ഇസ്ലാമാബാദ്, 2026 ഒക്ടോബർ 14 –
പാകിസ്ഥാനിൽ ശൈത്യകാല കൃഷിക്ക് ആവശ്യമായ ജലവിതരണത്തിൽ 22 ശതമാനം കുറവുണ്ടാകുമെന്ന് സർക്കാർ ജല അതോറിറ്റിയുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന കാർഷിക മേഖലകളായ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് രൂക്ഷമായ ജലക്ഷാമം പ്രതീക്ഷിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ നീളുന്ന റാബി കൃഷിക്കാലത്താണ് പ്രതിസന്ധി ഉണ്ടാകുക. ഗോതമ്പ്, ബാർലി, കടുക്, കടല തുടങ്ങിയ വിളകളുടെ ഉൽപാദനത്തെ ജലക്ഷാമം ബാധിച്ചേക്കും. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതാണ് ജലപ്രതിസന്ധിക്ക് കാരണമെന്ന് പാകിസ്ഥാൻ ആരോപിക്കുന്നതിനിടെയാണ് സ്വന്തം ജല അതോറിറ്റി മറ്റൊരു വിശദീകരണവുമായി രംഗത്തെത്തിയത്. അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളം സംഭരിക്കാത്തതും നദികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും ജലവൈദ്യുത പദ്ധതികൾ വൈകിയതുമാണ് പ്രധാന കാരണങ്ങളെന്നാണ് കണ്ടെത്തൽ.
പാകിസ്ഥാനിലെ സിന്ധു നദീതട ജലവിതരണം നിയന്ത്രിക്കുന്ന ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റിയാണ് ജലക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ ഏഴിന് ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് പഞ്ചാബിലും സിന്ധിലും 22 ശതമാനം ജലവിതരണക്കുറവ് കണക്കാക്കിയത്. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളെ ജലവിതരണ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ 80 ശതമാനത്തിലധികം കൃഷിയും സിന്ധു നദീതടത്തിലെ ജലസേചന സംവിധാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ ജലലഭ്യത കുറയുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ വർഷവും പാകിസ്ഥാനിൽ ഗോതമ്പ് ഉൽപാദനം ലക്ഷ്യത്തിലെത്തിയിരുന്നില്ല. 2.97 കോടി ടൺ ഗോതമ്പ് ഉൽപാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഏകദേശം 2.75 കോടി ടൺ മാത്രമാണ് ഉൽപാദിപ്പിച്ചത്. രാജ്യത്തെ വാർഷിക ഗോതമ്പ് ഉപഭോഗം 3.19 കോടി ടണ്ണാണ്. ഈ സാഹചര്യത്തിൽ പത്ത് ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏഴര ലക്ഷം ടൺ നവംബറിൽ എത്തിക്കാനാണ് പദ്ധതി. ഇത്തവണ ജലക്ഷാമം കൂടി രൂക്ഷമാകുന്നതോടെ ഗോതമ്പ് ഉൽപാദനം വീണ്ടും കുറയാനുള്ള സാധ്യതയാണ് ഉയരുന്നത്.
അണക്കെട്ടുകളിൽ വെള്ളം സംഭരിക്കാനായില്ല
പാകിസ്ഥാനിലെ ജലക്ഷാമത്തിന് പ്രധാന കാരണങ്ങളിലൊന്ന് അണക്കെട്ടുകളിലെ സംഭരണശേഷി പൂർണമായി ഉപയോഗിക്കാൻ കഴിയാത്തതാണ്. സെപ്റ്റംബർ 30ന് രാജ്യത്തെ ജലസംഭരണികളിൽ 93.43 ലക്ഷം ഏക്കർ അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ 120.14 ലക്ഷം ഏക്കർ അടി വെള്ളം പ്രതീക്ഷിച്ചിരുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ട ഖാരിഫ് കൃഷിക്കാലത്ത് നദികളിലേക്കുള്ള യഥാർഥ നീരൊഴുക്ക് പ്രതീക്ഷിച്ചതിനേക്കാൾ എട്ട് ശതമാനം കുറവായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.
സിന്ധു നദിയിലെ ടർബേല അണക്കെട്ടിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 30 ലക്ഷം ഏക്കർ അടിയിലധികം വെള്ളം സംഭരിക്കാൻ കഴിഞ്ഞില്ല. അണക്കെട്ടിലെ ടണൽ നാല് ലോ ലെവൽ ഔട്ട്ലെറ്റ്, ടണൽ അഞ്ച് ജലവൈദ്യുത പദ്ധതി എന്നിവയുടെ നിർമാണം വൈകുന്നതും പ്രതിസന്ധി വർധിപ്പിച്ചു. ഈ പദ്ധതികൾ 2025 മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു. നിർമാണം വൈകുന്നത് കാർഷിക മേഖലകളിലെ ജലവിതരണത്തെ ബാധിക്കുന്നതായി ജല അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ പുതിയ കണ്ടെത്തൽ
1960ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജല കരാർ 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ മരവിപ്പിച്ചത്. ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും നദീജല കരാറുമായി ബന്ധപ്പെട്ട ബാധ്യതകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ കരാർ മരവിപ്പിച്ചതുകൊണ്ട് പാകിസ്ഥാനിലേക്കുള്ള നദീജലത്തിന്റെ ഒഴുക്ക് ഇന്ത്യ പൂർണമായി തടഞ്ഞിട്ടില്ല. ജലനിരപ്പുമായി ബന്ധപ്പെട്ട പതിവ് വിവരങ്ങൾ കൈമാറുന്നതും മുൻകൂർ അറിയിപ്പുകൾ നൽകുന്നതും ഉൾപ്പെടെയുള്ള കരാർ ബാധ്യതകളാണ് നിർത്തിവച്ചിരിക്കുന്നത്.
ഇന്ത്യയുടെ നടപടി പാകിസ്ഥാന്റെ ജലാവകാശങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണം. സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കുമ്പോൾ സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാനുള്ള ഏതൊരു ശ്രമത്തെയും യുദ്ധനടപടിയായി കണക്കാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബർ ആറിന് വിയന്നയിൽ നടന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും സമാനമായ നിലപാട് സ്വീകരിച്ചു. പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം നിഷേധിക്കുന്നത് മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഗോതമ്പ് ഉൽപാദനത്തിൽ വീണ്ടും ഇടിവുണ്ടാകുമോ?
കഴിഞ്ഞ റാബി കൃഷിക്കാലം ആരംഭിക്കുമ്പോൾ പാകിസ്ഥാനിലെ അണക്കെട്ടുകളിൽ ഏകദേശം 1.3 കോടി ഏക്കർ അടി വെള്ളം സംഭരിച്ചിരുന്നു. ഇത്തവണത്തെ അപേക്ഷിച്ച് ഏകദേശം 27 ശതമാനം കൂടുതലായിരുന്നു അത്. കഴിഞ്ഞ വർഷം തുടക്കത്തിൽ ജലക്ഷാമം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഗോതമ്പ് ഉൽപാദനം കുറഞ്ഞിരുന്നു. ഇത്തവണ കൃഷിക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ജലലഭ്യത കുറഞ്ഞത് കർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്.
പഞ്ചാബിന് 1.5564 കോടി ഏക്കർ അടി വെള്ളവും സിന്ധിന് 1.1748 കോടി ഏക്കർ അടി വെള്ളവുമാണ് അനുവദിച്ചിരിക്കുന്നത്. ബലൂചിസ്ഥാന് 11.71 ലക്ഷം ഏക്കർ അടിയും ഖൈബർ പഖ്തൂൺഖ്വയ്ക്ക് 7.10 ലക്ഷം ഏക്കർ അടിയും ലഭിക്കും. ജലലഭ്യത മാറുന്നതിനനുസരിച്ച് ഈ കണക്കുകൾ വീണ്ടും പരിശോധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പ് ഉൾപ്പെടെയുള്ള ശൈത്യകാല വിളകളുടെ ഉൽപാദനം നിലനിർത്താൻ ജലസംഭരണവും വിതരണവും കാര്യക്ഷമമാക്കേണ്ട സാഹചര്യമാണുള്ളത്.