ന്യൂഡൽഹി / 2026 / ഒക്ടോബർ 04
ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന പ്രത്യേക ഗ്രാമസഭകളുടെ ഭാഗമായി 1,850ലേറെ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമങ്ങളിലും ജൽ അർപ്പൺ ആചരിച്ചു. ജൽ ജീവൻ മിഷൻ രണ്ടാം ഘട്ടത്തിലെ പ്രധാന പരിഷ്കാരമാണിത്. പൂർത്തിയായ ഗ്രാമീണ കുടിവെള്ള പദ്ധതികൾ ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമ ജല–ശുചിത്വ സമിതികൾക്കും ഔദ്യോഗികമായി കൈമാറി. നാട്ടുകാരുടെ നേതൃത്വത്തിൽ പദ്ധതികൾ നടത്താനും കുടിവെള്ള വിതരണം ദീർഘകാലം ഉറപ്പാക്കാനുമാണ് ഈ നടപടി.
ആദ്യമായി പ്രാദേശിക ഭാഷകളിൽ സർട്ടിഫിക്കറ്റുകൾ
അർഹരായ ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമങ്ങൾക്കും ജൽ അർപ്പൺ ഡിജിറ്റൽ സംവിധാനത്തിലൂടെ ആദ്യമായി പ്രാദേശിക ഭാഷകളിൽ ‘ഹർ ഘർ ജൽ’ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകി. ആകെ 346 സർട്ടിഫിക്കറ്റുകളാണ് ഇങ്ങനെ നൽകിയത്. സർട്ടിഫിക്കറ്റ് നടപടികൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും കുടിവെള്ള സേവനങ്ങളിലുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം അസമീസ്, ബംഗാളി, ബോഡോ, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പുരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉർദു എന്നീ 17 പ്രാദേശിക ഭാഷകളിലും സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാം. പദ്ധതിവിവരങ്ങളും സർട്ടിഫിക്കറ്റുകളും സ്വന്തം ഭാഷയിൽ ലഭിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു.
നടത്തിപ്പും പരിപാലനവും ഗ്രാമങ്ങളുടെ ചുമതല
ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ ജല–ശുചിത്വ സമിതികൾ, താഴെത്തട്ടിലെ പ്രവർത്തകർ, വനിതാ സന്നദ്ധപ്രവർത്തകർ, നാട്ടുകാർ എന്നിവർ ജൽ അർപ്പൺ പരിപാടികളിൽ സജീവമായി പങ്കെടുത്തു. നിർദേശിച്ച പരീക്ഷണ പ്രവർത്തനകാലം വിജയകരമായി പൂർത്തിയാക്കി പ്രവർത്തനസജ്ജമായ കുടിവെള്ള പദ്ധതികളാണ് കൈമാറിയത്. പദ്ധതികളുടെ നടത്തിപ്പ്, പരിപാലനം, ദീർഘകാല പ്രവർത്തനം എന്നിവയുടെ ചുമതല പഞ്ചായത്തുകൾക്കും സമിതികൾക്കുമാണ്. വിവിധ ഗ്രാമങ്ങളിൽ ജൽ സങ്കൽപ്, ജൽ ബന്ധൻ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പദ്ധതികൾക്കായി സംഭാവന നൽകിയവരെ ആദരിക്കുകയും ചെയ്തു.
വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നാട്ടുകാരും
ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ പ്രദർശനങ്ങളും ഗ്രാമങ്ങളിൽ നടന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജലഗുണനിലവാര നിരീക്ഷണവും പരിശോധനയും നടത്തി. മഴക്കാലത്തിനുശേഷം ജലസ്രോതസ്സുകളിലെ വെള്ളം പരിശോധിക്കുന്ന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായിരുന്നു. കുടിവെള്ള സേവനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ജലഗുണനിലവാര പരിശോധന കൂടുതൽ ശക്തിപ്പെടുത്തുന്നു.
ജലസ്രോതസ്സുകൾക്കും സംവിധാനങ്ങൾക്കും ഡിജിറ്റൽ രേഖ
ജൽ ജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ‘സുജലം ഭാരത്’ സംവിധാനത്തിലൂടെ ഡിജിറ്റൽ ഭരണവും ആസ്തികളുടെ പരിപാലനവും ശക്തിപ്പെടുത്തുന്നു. ജലവിതരണ സംവിധാനങ്ങളുടെയും പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണത്തിന്റെ സ്രോതസ്സുകളുടെയും ഭൂമിശാസ്ത്രപരമായ സ്ഥാനം ഡിജിറ്റലായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യത്താകെ ഏകദേശം 700 ജലസ്രോതസ്സുകൾ ഉൾപ്പെടെ 2,691 ജലവിതരണ ആസ്തികൾ ഇങ്ങനെ ജിയോ ടാഗ് ചെയ്തു. കുടിവെള്ള ആസ്തികളുടെ സമഗ്രമായ ഡിജിറ്റൽ പട്ടിക തയ്യാറാക്കുന്നതിനൊപ്പം മെച്ചപ്പെട്ട ആസൂത്രണത്തിനും നിരീക്ഷണത്തിനും പദ്ധതികളുടെ ദീർഘകാല പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു.
15.96 കോടിയിലേറെ വീടുകളിൽ ടാപ്പ് കണക്ഷൻ
ഒക്ടോബർ മൂന്നിന് പുറത്തുവിട്ട വിവരമനുസരിച്ച്, ജൽ ജീവൻ മിഷനിലൂടെ രാജ്യത്തെ 15.96 കോടിയിലേറെ ഗ്രാമീണ വീടുകളിൽ കുടിവെള്ള ടാപ്പ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. ഗ്രാമീണ വീടുകളുടെ 82 ശതമാനത്തിലധികമാണിത്. പദ്ധതികളുടെ കൈമാറ്റത്തിൽ സുതാര്യതയും ഉത്തരവാദിത്വവും തത്സമയ നിരീക്ഷണവും ഉറപ്പാക്കാൻ കുടിവെള്ള–ശുചിത്വ വകുപ്പ് പ്രത്യേക ജൽ അർപ്പൺ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. കൈമാറ്റത്തിന്റെ ക്രമബദ്ധമായ ഡിജിറ്റൽ രേഖ സൂക്ഷിക്കാനും പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള നടത്തിപ്പിനെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു. ഓരോ ഗ്രാമീണ വീട്ടിലും സുരക്ഷിതവും മതിയായതും വിശ്വസനീയവുമായ കുടിവെള്ളം തുടർന്നും ലഭ്യമാക്കാൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, പഞ്ചായത്തുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത കേന്ദ്രസർക്കാർ വ്യക്തമാക്കി. ജനപങ്കാളിത്തം, പ്രാദേശിക സ്വയംഭരണം, കൂട്ടായ ഉത്തരവാദിത്വം എന്നിവയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ് ജൽ അർപ്പൺ. കുടിവെള്ള സേവനങ്ങൾ നിലനിർത്താനും ദീർഘകാല ജലസുരക്ഷ ഉറപ്പാക്കാനും പഞ്ചായത്തുകൾക്കും ഗ്രാമീണ സമൂഹങ്ങൾക്കുമാണ് കേന്ദ്രപങ്ക്.

