പ്രധാന വിവരങ്ങൾ
- ഇന്ത്യ–ബെൽജിയം വ്യാപാരം അഞ്ച് വർഷത്തിനകം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടു.
- ഇന്ത്യയുടെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിന് ബെൽജിയം പിന്തുണ ആവർത്തിച്ചു.
- പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം, സൈബർ കുറ്റകൃത്യ നിയന്ത്രണം എന്നിവയിൽ സഹകരണം ശക്തമാക്കും.
- ഹരിത ഊർജം, സെമികണ്ടക്ടർ, നിക്ഷേപം, വിദ്യാഭ്യാസം എന്നിവയിൽ പുതിയ സഹകരണത്തിന് ധാരണയായി.
- ഇന്ത്യ–ബെൽജിയം നേരിട്ടുള്ള വിമാന സർവീസിന്റെ സാധ്യത പരിശോധിക്കാൻ വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിച്ചു
ന്യൂഡൽഹി / 2026 / സെപ്റ്റംബർ 03
ഇന്ത്യയും ബെൽജിയവും തമ്മിലുള്ള വ്യാപാരം അടുത്ത അഞ്ച് വർഷത്തിനകം ഇരട്ടിയാക്കുന്നത് ഉൾപ്പെടെ സാമ്പത്തിക, പ്രതിരോധ, സാങ്കേതിക, ഊർജ, വിദ്യാഭ്യാസ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 2 മുതൽ 4 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബെൽജിയം പ്രതിരോധ-വിദേശ വ്യാപാര മന്ത്രി തിയോ ഫ്രാങ്കനും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അദ്ദേഹത്തോടൊപ്പമുണ്ട്. 2025 ഫെബ്രുവരിയിൽ അധികാരമേറ്റ ശേഷം ഡി വെവറിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
രാജ്ഘട്ടിൽ ആദരാഞ്ജലി; മോദിയുമായി വിശദമായ ചർച്ച
രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഡി വെവർ സന്ദർശനം തുടങ്ങിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യം പരിമിത പ്രതിനിധികളോടെയും പിന്നീട് ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളോടെയും ചർച്ച നടത്തി. ഇന്ത്യ–ബെൽജിയം ബന്ധത്തിന്റെ വിവിധ മേഖലകൾ ചർച്ചയായി. ഡി വെവറിനും സംഘത്തിനുമായി മോദി ഉച്ചവിരുന്നും ഒരുക്കി.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്ലാൻഡേഴ്സ് ഫീൽഡ്സിൽ ജീവത്യാഗം ചെയ്ത 9,000ത്തിലധികം ഇന്ത്യൻ സൈനികരെ നേതാക്കൾ അനുസ്മരിച്ചു. 1947ൽ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ബെൽജിയമെന്നും ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങൾ, പരസ്പരവിശ്വാസം, സാമ്പത്തിക പരസ്പരപൂരകത, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് പങ്കാളിത്തം വളർന്നതെന്നും വിലയിരുത്തി. 2027ലെ ഇന്ത്യ–ബെൽജിയം നയതന്ത്രബന്ധത്തിന്റെ 80-ാം വാർഷികം ബന്ധം കൂടുതൽ വിപുലീകരിക്കാനുള്ള അവസരമാകുമെന്നും നേതാക്കൾ പറഞ്ഞു.
ജൂലൈ 15ന് ബ്രസൽസിൽ ആരംഭിച്ച ആദ്യ ഇന്ത്യ–ബെൽജിയം തന്ത്രപ്രധാന സംഭാഷണത്തെയും നേതാക്കൾ സ്വാഗതം ചെയ്തു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും ബെൽജിയത്തിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ചേർന്നാണ് ഇതിന് നേതൃത്വം നൽകിയത്. വ്യാപാരം, നിക്ഷേപം, ഹരിത പരിവർത്തനം, സാങ്കേതികവിദ്യ, കണക്ടിവിറ്റി, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സ്ഥിരമായ സഹകരണ സംവിധാനമാണ് ഇതിലൂടെ രൂപപ്പെട്ടത്. വരാനിരിക്കുന്ന വിദേശകാര്യ ഓഫീസ് കൂടിയാലോചനകളും ഈ മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രധാന വേദിയാകുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭാ ചാർട്ടർ കേന്ദ്രമാക്കിയ പരിഷ്കരിച്ചതും ഫലപ്രദവുമായ ബഹുരാഷ്ട്ര സംവിധാനത്തിനുള്ള പിന്തുണയും ആവർത്തിച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ ഇന്നത്തെ ലോകത്തെ കൂടുതൽ പ്രതിനിധീകരിക്കുന്ന തരത്തിൽ അടിയന്തരമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. വികസിപ്പിച്ച സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനുള്ള പിന്തുണ ബെൽജിയം വീണ്ടും ഉറപ്പിച്ചു. സ്ഥിരമല്ലാത്ത അംഗത്വത്തിന് 2028–29 കാലയളവിൽ ഇന്ത്യയെയും 2037–38 കാലയളവിൽ ബെൽജിയത്തെയും പരസ്പരം പിന്തുണയ്ക്കാനും ധാരണയായി.
സ്വതന്ത്ര വ്യാപാര കരാർ വേഗത്തിൽ നടപ്പാക്കണം
ഇന്ത്യ–യൂറോപ്യൻ യൂണിയൻ തന്ത്രപ്രധാന പങ്കാളിത്തമാണ് ഇന്ത്യ–ബെൽജിയം ബന്ധത്തിന്റെ പ്രധാന അടിത്തറയെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. 2026 ജനുവരി 27ലെ ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ച വിജയകരമായി പൂർത്തിയാക്കിയതിനെ സ്വാഗതം ചെയ്തു. നിക്ഷേപ സംരക്ഷണ കരാറിന്റെയും ഭൂമിശാസ്ത്ര സൂചനകളുമായി ബന്ധപ്പെട്ട കരാറിന്റെയും ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
സ്വതന്ത്ര വ്യാപാര കരാർ തന്ത്രപ്രധാന പങ്കാളിത്തത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് നേതാക്കൾ വിലയിരുത്തി. നിർണായക മൂല്യശൃംഖലകൾ വൈവിധ്യവത്കരിക്കാനും പുതിയ വിപണികൾ തുറക്കാനും വ്യാപാര-നിക്ഷേപ സഹകരണത്തിന്റെ യഥാർഥ സാധ്യത പ്രയോജനപ്പെടുത്താനും കരാർ സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ജൂലൈയിൽ ബ്രസൽസിൽ നടന്ന മന്ത്രിതല യോഗം ഉൾപ്പെടെ ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര-സാങ്കേതിക കൗൺസിലിന്റെ പ്രവർത്തന പുരോഗതിയെയും സ്വാഗതം ചെയ്തു. വ്യാപാരം, സാങ്കേതികവിദ്യ, സാമ്പത്തിക സുരക്ഷ, പ്രതിരോധശേഷിയുള്ള വിതരണശൃംഖലകൾ എന്നിവയിൽ ഇന്ത്യയും ബെൽജിയവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
2030 വരെയുള്ള ഇന്ത്യ–യൂറോപ്യൻ യൂണിയൻ സമഗ്ര തന്ത്രപ്രധാന അജണ്ടയ്ക്കും പിന്തുണ അറിയിച്ചു. സമുദ്രസുരക്ഷ, പ്രതിരോധ വ്യവസായവും സാങ്കേതികവിദ്യയും, സൈബർ-ഹൈബ്രിഡ് ഭീഷണികൾ, ബഹിരാകാശം, ഭീകരവിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സഹകരണം ഇന്ത്യ–യൂറോപ്യൻ യൂണിയൻ സുരക്ഷാ-പ്രതിരോധ പങ്കാളിത്തം ശക്തമാക്കുമെന്നും നേതാക്കൾ വിലയിരുത്തി.
അഞ്ച് വർഷത്തിനകം വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യം
ലോകത്തിലെ 24-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ബെൽജിയവും വരും വർഷങ്ങളിൽ 10 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകാൻ ലക്ഷ്യമിടുന്ന ഇന്ത്യയും തമ്മിൽ വലിയ സഹകരണ സാധ്യതകളുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വ്യാപാരവും നിക്ഷേപവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
2025 മാർച്ചിൽ ബെൽജിയം രാജകുമാരി ആസ്ട്രിഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിയ ബെൽജിയൻ സാമ്പത്തിക ദൗത്യത്തിന്റെ വിജയവും നേതാക്കൾ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉൾപ്പെടെ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിൽ പുതിയ പങ്കാളിത്തങ്ങൾ ഇതിലൂടെ രൂപപ്പെട്ടു. ജീവശാസ്ത്രം, ഔഷധം, ആരോഗ്യപരിചരണം, ഊർജം, പുനരുപയോഗ ഊർജം, പ്രതിരോധം, വ്യോമയാനം, ബഹിരാകാശം, ചരക്കുനീക്കം, ഗതാഗതം, തുറമുഖം, ശുദ്ധസാങ്കേതികവിദ്യ, ഹരിത എൻജിനീയറിങ്, രസതന്ത്രം, നൂതന വസ്തുക്കൾ, നിർമാണം, ഡിജിറ്റൽ സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ സഹകരണം വ്യാപിപ്പിച്ചു.
ഔഷധം, ജൈവസാങ്കേതികവിദ്യ, ക്ലിനിക്കൽ ഗവേഷണം, നവീകരണം, നൂതന ആരോഗ്യപരിചരണ പരിഹാരങ്ങൾ എന്നിവയിൽ വ്യവസായം, അക്കാദമിക സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും തീരുമാനിച്ചു. ബെൽജിയത്തിന്റെ പ്രാദേശിക വ്യാപാര-നിക്ഷേപ ഏജൻസികളുമായുള്ള ഉന്നതതല ബന്ധവും തുടരും.
സെമികണ്ടക്ടർ, രാസവസ്തുക്കൾ, ഔഷധം, പ്രതിരോധ വ്യവസായം, നിർണായക ധാതുക്കളുടെ ശുദ്ധീകരണവും പുനഃചംക്രമണവും, സുസ്ഥിര വ്യവസായങ്ങൾ, ആണവോർജം എന്നിവയിലും സഹകരണം വിപുലീകരിക്കും. സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി പുതിയ സാധ്യതകളും പരിശോധിക്കും. ആന്റ്വെർപ്പിനെയും മുംബൈ, സൂറത്ത് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ വജ്രവ്യാപാരം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
തുറമുഖ വികസനം, ചരക്കുനീക്കം, കണക്ടിവിറ്റി, ഡ്രെഡ്ജിങ്, കടലിലെ കാറ്റാടി ഊർജ അടിസ്ഥാനസൗകര്യം എന്നിവയിലെ സഹകരണവും വിപുലീകരിക്കും. ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ‘സാഗർമന്തൻ: ദ ഗ്രേറ്റ് ഓഷ്യൻസ് ഡയലോഗിൽ’ ഫ്ലെമിഷ് മൊബിലിറ്റി-പോർട്സ് മന്ത്രി ആനിക് ഡി റിഡർ പങ്കെടുക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ആന്റ്വെർപ്-ഫ്ലാൻഡേഴ്സ് പോർട്ട് ട്രെയിനിങ് സെന്ററും ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയും തമ്മിലുള്ള പരിശീലന-ശേഷിവികസന സഹകരണവും ശക്തിപ്പെടുത്തും. ഇന്ത്യൻ തുറമുഖ വികസനത്തിൽ ബെൽജിയത്തിന്റെ ഡ്രെഡ്ജിങ് വൈദഗ്ധ്യത്തിന്റെ സംഭാവനയും കടലിലെ പുനരുപയോഗ ഊർജ പദ്ധതികളിലെ സാധ്യതയും ചൂണ്ടിക്കാട്ടി.
ജ്യോതിശാസ്ത്രം, ആസ്ട്രോഫിസിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ബെൽഗോ–ഇന്ത്യൻ നെറ്റ്വർക്ക് ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് വഴിയുള്ള ഗവേഷണ-ഉന്നതവിദ്യാഭ്യാസ സഹകരണവും നേതാക്കൾ സ്വാഗതം ചെയ്തു. ദേവസ്ഥൽ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്, ദേവസ്ഥൽ ഇന്റർനാഷണൽ ലിക്വിഡ് മിറർ ടെലിസ്കോപ്പ്, മൗണ്ട് അബു ടെലിസ്കോപ്പ്, ഉദയ്പൂരിലെ മൾട്ടി ആപ്ലിക്കേഷൻ സോളാർ ടെലിസ്കോപ്പ് തുടങ്ങിയ പദ്ധതികളിലെ ബെൽജിയത്തിന്റെ സംഭാവനയും ചൂണ്ടിക്കാട്ടി.
ഇന്ത്യ–ബെൽജിയം ഇൻവെസ്റ്റ്മെന്റ് ഫാസ്റ്റ് ട്രാക്ക് സംവിധാനവും ആരംഭിച്ചു. ഇന്ത്യയിലെ ബെൽജിയൻ നിക്ഷേപവും ബെൽജിയത്തിലെ ഇന്ത്യൻ നിക്ഷേപവും സുഗമമാക്കാനും വ്യവസായങ്ങളെ സഹായിക്കാനും നിക്ഷേപ തടസ്സങ്ങൾ പരിഹരിക്കാനും ദീർഘകാല സാമ്പത്തിക സഹകരണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് സംവിധാനം.
ബെൽജിയത്തിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഫെഡറൽ ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയും ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും തമ്മിലുള്ള സഹകരണം ഔപചാരികമാക്കി ഇന്ത്യ–ബെൽജിയം സാമ്പത്തിക-നിക്ഷേപ ഇടനാഴി സ്ഥാപിക്കാനും ശ്രമിക്കും. ബെൽജിയൻ ഇൻവെസ്റ്റ്മെന്റ് കമ്പനി ഫോർ ഡെവലപ്പിങ് കൺട്രീസും ഇന്ത്യൻ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും തമ്മിലുള്ള സാധ്യതകളും പരിശോധിക്കും. ഇന്ത്യ–ബെൽജിയം–ലക്സംബർഗ് സാമ്പത്തിക യൂണിയൻ സംയുക്ത സാമ്പത്തിക കമ്മീഷന്റെ 19-ാം സമ്മേളനം ഈ വർഷം നടക്കുമെന്നും അറിയിച്ചു.
ഭീകരവിരുദ്ധ സഹകരണവും പ്രതിരോധ ബന്ധവും ശക്തമാക്കും
അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ബെൽജിയം പ്രധാനമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാർക്കെതിരെ നടന്ന ഭീകരാക്രമണത്തെ അദ്ദേഹം വീണ്ടും അപലപിച്ചു. ഏതു രൂപത്തിലായാലും എവിടെ നടന്നാലും ഭീകരതയെ ന്യായീകരിക്കാനാവില്ലെന്നും കുറ്റവാളികളെ അന്താരാഷ്ട്ര നിയമപ്രകാരം ഉത്തരവാദികളാക്കണമെന്നും നേതാക്കൾ പറഞ്ഞു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ 1267 ഉപരോധ പട്ടികയിലുള്ളവർ ഉൾപ്പെടെയുള്ള ഭീകരർക്കും ഭീകരസംഘങ്ങൾക്കും അവരുടെ ശൃംഖലകൾക്കും സുരക്ഷിത താവളങ്ങൾക്കും സാമ്പത്തിക സ്രോതസ്സുകൾക്കുമെതിരെ ഐക്യരാഷ്ട്രസഭയും സാമ്പത്തിക നടപടി ദൗത്യസേനയും ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര ഉപരോധ സംവിധാനങ്ങളിലൂടെയുള്ള സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യ–ബെൽജിയം സംയുക്ത ഭീകരവിരുദ്ധ പ്രവർത്തകസംഘം രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കാനും തീരുമാനിച്ചു.
ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ഉദ്ദേശ്യപത്രം ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. സ്ഥിരമായ ആശയവിനിമയം, സൈനിക ഉദ്യോഗസ്ഥതല ചർച്ചകൾ, വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, പ്രതിരോധ വ്യവസായ പങ്കാളിത്തം എന്നിവയ്ക്കുള്ള ചട്ടക്കൂടാണ് ഇതിലൂടെ രൂപപ്പെടുന്നത്. 2025 മാർച്ചിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ തമ്മിലുണ്ടായ ധാരണയുടെ തുടർച്ചയാണിത്.
സമുദ്രസുരക്ഷ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, സൈനിക കൈമാറ്റം, ഇൻഡോ–പസഫിക് സഹകരണം എന്നിവയും ശക്തമാക്കും. ബെൽജിയൻ യുദ്ധക്കപ്പൽ ‘ലിയോപോൾഡ് ഒന്നാമൻ’ നവംബർ 5 മുതൽ 8 വരെ ഇന്ത്യ സന്ദർശിക്കും. ബെൽജിയൻ ഡിഫൻസ് കോളേജ് 2027ലെ ലോക പഠനയാത്ര ഇന്ത്യയിൽ നടത്താനും സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെന്റ് 2026 ഒക്ടോബറിൽ ബെൽജിയം സന്ദർശിക്കാനും പദ്ധതിയുണ്ട്.
ന്യൂഡൽഹിയിൽ ബെൽജിയം പ്രതിരോധ അറ്റാഷെയെ നിയമിച്ചതിനെയും ബ്രസൽസിലെ ഇന്ത്യൻ എംബസിയിൽ താമസക്കാരനായ പ്രതിരോധ അറ്റാഷെയെ ഉടൻ നിയമിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും സ്വാഗതം ചെയ്തു. പ്രതിരോധ നിർമാണം, സാങ്കേതികവിദ്യ, നവീകരണം, സംയുക്ത വികസനം, സംയുക്ത ഉത്പാദനം എന്നിവയിലെ സഹകരണവും വികസിപ്പിക്കും. ഇന്ത്യയിലെയും ബെൽജിയത്തിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിൽ ഒപ്പുവച്ച വിവിധ കരാറുകളെയും പങ്കാളിത്തങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു.
യെപ്രസിലെ ഫ്ലാൻഡേഴ്സ് ഫീൽഡ്സ് മ്യൂസിയവും ന്യൂഡൽഹിയിലെ സെന്റർ ഫോർ ആംഡ് ഫോഴ്സസ് ഹിസ്റ്റോറിക്കൽ റിസർച്ചും തമ്മിലുള്ള സഹകരണവും തുടരും. ഇന്ത്യയുടെ കേന്ദ്ര അന്വേഷണ ബ്യൂറോയും ബെൽജിയം ഫെഡറൽ പൊലീസും തമ്മിൽ രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടുന്നതിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. വിവര കൈമാറ്റം, ശേഷിവികസനം, മികച്ച രീതികളുടെ പങ്കുവയ്ക്കൽ, ഒളിവിലുള്ള പ്രതികളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിലെ സഹകരണം ഇതിലൂടെ ശക്തമാക്കും.
ഹരിത ഊർജം മുതൽ വിസ വരെ പുതിയ സഹകരണ മേഖലകൾ
പുനരുപയോഗ ഊർജ സഹകരണത്തിനുള്ള പുതുക്കിയ ധാരണാപത്രവും ഇന്ത്യയും ബെൽജിയവും ഒപ്പുവച്ചു. 2015ലെ സഹകരണ ചട്ടക്കൂടിന്റെ തുടർച്ചയായ കരാർ ഹരിത ഹൈഡ്രജൻ, സൗരോർജം, ഊർജ സംഭരണം, കടലിലെ കാറ്റാടി ഊർജം, ജൈവഊർജം, ചെറുകിട ജലവൈദ്യുതി, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവയിലേക്ക് സഹകരണം വ്യാപിപ്പിക്കും.
ഹരിത ഹൈഡ്രജൻ ഉത്പാദനം, ഗതാഗതം, സംഭരണം, അന്തിമ ഉപയോഗം എന്നിവയിലുടനീളം മൂല്യശൃംഖല ശക്തിപ്പെടുത്തും. ജി.എച്ച്.2 ഇന്ത്യ, ബെൽജിയൻ ഹൈഡ്രജൻ കൗൺസിൽ, ഫ്ലാൻഡേഴ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സഹകരണവും തുടരും. ബ്രസൽസിലെ എഗ്മോണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹരിത ഹൈഡ്രജൻ കൈമാറ്റ പരിപാടിയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഇരുരാജ്യങ്ങളിലെയും സർക്കാർ, വ്യവസായ, ഗവേഷണ പ്രതിനിധികളുടെ പരസ്പര സന്ദർശനങ്ങളും ചൂണ്ടിക്കാട്ടി.
പാരിസ് ഉടമ്പടിയോടും അതിന്റെ ദീർഘകാല ലക്ഷ്യങ്ങളോടുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. തുല്യത, പൊതുവായെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും ശേഷികളും എന്നീ തത്വങ്ങൾക്കും പിന്തുണ അറിയിച്ചു. കാലാവസ്ഥാ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്ന വിജയകരമായ കോപ് 31ന് പിന്തുണ പ്രഖ്യാപിച്ചു. വികസന രാജ്യങ്ങൾക്ക് മതിയായതും പ്രവചിക്കാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കാലാവസ്ഥാ ധനസഹായം, സാങ്കേതികവിദ്യയുടെ വികസനവും വ്യാപനവും, ശേഷിവികസനം എന്നിവ ആവശ്യമാണെന്നും വ്യക്തമാക്കി.
കാലാവസ്ഥാ പൊരുത്തപ്പെടൽ, പ്രതിരോധശേഷി, ദുരന്തസജ്ജീകരണം എന്നിവ ശക്തിപ്പെടുത്തും. സമുദ്രങ്ങളും തീരദേശ ആവാസവ്യവസ്ഥകളും കാലാവസ്ഥാ പ്രതിരോധത്തിനും സുസ്ഥിര വികസനത്തിനും തീരദേശ സമൂഹങ്ങളുടെ ക്ഷേമത്തിനും നിർണായകമാണെന്നും വ്യക്തമാക്കി. ദേശീയ അധികാരപരിധിക്ക് പുറത്തുള്ള ജൈവവൈവിധ്യ കരാറിന്റെയും സമുദ്രകാര്യങ്ങളിലെ അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രാധാന്യവും എടുത്തുപറഞ്ഞു.
ഇന്ത്യയിലെ സെമികണ്ടക്ടർ കമ്പനികൾ, ചിപ്ഇൻ സെന്റർ, സി-ഡാക്, സർവകലാശാലകൾ എന്നിവയും ബെൽജിയത്തിലെ ഐമെക്കും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ള പങ്കാളിത്തമാക്കി മാറ്റാൻ പിന്തുണ നൽകും. ഇന്ത്യ സംഘടിപ്പിച്ച എ.ഐ. ഇംപാക്ട് ഉച്ചകോടിയിൽ ഫ്ലാൻഡേഴ്സ് സർക്കാരിന്റെ മന്ത്രി-പ്രസിഡന്റ് പങ്കെടുത്തതിനെയും സ്വാഗതം ചെയ്തു. നിർമിതബുദ്ധി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നവീകരണം എന്നിവയിലെ സഹകരണത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
സ്റ്റാർട്ടപ്പ് ഇൻകുബേഷനിലും സഹകരണം തുടരും. മെയ്റ്റി സ്റ്റാർട്ടപ്പ് ഹബ്ബും ഹബ് ബ്രസൽസും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം തുടരും. നവീകരണാധിഷ്ഠിത സംരംഭകത്വത്തിനും ഡിജിറ്റൽ നൈപുണ്യ വികസനത്തിനും കൂടുതൽ പിന്തുണ നൽകും.
ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് കാര്യക്ഷമമായ വിസ സേവനങ്ങൾ നിർണായകമാണെന്നും വേഗത്തിലും തടസ്സമില്ലാതെയും അപേക്ഷകൾ പരിഗണിക്കണമെന്നും നേതാക്കൾ പറഞ്ഞു. ഇന്ത്യയിലും ബെൽജിയത്തിലും നയതന്ത്ര ദൗത്യങ്ങളുടെ വിസ പരിഗണനാ ശേഷി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയിലെ ബെൽജിയൻ വിസ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെയും സ്വാഗതം ചെയ്തു.
യൂറോപ്യൻ യൂണിയനുമായി സമഗ്ര മൊബിലിറ്റി സഹകരണ ചട്ടക്കൂടിനുള്ള ധാരണാപത്രം ഒപ്പുവച്ചതും ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ ലീഗൽ ഗേറ്റ്വേ ഓഫീസ് ആരംഭിച്ചതും സ്വാഗതം ചെയ്തു. പ്രൊഫഷണലുകൾക്കും നൈപുണ്യമുള്ള തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും നിയമപരമായ യാത്രാമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
നൈപുണ്യമുള്ള പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യവസായ യാത്രക്കാർ എന്നിവരുടെ സഞ്ചാരം വർധിപ്പിക്കേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഇന്ത്യയ്ക്കും ബെൽജിയത്തിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള യോഗ്യതയുള്ള നഴ്സുമാരെ ബെൽജിയത്തിലേക്ക് എത്തിക്കുന്ന പദ്ധതികൾ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ സഹകരണത്തെയും സ്വാഗതം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സിവിൽ സമൂഹ സഹകരണവും തുടരണമെന്ന് ആവശ്യപ്പെട്ടു. മൊബിലിറ്റി-കുടിയേറ്റ ധാരണാപത്രത്തിനായുള്ള ചർച്ചകൾ തുടരാനും തീരുമാനിച്ചു.
ബെൽജിയത്തിലെ പ്രമുഖ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ഇന്ത്യയിലെയും ബെൽജിയത്തിലെയും നൈപുണ്യ വികസന, സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന സംവിധാനങ്ങൾ തമ്മിലുള്ള സഹകരണവും പരിശോധിക്കും. മികച്ച രീതികളുടെ കൈമാറ്റം, വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനം, പരിശീലകരുടെയും മൂല്യനിർണയക്കാരുടെയും ശേഷിവികസനം, അപ്രന്റിസ്ഷിപ്പ്, ജോലിസ്ഥല പഠനം, ഭാവിയിലെ നൈപുണ്യങ്ങൾ, യോഗ്യതകളുടെ അംഗീകാരം എന്നിവ ഇതിൽ ഉൾപ്പെടും.
ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിക്കൽ റിസർച്ച് ഇന്ത്യൻ പങ്കാളികളുമായി നടത്തുന്ന ഗവേഷണ-നവീകരണ സഹകരണത്തെയും നേതാക്കൾ അംഗീകരിച്ചു. സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും ബെൽജിയത്തിന്റെ ഫെഡറൽ പബ്ലിക് സർവീസ് ഫോറിൻ അഫയേഴ്സും തമ്മിലുള്ള നയതന്ത്ര പരിശീലന സഹകരണത്തെയും സ്വാഗതം ചെയ്തു.
യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങൾക്കനുസരിച്ച് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമഗ്രവും നീതിപൂർവവും ദീർഘകാലം നിലനിൽക്കുന്നതുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ആവർത്തിച്ചു. പശ്ചിമേഷ്യയിലെ വെല്ലുവിളികൾ സമാധാനപരമായി പരിഹരിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്ര ഇടപെടലിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും തടസ്സമില്ലാത്ത കപ്പൽഗതാഗതം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.
പരസ്പരവിശ്വാസം, സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ പൊതുവായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ–ബെൽജിയം പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനും നേതാക്കൾ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശ ബഹുമാനം, ലിംഗസമത്വം, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവയായിരിക്കും ബന്ധത്തിന്റെ അടിത്തറയെന്നും വ്യക്തമാക്കി. ഇന്ത്യ–യൂറോപ്പ്, ഇന്ത്യ–യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ പരസ്പരം സൗകര്യപ്രദമായ സമയത്ത് ബെൽജിയത്തിൽ ഉഭയകക്ഷി സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബാർട്ട് ഡി വെവർ ക്ഷണിച്ചു.
.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

