ന്യൂഡൽഹി / 2026 / സെപ്റ്റംബർ 11
രാജ്യവ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന സ്വച്ഛത ഹി സേവ 2026 പ്രചാരണത്തിന്റെ ഒരുക്കങ്ങൾ കേന്ദ്ര ഭവന-നഗരകാര്യ, വൈദ്യുതി മന്ത്രി മനോഹർ ലാൽ വിലയിരുത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരവികസന മന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, നഗരവികസന-സംസ്ഥാന മിഷൻ ഡയറക്ടർമാർ എന്നിവരുമായി ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഒരുക്കങ്ങൾ പരിശോധിച്ചത്. ‘സ്വച്ഛത മേൻ സഹഭാഗ്, സ്വച്ഛ് ഭാരത്, വികസിത് ഭാരത്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ജനങ്ങളുടെ കൂട്ടായ പങ്കാളിത്തവും ഉത്തരവാദിത്വവും ഉറപ്പാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ വ്യക്തമായ മാറ്റം കൊണ്ടുവരണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രി ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങൾ മുതൽ മാലിന്യത്തിൽ നിന്ന് സമ്പത്ത് വരെ
ശുചിത്വം ഉറപ്പാക്കേണ്ട ലക്ഷ്യകേന്ദ്രങ്ങളും കൂടുതൽ ആളുകൾ എത്തുന്ന പൊതുസ്ഥലങ്ങളും മാറ്റിയെടുക്കുന്നതാണ് പ്രചാരണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സ്വച്ഛ് പാഠശാല-യുവ ഫോർ സ്വച്ഛത, സഫായിമിത്ര സുരക്ഷ ഏവം സമ്മാൻ ശിവിർ, ശുചിത്വത്തിനായുള്ള ജനപങ്കാളിത്തം, സ്വച്ഛത സെ സമൃദ്ധി തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകും. ചാക്രിക സമ്പദ്വ്യവസ്ഥയും മാലിന്യത്തിൽ നിന്ന് മൂല്യമുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കും.
രാജ്യമാകെ ഏകോപിതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു. പ്രചാരണത്തിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കണം. തദ്ദേശതലത്തിൽ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുകയും ശുചിത്വത്തിലെ മാറ്റം ജനങ്ങൾക്ക് നേരിട്ട് കാണാനാകുന്ന തരത്തിലാക്കുകയും വേണം. എല്ലാ സർക്കാർ ഓഫീസുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വകുപ്പുകൾ നേതൃത്വം നൽകണമെന്നും നിർദേശിച്ചു.
സെപ്റ്റംബർ 17ന് വീടുകളിൽ നിന്ന് തുടക്കം
സെപ്റ്റംബർ 17ന് സ്വന്തം വീടുകളിൽ നിന്നുതന്നെ സ്വച്ഛത ഹി സേവ പ്രചാരണം തുടങ്ങണമെന്ന് മനോഹർ ലാൽ ജനങ്ങളോട് അഭ്യർഥിച്ചു. വീടുകൾ സ്വയം വൃത്തിയാക്കിയ ശേഷം വൈകുന്നേരം വീടുകളിൽ ഒരു ദീപം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൃത്തിയുള്ള വീട്, ആരോഗ്യകരമായ കുടുംബം, നല്ല ഊർജം എന്നിവയുടെ പ്രതീകമായാണ് ദീപം തെളിയിക്കുന്നത്. കൈവരിച്ച ശുചിത്വം തുടർന്നും നിലനിർത്താനുള്ള പ്രതിജ്ഞ കൂടിയാകണം അത്.
ഒരു മാസം മാത്രം നീളുന്ന പ്രവർത്തനമായി ശുചിത്വത്തെ കാണരുതെന്നും ‘സേവാ സങ്കൽപ്’ എന്ന മനോഭാവത്തോടെ ജനങ്ങൾ തുടർച്ചയായി ഏറ്റെടുക്കുന്ന പ്രതിബദ്ധതയാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17നാണ് പ്രചാരണം തുടങ്ങുന്നത്. പ്രധാനമന്ത്രിയുടെ സേവന മനോഭാവവും ദൃഢനിശ്ചയവും ശുചിത്വ പ്രവർത്തനവുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞ സന്ദേശവും മനോഹർ ലാൽ ഓർമിപ്പിച്ചു. ഒരു പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നത് അവിടത്തെ ജനങ്ങളുടെ ഉറച്ച തീരുമാനമാകുമ്പോൾ മാറ്റം ശുചിത്വത്തിൽ മാത്രം ഒതുങ്ങില്ലെന്നും ആ പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു. അതിനാൽ ശുചിത്വം ഓരോ പൗരന്റെയും കൂട്ടായ തീരുമാനമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടുവരെ പ്രത്യേക പരിപാടികൾ
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബർ 25ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനും സാമൂഹിക ക്ഷേമത്തിനും പ്രത്യേക പ്രാധാന്യം നൽകണം.
ഒക്ടോബർ ഒന്നിന് രാജ്യവ്യാപകമായി ‘ഏക് ദിൻ, ഏക് ഘണ്ടാ, ഏക് സാഥ്’ ശ്രമദാനത്തിനായി വിപുലമായ ആസൂത്രണവും പ്രചാരണവും നടത്തണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. യുവാക്കളെയും കായികതാരങ്ങളെയും വലിയ തോതിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ, കായിക വകുപ്പുകളോട് നിർദേശിച്ചു.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മേയർമാർ, ഡെപ്യൂട്ടി മേയർമാർ, വാർഡ് കൗൺസിലർമാർ, കമ്മീഷണർമാർ, സംസ്ഥാനങ്ങളിലെ പ്രമുഖ വ്യക്തികൾ എന്നിവർ സ്വന്തം പ്രദേശങ്ങളിലും മണ്ഡലങ്ങളിലും ശ്രമദാനത്തിന് നേതൃത്വം നൽകണമെന്ന് മനോഹർ ലാൽ അഭ്യർഥിച്ചു. വലിയ തോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നഗരസഭകളും റെസിഡൻഷ്യൽ സൊസൈറ്റികളെയും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളെയും പങ്കെടുപ്പിക്കണം. വാർഡുകൾ തമ്മിലും റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ തമ്മിലും ശുചിത്വ മത്സരങ്ങൾ സംഘടിപ്പിക്കണം. പ്രധാന ശുചിത്വ സന്ദേശങ്ങൾ റെസിഡന്റ് വെൽഫെയർ അസോസിയേഷൻ മേഖലകളിൽ വ്യാപകമായി പ്രചരിപ്പിക്കണമെന്നും നിർദേശിച്ചു.
ഒക്ടോബർ രണ്ട് സ്വച്ഛ് ഭാരത് ദിവസത്തിൽ നഗര തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക കൗൺസിൽ യോഗങ്ങളും പൊതുസ്ഥലങ്ങളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങളും നടത്തും. മഹാത്മാ ഗാന്ധിയുടെ സന്ദേശം ജനങ്ങളിലെത്തിക്കും. ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ‘ഏക് പേട് മാ കെ നാം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ പരിപാടികളും സംഘടിപ്പിക്കും.
ശുചീകരണ തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഊന്നൽ
ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ, അംഗീകാരം എന്നിവ ഉറപ്പാക്കുന്നതിനും പ്രചാരണത്തിൽ പ്രത്യേക പ്രാധാന്യം നൽകും. സഫായിമിത്ര സുരക്ഷ ഏവം സമ്മാൻ ശിവിറുകൾ വഴി അർഹമായ ക്ഷേമ പദ്ധതികളുമായി തൊഴിലാളികളെ ബന്ധിപ്പിക്കും. പ്രതിരോധ ആരോഗ്യ പരിശോധനകളും സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കും. കൂടുതൽ ഫലം ലഭിക്കാൻ ഇത്തരം ക്യാമ്പുകൾ വർഷം മുഴുവൻ ആവർത്തിച്ച് നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവന ജീവിതത്തിന് 25 വർഷം പൂർത്തിയാകുന്ന ഒക്ടോബർ ഏഴിന് പ്രത്യേക ശുചിത്വ പരിപാടികൾ നടത്തണമെന്നും സംസ്ഥാനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു.
ഒക്ടോബർ 17ന് ശേഷം പ്രവർത്തനം അവസാനിപ്പിക്കരുത്
ജനപങ്കാളിത്തം വർധിപ്പിക്കുന്ന പുതുമയുള്ള പ്രചാരണ പരിപാടികൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംഘടിപ്പിക്കണം. കായിക പരിപാടികൾ ഉപയോഗപ്പെടുത്താം. ആത്മീയവും മനസ്സിനെ സ്പർശിക്കുന്നതുമായ ഗാനങ്ങളും ശുചിത്വ ഗാനങ്ങളും പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കാം. സ്വച്ഛത ഹി സേവ 2026നോട് അനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു.
പ്രചാരണം വെറും പരിപാടികളിൽ ഒതുങ്ങാതെ സ്ഥലത്തുതന്നെ അളക്കാവുന്ന ഫലങ്ങൾ സൃഷ്ടിക്കണം. രാജ്യത്തെ ഓരോ പൗരന്റെയും പെരുമാറ്റത്തിൽ ശക്തമായ മാറ്റം ഉണ്ടാകുന്ന തരത്തിൽ മുൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക പ്രചാരണം ഒക്ടോബർ 17ന് അവസാനിക്കുമെങ്കിലും ശുചിത്വ പ്രവർത്തനങ്ങളുടെ വേഗം വർഷം മുഴുവൻ തുടരണമെന്ന് മനോഹർ ലാൽ ആവശ്യപ്പെട്ടു.
.