ലഖ്നൗ (ഉത്തർപ്രദേശ്) / 2026 / സെപ്റ്റംബർ 04
അമ്മമാരുടെയും നവജാതശിശുക്കളുടെയും തടയാനാകുന്ന മരണങ്ങൾ 2030ഓടെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഖ്നൗവിൽ ‘സുമൻ റോഡ്മാപ്പ് 2030–പരിചരണ തുടർച്ച വേഗത്തിലാക്കൽ’ എന്ന പേരിൽ രണ്ടുദിവസത്തെ ദേശീയ ശിൽപശാല നടത്തി. സെപ്റ്റംബർ രണ്ടിനും മൂന്നിനുമായിരുന്നു പരിപാടി. ദേശീയ ആരോഗ്യ ദൗത്യം അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ ആരാധന പട്നായിക്കിന്റെ അധ്യക്ഷതയിലായിരുന്നു ശിൽപശാല. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ, കുടുംബക്ഷേമം, മാതൃ-ശിശുക്ഷേമം മന്ത്രിയുമായ ബ്രജേഷ് പാഠക് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
പുതുവിവാഹിതരുടെ രജിസ്ട്രേഷൻ അനാവശ്യ ഗർഭധാരണം കുറയ്ക്കാൻ സഹായിക്കും
പുതുതായി വിവാഹിതരായ ദമ്പതികളെ രജിസ്റ്റർ ചെയ്യുന്നത് ആസൂത്രണം ചെയ്യാത്ത ഗർഭധാരണം ഒഴിവാക്കാനും ആരോഗ്യകരവും ആസൂത്രിതവുമായ ഗർഭധാരണത്തിന് നേരത്തേ തയ്യാറെടുക്കാനും സഹായിക്കുമെന്ന് ബ്രജേഷ് പാഠക് പറഞ്ഞു. എല്ലാ സ്ത്രീകൾക്കും നവജാതശിശുക്കൾക്കും സുരക്ഷിതവും മാന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണം ഉറപ്പാക്കിക്കൊണ്ട് സുമൻ റോഡ്മാപ്പ് 2030 ഉത്തർപ്രദേശിലുടനീളം കാര്യക്ഷമമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ മാതൃമരണനിരക്ക് കുറയ്ക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ആരാധന പട്നായിക് പറഞ്ഞു. ഉയർന്ന മാതൃമരണനിരക്കുള്ള സംസ്ഥാനങ്ങളിലും ദുർബല വിഭാഗങ്ങൾ താമസിക്കുന്നതും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിലും കൂടുതൽ പുരോഗതിക്കായി ലക്ഷ്യബദ്ധമായ പ്രവർത്തനങ്ങൾ തുടരുകയാണ്. സ്ത്രീകളുടെയും കുടുംബങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കേന്ദ്രത്തിൽ മാതൃാരോഗ്യമാണെന്നും അവർ പറഞ്ഞു. ഗർഭധാരണം കുടുംബങ്ങൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്ന സ്വാഭാവിക പ്രക്രിയയായതിനാൽ ഓരോ സ്ത്രീക്കും സുരക്ഷയും മാന്യതയും ഗുണമേന്മയുള്ള ചികിത്സയും ലഭിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
ഗർഭധാരണത്തിന് മുമ്പ് മുതൽ പ്രസവാനന്തര ഘട്ടം വരെ തുടർച്ചയായ പരിചരണം
സുമൻ റോഡ്മാപ്പ് 2030 ജീവിതഘട്ടങ്ങളെയും തുടർച്ചയായ പരിചരണത്തെയും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഗർഭധാരണത്തിന് മുമ്പുള്ള പരിചരണം, ഗർഭകാല പരിചരണം, പ്രസവസമയ പരിചരണം, പ്രസവാനന്തര പരിചരണം എന്നിവയെ ഒരൊറ്റ സംവിധാനത്തിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ആരോഗ്യസംവിധാനത്തിലെ പ്രധാന പോരായ്മകൾ പരിഹരിക്കാനും നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സമയബന്ധിതവും തുല്യവും ഗുണമേന്മയുള്ളതുമായ മാതൃ-നവജാതശിശു പരിചരണം ഉറപ്പാക്കാനുമാണ് റോഡ്മാപ്പിലെ നടപടികൾ. ദുർബല ജനവിഭാഗങ്ങൾക്കും സേവനം കുറവുള്ള പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന നൽകും.
ഉദ്ഘാടന സമ്മേളനത്തിൽ ‘ബർത്ത് വെയിറ്റിങ് ഹോം’ മാർഗനിർദേശങ്ങളും സുമൻ റോഡ്മാപ്പ് 2030 സംബന്ധിച്ച വിവര-വിദ്യാഭ്യാസ-ആശയവിനിമയ സാമഗ്രികളും വീഡിയോയും പുറത്തിറക്കി. സംസ്ഥാന-തലത്തിലും തദ്ദേശതലത്തിലും റോഡ്മാപ്പ് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള വിഭവങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200ലധികം പേർ ശിൽപശാലയിൽ പങ്കെടുത്തു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മിഷൻ ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രൊഫഷണൽ സംഘടനകൾ, വികസന പങ്കാളികൾ എന്നിവരും പങ്കാളികളായി. വിവിധ സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സംസ്ഥാനതല മുൻഗണനകൾ ചർച്ച ചെയ്യാനും ഇത് അവസരമൊരുക്കി.
13 സംസ്ഥാനങ്ങളും 130 ജില്ലകളും പ്രത്യേക ശ്രദ്ധയിൽ
സുമൻ റോഡ്മാപ്പ് 2030 രണ്ട് ഭാഗങ്ങളായാണ് തയ്യാറാക്കിയിരിക്കുന്നത്. മാതൃ-നവജാതശിശു മരണങ്ങളിൽ അനുപാതത്തിൽ കൂടുതലുള്ള 13 പ്രത്യേക ശ്രദ്ധാ സംസ്ഥാനങ്ങളിലെയും 130 ജില്ലകളിലെയും ആവശ്യങ്ങൾക്കായി ഒന്നാം ഭാഗത്തിൽ ലക്ഷ്യബദ്ധമായ തന്ത്രങ്ങളുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി കൈവരിക്കാനും നിലനിർത്താനുമായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ട തന്ത്രങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗർഭധാരണത്തിന് മുമ്പുള്ള പരിചരണം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം, പ്രസവാനന്തര അമിതരക്തസ്രാവ നിയന്ത്രണം, സമൂഹതല ഇടപെടലുകൾ, സിസേറിയൻ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, മാതൃാരോഗ്യരംഗത്തെ സ്വകാര്യ മേഖലയുടെ പങ്ക്, ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങൾ, സുമൻ കോൾ സെന്റർ, പരാതിപരിഹാര സംവിധാനം, ബർത്ത് വെയിറ്റിങ് ഹോമുകളുടെ പ്രവർത്തനം, കാലാവസ്ഥാ വ്യതിയാനം മാതൃാരോഗ്യത്തിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ സാങ്കേതിക സെഷനുകളിൽ ചർച്ചയായി.
13 പ്രത്യേക ശ്രദ്ധാ സംസ്ഥാനങ്ങൾ തങ്ങളുടെ മുൻഗണനകളും നടപ്പാക്കലിലെ പ്രധാന പോരായ്മകളും നിർദേശിച്ച നടപടികളും അവതരിപ്പിച്ചു. സംസ്ഥാനങ്ങൾക്ക് പരസ്പരം അനുഭവങ്ങളിൽ നിന്ന് പഠിക്കാനും തദ്ദേശസാഹചര്യത്തിന് യോജിച്ച പ്രായോഗിക തന്ത്രങ്ങൾ കണ്ടെത്താനും സെഷൻ സഹായിച്ചു.
സംസ്ഥാനങ്ങളിലെ പുതിയ മാതൃാരോഗ്യ മാതൃകകൾ അവതരിപ്പിച്ചു
സംസ്ഥാനതല നവീന പദ്ധതികളും പ്രവർത്തനാനുഭവങ്ങളും ‘ഗാലറി വാക്ക്’ വഴി അവതരിപ്പിച്ചു. പ്രസവാനന്തര അമിതരക്തസ്രാവം നിയന്ത്രിക്കാൻ എൻഎഎസ്ജി, യുബിടി, ഡ്രേപ്പുകൾ എന്നിവ ഉപയോഗിക്കുന്ന ഒഡീഷയുടെ മാതൃകയും മധ്യപ്രദേശിന്റെ സുമൻ പഞ്ചായത്ത്, സുമൻ സഖി ചാറ്റ്ബോട്ട് പദ്ധതികളും അവതരിപ്പിച്ചു. ഛത്തീസ്ഗഢിന്റെ മദേഴ്സ് പിക്നിക്, ഗോസയ്യ സമ്മേളനം, ഉത്തരാഖണ്ഡിന്റെ സ്റ്റേറ്റ് മെറ്റേണൽ ഹെൽത്ത് വാർ റൂം, മഹാരാഷ്ട്രയുടെ വാത്സല്യ സംരംഭം, കർണാടകയുടെ മിഷൻ സീറോ പ്രിവന്റബിൾ മെറ്റേണൽ ഡെത്ത്സ്, ഉത്തർപ്രദേശിന്റെ ഡിജിറ്റൽ നവീകരണ സംരംഭങ്ങൾ എന്നിവയും പങ്കുവച്ചു.
ലോകാരോഗ്യ സംഘടന, യുഎൻഎഫ്പിഎ, യുനിസെഫ്, ഗേറ്റ്സ് ഫൗണ്ടേഷൻ, ജെപൈഗോ, ഫോഗ്സി, സി3, സിഐഎഫ്എഫ് എന്നിവയുടെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുത്തു. സുമൻ റോഡ്മാപ്പ് 2030 നടപ്പാക്കുന്നതിന് പിന്തുണ തുടരാമെന്ന് അവർ അറിയിച്ചു. റോഡ്മാപ്പിലെ മുൻഗണനകളെ തദ്ദേശതലത്തിലെ ഫലപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റാൻ ഏകോപിത നടപടി, തുടർച്ചയായ സാങ്കേതിക സഹായം, വികസന-സാങ്കേതിക പങ്കാളികളുമായുള്ള സഹകരണം എന്നിവ ആവശ്യമാണ് എന്ന കാര്യവും ചർച്ചകളിൽ ഉയർന്നു.
പ്രായോഗിക പ്രശ്നങ്ങൾക്ക് തദ്ദേശതല പരിഹാരങ്ങൾ കണ്ടെത്താൻ ഗ്രൂപ്പ് ചർച്ചകൾ
ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളും വെല്ലുവിളികളും, ഗർഭധാരണത്തിന് മുമ്പുള്ള പരിചരണം ഫലപ്രദമാക്കാനുള്ള തന്ത്രങ്ങൾ, പ്രസവാനന്തര അമിതരക്തസ്രാവ നിയന്ത്രണവും കാര്യക്ഷമമായ റഫറൽ ഗതാഗതത്തിലൂടെ ചികിത്സാ കാലതാമസം കുറയ്ക്കുന്നതും, സിസേറിയൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തദ്ദേശാനുഭവങ്ങളും എന്നിങ്ങനെ നാല് മേഖലകളിൽ ഗ്രൂപ്പ് പരിശീലനങ്ങൾ നടന്നു. പങ്കെടുത്തവർ പ്രായോഗിക അനുഭവങ്ങൾ പങ്കുവയ്ക്കുകയും നടപ്പാക്കലിലെ തടസ്സങ്ങൾ കണ്ടെത്തുകയും മാതൃാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള തദ്ദേശതല പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനങ്ങൾ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രൊഫഷണൽ സംഘടനകൾ, വികസന പങ്കാളികൾ എന്നിവർക്കായി പൊതുവേദി ഒരുക്കാൻ രണ്ടുദിവസത്തെ ചർച്ചകൾക്ക് കഴിഞ്ഞു. മുൻഗണനകൾ ഏകോപിപ്പിക്കാനും നവീന പദ്ധതികൾ പങ്കുവയ്ക്കാനും സുമൻ റോഡ്മാപ്പ് 2030 വേഗത്തിൽ നടപ്പാക്കുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ കണ്ടെത്താനുമായിരുന്നു ശ്രമം.
2030ഓടെ തടയാനാകുന്ന മാതൃ-നവജാതശിശു മരണങ്ങൾ പൂജ്യത്തിലെത്തിക്കാൻ ശക്തമായ ഇടപെടലുകൾക്ക് ദിശനൽകുന്ന തന്ത്രപരമായ ചട്ടക്കൂടാണ് സുമൻ റോഡ്മാപ്പ് 2030. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി നിലനിർത്തുകയും ചെയ്യും. മൂന്നാം ത്രൈമാസത്തിലെ സമൂഹതല ഇടപെടലുകൾ, ഡിജിറ്റൽ ആരോഗ്യം, ബർത്ത് വെയിറ്റിങ് ഹോമുകൾ, കാലാവസ്ഥാ സ്വാധീനം, സംസ്ഥാന മുൻഗണനകൾ, പങ്കാളികളുടെ സഹകരണം എന്നിവയും രണ്ടുദിവസത്തെ ചർച്ചകളിൽ ഉൾപ്പെട്ടു. തടയാനാകുന്ന കാരണത്താൽ ഒരു സ്ത്രീയോ നവജാതശിശുവോ ജീവൻ നഷ്ടപ്പെടുത്തരുതെന്ന ദേശീയ പ്രതിബദ്ധതയും ശിൽപശാല വീണ്ടും ഉറപ്പിച്ചു. സംസ്ഥാന സർക്കാരുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, വികസന പങ്കാളികൾ എന്നിവരുമായി ചേർന്ന് റോഡ്മാപ്പിനെ അളക്കാവുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ ആരോഗ്യഫലങ്ങളാക്കി മാറ്റുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
.