്യ നടത്തുന്ന ഇൻഫോകോം നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഐബൈകെമിക്കൽസ് എന്നിവയ്ക്കെതിരായ വിഷയങ്ങൾ അന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ പരിശോധിക്കുകയാണ്. സിഗ്മ ആൽഡ്രിച്ചിനെതിരെ അമോണിയം നൈട്രേറ്റ്, പി.ഇ.ടി.എൻ., പിക്രിക് ആസിഡ് എന്നിവയുടെ ഓൺലൈൻ ലിസ്റ്റിങ്, വിവരപ്രസിദ്ധീകരണം, പരസ്യം, വിൽപ്പനയ്ക്കുള്ള സൗകര്യമൊരുക്കൽ എന്നിവയാണ് അന്വേഷണവിഷയം. ട്രേഡ് ഇന്ത്യയിൽ പിക്രിക് ആസിഡ്, പി.ഇ.ടി.എൻ. എന്നിവയും ഐബൈകെമിക്കൽസിൽ പിക്രിക് ആസിഡുമായി ബന്ധപ്പെട്ട സമാന പ്രവർത്തനങ്ങളുമാണ് പരിശോധിക്കുന്നത്.
നിയമങ്ങളും ഉപഭോക്തൃ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് നിയന്ത്രിതമോ അപകടകരമോ ആയ വസ്തുക്കൾ അനുമതിയില്ലാതെ ലഭ്യമാക്കാൻ ഡിജിറ്റൽ വിപണികൾ വഴിയൊരുക്കരുതെന്ന സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണ് നടപടി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, സുരക്ഷിതമായ ഡിജിറ്റൽ വിപണികൾ ഉറപ്പാക്കുക, അന്യായ വ്യാപാരരീതികൾ തടയുക, അതിവേഗം വളരുന്ന ഇ–കൊമേഴ്സ് മേഖലയിലെ ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്തുക എന്നിവയിൽ പ്രതിബദ്ധമാണെന്ന് അതോറിറ്റി അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്ഫോടകവസ്തുക്കളുടെ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈൻ നമ്പറായ 1915ൽ അറിയിക്കാം.
.