ഗോവ, 2026 നവംബർ 20 –
ഇരുപത് വർഷമായി ഇന്ത്യൻ സിനിമയെ ലോകവുമായി ബന്ധിപ്പിക്കുന്ന വേദി
ഇരുപതാം വേവ്സ് ഫിലിം ബസാർ വെള്ളിയാഴ്ച ഗോവയിലെ താജ് സിദാദെ ദെ ഗോവ ഹൊറൈസണിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ രാജ്യാന്തര സിനിമാ മേഖലയുമായി ബന്ധിപ്പിക്കുകയും വിവിധ രാജ്യങ്ങളിലുള്ളവർക്ക് ഒരുമിച്ച് സിനിമാ പദ്ധതികൾ ഏറ്റെടുക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന വേദിക്ക് ഇതോടെ രണ്ട് പതിറ്റാണ്ട് തികഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനാണ് ഫിലിം ബസാർ സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസത്തേക്ക് നിശ്ചയിച്ച പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകർ, നിർമാതാക്കൾ, എഴുത്തുകാർ, നിക്ഷേപകർ, വിതരണക്കാർ, സിനിമാ മേഖലയിലെ മറ്റു വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു. പുതിയ പങ്കാളികളെ കണ്ടെത്താനും സിനിമാ പദ്ധതികൾ രാജ്യാന്തര വിപണിയിലെത്തിക്കാനുമാണ് ഈ കൂട്ടായ്മ.
204ൽ തുടങ്ങി, പ്രതിനിധികളുടെ എണ്ണം 2,500 കടന്നു
2007ൽ 18 രാജ്യങ്ങളിൽനിന്നുള്ള 204 പ്രതിനിധികളുമായി തുടങ്ങിയ ഫിലിം ബസാറിൽ അടുത്തകാലത്തെ പതിപ്പുകളിൽ 2,500ലധികം പ്രതിനിധികൾ പങ്കെടുത്തതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ചഞ്ചൽ കുമാർ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമാ ആശയങ്ങളെ വാണിജ്യ അവസരങ്ങളാക്കി മാറ്റുന്ന വേദിയാണ് ഫിലിം ബസാറെന്നും ഇന്ത്യൻ സർഗപ്രതിഭകൾക്ക് രാജ്യാന്തര വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 2025ലെ വേവ്സ് വേദിയിൽ മുന്നോട്ടുവച്ച കാഴ്ചപ്പാടും ചഞ്ചൽ കുമാർ ഓർമിപ്പിച്ചു. പുതിയ പദ്ധതികൾ കണ്ടെത്താനും സഹകരണം വളർത്താനും ഫിലിം ബസാർ അവസരമൊരുക്കുന്നു. കഥകളിൽനിന്ന് പുതിയ പങ്കാളിത്തങ്ങൾ ഉണ്ടാകാനും സർഗാത്മക പ്രവർത്തനങ്ങളിലൂടെ ദീർഘകാല സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങൾ കൈവരിക്കാനും ഈ വേദി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യയിലെയും വിദേശത്തെയും ചലച്ചിത്ര പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
പൂർത്തിയാകാത്ത തിരക്കഥയ്ക്കും അവസരം
ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെയും രാജ്യാന്തര സിനിമാ മേഖലയിലുള്ളവരെയും ഒരേ വേദിയിലെത്തിക്കുന്നതിൽ ഫിലിം ബസാറിന് പ്രത്യേക പങ്കുണ്ടെന്ന് വിശിഷ്ടാതിഥിയായ ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ പറഞ്ഞു. സിനിമയുടെ ആശയം രൂപപ്പെടുന്നതു മുതൽ പൂർത്തിയായ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നതുവരെ ഓരോ ഘട്ടത്തിലും ഈ വേദി പ്രയോജനപ്പെടും. പൂർത്തിയാകാത്ത തിരക്കഥയായാലും പ്രേക്ഷകരെ തേടുന്ന പൂർത്തിയായ സിനിമയായാലും പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നവരെ ഇവിടെ കണ്ടുമുട്ടാമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കാപ്പിക്കിടയിലെ സംഭാഷണവും പുതിയ കൂട്ടായ്മയ്ക്ക് വഴിയൊരുക്കാം
ഒരുമിച്ച് കാപ്പി കുടിക്കാനുള്ള ക്ഷണത്തിൽ തുടങ്ങുന്ന ചെറിയൊരു സംഭാഷണം പോലും സിനിമാ മേഖലയിലെ പുതിയ ബന്ധങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കാമെന്ന് ഗോവാരിക്കർ പറഞ്ഞു. കാര്യങ്ങളെ മറ്റൊരു രീതിയിൽ കാണാൻ ആളുകളെ സഹായിക്കുന്നത് സിനിമയുടെ സവിശേഷ കഴിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിം ബസാറിനെ പ്രസംഗത്തിൽ നാലുദിവസത്തെ പരിപാടിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പരിചയമില്ലാത്തവരുമായി സംസാരിക്കാനും ആശയങ്ങളും പൂർത്തിയാകാത്ത പദ്ധതികളും പങ്കുവയ്ക്കാനും പ്രതിനിധികളോട് ആവശ്യപ്പെട്ടു. ആരെങ്കിലും സമ്മതം മൂളുമെന്ന പ്രതീക്ഷയോടെ സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനും അവസരങ്ങൾ തേടാനും അദ്ദേഹം ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു.
രാജ്യാന്തര ചലച്ചിത്രമേളയുമായി രണ്ട് പതിറ്റാണ്ടിന്റെ ബന്ധം
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ അവിഭാജ്യ ഘടകമാണ് ഫിലിം ബസാറെന്ന് പ്രതിനിധികളെ സ്വാഗതം ചെയ്ത ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ധീരജ് സിങ് പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചലച്ചിത്രമേളയുമായി അടുത്ത ബന്ധം പുലർത്തുന്ന ഫിലിം ബസാർ ഇന്ന് കൂടുതൽ വിപുലമായ സിനിമാ വിപണിയായി വളർന്നു. ഇതോടെ സിനിമാ മേഖലയ്ക്ക് ലഭിക്കുന്ന അവസരങ്ങളും ഗണ്യമായി വർധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.