ബെംഗളൂരു, 2026 സെപ്റ്റംബർ 2 –
ബെംഗളൂരുവിലെ പാർക്കിങ് നിയന്ത്രണം കടുപ്പിക്കാൻ കർണാടക സർക്കാർ കരട് ചട്ടങ്ങൾ പുറത്തിറക്കി. നഗരത്തിൽ പണമടച്ചുള്ള പാർക്കിങ് സംവിധാനം കൊണ്ടുവരാനും വലിയ ഗതാഗതക്കുരുക്കുള്ള പ്രധാന റോഡുകളിൽ പാർക്കിങ് നിരോധിക്കാനുമാണ് നിർദേശം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിലാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും സെപ്റ്റംബർ 10 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാം.
നഗരത്തിലെ വാഹനങ്ങളുടെ എണ്ണം കുത്തനെ ഉയർന്നതും റോഡുകളിൽ പാർക്കിങ് വർധിച്ചതുമാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണം. ബെംഗളൂരുവിൽ 1.28 കോടിയിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത 15 മുതൽ 20 ലക്ഷം വരെ വാഹനങ്ങളും നഗരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രധാന റോഡുകളിൽ തിരക്കേറിയ സമയത്ത് ശരാശരി വാഹനവേഗം മണിക്കൂറിൽ 15 കിലോമീറ്റർ മാത്രമാണ്. ബസുകളുടെ ശരാശരി വേഗം മണിക്കൂറിൽ 10 കിലോമീറ്ററുമാണ്.
2021ൽ കർണാടക സർക്കാർ അംഗീകരിച്ച ബെംഗളൂരു പാർക്കിങ് നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കരട് ചട്ടങ്ങൾ തയ്യാറാക്കിയത്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ പാർക്കിങ് ചട്ടങ്ങൾ തയ്യാറാക്കുക. ക്രമീകരിച്ച പാർക്കിങ് സംവിധാനം വികസിപ്പിക്കുക, റോഡിലെ ഗതാഗതം സുഗമമാക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
ഒഴിഞ്ഞ സ്ഥലങ്ങൾക്ക് നികുതിയിളവ്
ഒഴിഞ്ഞ സ്ഥലങ്ങൾ പാർക്കിങ്ങിനായി വിട്ടുനൽകുന്ന ഉടമകൾക്ക് നികുതിയിളവ് നൽകാനാണ് പ്രധാന നിർദേശം. ബഹുനില കാർ പാർക്കിങ്ങിനോ യന്ത്രവത്കൃത പാർക്കിങ്ങിനോ സ്ഥലം ഉപയോഗിച്ചാൽ വസ്തുനികുതിയിലും സേവന നിരക്കുകളിലും പൂർണ ഇളവ് ലഭിക്കും. സാധാരണ പാർക്കിങ്ങിന് ഉപയോഗിക്കുന്ന ഒഴിഞ്ഞ സ്ഥലങ്ങൾക്ക് വസ്തുനികുതിയിൽ 50 ശതമാനം ഇളവാണ് നിർദേശിച്ചിരിക്കുന്നത്.
സ്ഥലത്തിനനുസരിച്ച് പാർക്കിങ് നിരക്ക്
റോഡിന്റെ വിഭാഗവും പാർക്കിങ് സ്ഥലത്തിന്റെ സ്വഭാവവും കണക്കിലെടുത്തായിരിക്കും പാർക്കിങ് നിരക്ക് നിശ്ചയിക്കുക. കൂടുതൽ സമയം വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഉയർന്ന നിരക്ക് ഈടാക്കാനും നിർദേശമുണ്ട്. പൊതുവായ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പ്രതിമാസ പാസും നൽകും.
തിരക്കേറിയ റോഡുകളിൽ പാർക്കിങ് വേണ്ട
കടുത്ത ഗതാഗതക്കുരുക്കുള്ള പ്രധാന റോഡുകളിൽ പാർക്കിങ് പൂർണമായി നിരോധിക്കാനാണ് നിർദേശം. മറ്റു പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ പാർക്കിങ് നിയന്ത്രിക്കാം. ബഹുനില പാർക്കിങ് കേന്ദ്രങ്ങളുടെ സമീപത്തും റോഡരികിലെ പാർക്കിങ് അനുവദിക്കില്ല.
നിയമലംഘനത്തിന് കർശന നടപടി
നിർബന്ധമായ പാർക്കിങ് സൗകര്യം ഒരുക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാനും കരട് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. പാർക്കിങ്ങിനായി മാറ്റിവച്ച സ്ഥലം വ്യാപാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നവർക്കെതിരെയും നടപടി വരും. പാർക്കിങ്ങിലൂടെ ലഭിക്കുന്ന വരുമാനം ഗതാഗതം മെച്ചപ്പെടുത്താനും റോഡുകളും നടപ്പാതകളും അറ്റകുറ്റപ്പണി നടത്താനും ഉപയോഗിക്കാനാണ് നിർദേശം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.