ടോക്യോ / 2026 / ഓഗസ്റ്റ് 27
ജപ്പാനിൽ നിന്നുള്ള നിക്ഷേപം ഇന്ത്യയിലേക്ക് കൂടുതൽ എത്തിക്കാനും ഇരുരാജ്യങ്ങളുടെയും വ്യവസായ പങ്കാളിത്തം ശക്തമാക്കാനും ലക്ഷ്യമിട്ട ഔദ്യോഗിക ജപ്പാൻ സന്ദർശനം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ബുധനാഴ്ച പൂർത്തിയാക്കി. ടോക്യോ, നാഗോയ, ഒസാക്ക എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചകൾ. ജപ്പാനിലെ മുതിർന്ന സർക്കാർ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുമായി ഗോയൽ ചർച്ച നടത്തി. ഇന്ത്യയിൽ വലിയ നിക്ഷേപമുള്ളതോ നിക്ഷേപം വർധിപ്പിക്കാൻ താൽപര്യമുള്ളതോ ആയ മുപ്പതിലധികം പ്രമുഖ ജാപ്പനീസ് കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വവുമായും അദ്ദേഹം സംസാരിച്ചു. നിക്ഷേപം വർധിപ്പിക്കുക, പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന വിതരണ ശൃംഖലകൾ ശക്തമാക്കുക, സാങ്കേതിക പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുക, ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള സഹകരണത്തിന് പുതിയ വഴികൾ തുറക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യയിലേക്ക് ദീർഘകാല മൂലധനം എത്തിക്കാൻ ചർച്ച
ഇന്ത്യയിലേക്ക് ദീർഘകാല ജാപ്പനീസ് സ്ഥാപന നിക്ഷേപം എത്തിക്കുന്നതായിരുന്നു സന്ദർശനത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. എംയുഎഫ്ജി, മിസുഹോ, നോമുറ, നിപ്പോൺ ലൈഫ്, ഡെവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാൻ, മോർഗൻ സ്റ്റാൻലി എംയുഎഫ്ജി സെക്യൂരിറ്റീസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി പിയൂഷ് ഗോയൽ ചർച്ച നടത്തി. മറ്റ് പ്രധാന നിക്ഷേപ-ധനകാര്യ സ്ഥാപനങ്ങളും ചർച്ചകളിൽ പങ്കെടുത്തു. ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് വർധിപ്പിക്കാനും രാജ്യത്തിന്റെ വളരുന്ന അടിസ്ഥാനസൗകര്യ, ഉൽപ്പാദന, സാങ്കേതിക, ധനകാര്യ മേഖലകൾക്ക് പിന്തുണ നൽകാനുമുള്ള സാധ്യതകളാണ് പരിശോധിച്ചത്.
ക്യാപിറ്റൽ ഗുഡ്സ്, യന്ത്രങ്ങൾ, വാഹനമേഖല, സെമികണ്ടക്ടർ, നിർമിതബുദ്ധി, സ്റ്റാർട്ടപ്പുകൾ, വിദേശ സ്ഥാപന നിക്ഷേപകർ എന്നീ മേഖലകളിൽ പ്രത്യേക വട്ടമേശ ചർച്ചകൾക്കും ഗോയൽ നേതൃത്വം നൽകി. ജപ്പാനിലെയും ഇന്ത്യയിലെയും വിവിധ കമ്പനികൾ ഇതിൽ പങ്കെടുത്തു. നിക്ഷേപം, സാങ്കേതികവിദ്യ, വാണിജ്യം എന്നിവയിൽ പ്രായോഗിക പങ്കാളിത്തങ്ങൾ കണ്ടെത്തുന്നതിനുള്ള വേദിയായി ചർച്ചകൾ മാറി. ഇന്ത്യയിലെ രണ്ടാംനിര, മൂന്നാംനിര വിതരണ ശൃംഖലകളെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ഉൾപ്പെടുത്തിയുള്ള സഹകരണത്തിനും പ്രത്യേക പരിഗണന നൽകി.
സെമികണ്ടക്ടറിന് ഇന്ത്യയുടെ ആറുതൂൺ തന്ത്രം
സെമികണ്ടക്ടർ, നിർമിതബുദ്ധി മേഖലകളിലെ വട്ടമേശ ചർച്ചയിൽ ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന സെമികണ്ടക്ടർ സംവിധാനം സൃഷ്ടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഗോയൽ പറഞ്ഞു. 2032-ഓടെ ഇന്ത്യയിലെ സെമികണ്ടക്ടർ ആവശ്യകത 150 ബില്യൺ അമേരിക്കൻ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ചിപ്പ് രൂപകൽപ്പന, സെമികണ്ടക്ടർ യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും, നിർമ്മാണം, എടിഎംപി-ഒസാറ്റ്, ഗവേഷണവും വികസനവും, പ്രതിഭാ വികസനം എന്നീ ആറു തൂണുകളിലാണ് സർക്കാരിന്റെ തന്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ യുവാക്കളും വൈദഗ്ധ്യമുള്ള തൊഴിലാളികളും ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും എൻജിനീയറിങ് പരിചയവും ഉൽപ്പാദന ശേഷിയും ഒന്നിച്ചാൽ ഇന്ത്യയിൽ ലോകോത്തര സെമികണ്ടക്ടർ-സാങ്കേതിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ഗോയൽ പറഞ്ഞു. ഇന്ത്യയുടെ വളരുന്ന പുനരുപയോഗ ഊർജശേഷിയും ശക്തമായ ദേശീയ വൈദ്യുതി ശൃംഖലയും സെമികണ്ടക്ടർ നിർമ്മാണം, നിർമിതബുദ്ധി, ഡാറ്റാ സെന്ററുകൾ തുടങ്ങിയ കൂടുതൽ ഊർജം ആവശ്യമുള്ള വ്യവസായങ്ങൾക്ക് കരുത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചകളിൽ പങ്കെടുത്ത ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. സെമികണ്ടക്ടർ വസ്തുക്കളും ഉപകരണങ്ങളും, പവർ സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, നിർമിതബുദ്ധി, ചരക്കുനീക്കം, മറ്റ് നൂതന സാങ്കേതിക മേഖലകൾ എന്നിവയിലാണ് താൽപര്യം അറിയിച്ചത്. ധോലേര, സാനന്ദ് തുടങ്ങിയ വളർന്നുവരുന്ന സെമികണ്ടക്ടർ കേന്ദ്രങ്ങളിൽ വിശ്വസനീയമായ വൈദ്യുതി, അതിശുദ്ധ ജലം, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
ജാപ്പനീസ് കമ്പനികളോട് ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാൻ ക്ഷണം
ജപ്പാന്റെ സാമ്പത്തിക, വ്യാപാര-വ്യവസായ മന്ത്രി അകസാവ റിയോസെയുമായും ജെട്രോ, ജെബിക്, ജൈക്ക എന്നിവയുടെ മുതിർന്ന പ്രതിനിധികളുമായും ഗോയൽ ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന വിതരണ ശൃംഖലകൾ, ഉൽപ്പാദന സഹകരണം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം, ഇന്ത്യയുടെ വളർച്ചയിൽ ജാപ്പനീസ് കമ്പനികളുടെ കൂടുതൽ പങ്കാളിത്തം എന്നിവയാണ് ചർച്ചയായത്.
1,500-ലധികം പ്രമുഖ ജാപ്പനീസ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ജപ്പാൻ ബിസിനസ് ഫെഡറേഷനായ കെയ്ദാൻറെനുമായുള്ള കൂടിക്കാഴ്ചയിലും ഇന്ത്യ-ജപ്പാൻ സാമ്പത്തിക ബന്ധത്തിന്റെ സാധ്യതകൾ ഗോയൽ വിശദീകരിച്ചു. പരമ്പരാഗത വ്യാപാരത്തിനപ്പുറം സാമ്പത്തിക സുരക്ഷ, പ്രതിസന്ധികളെ അതിജീവിക്കുന്ന വിതരണ ശൃംഖലകൾ, നൂതന സാങ്കേതികവിദ്യ, ശുദ്ധ ഊർജം, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലേക്കും സഹകരണം വ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപവും പ്രവർത്തന സാന്നിധ്യവും വർധിപ്പിക്കാൻ ജാപ്പനീസ് കമ്പനികളെ ക്ഷണിച്ചു.
ജാപ്പനീസ് വ്യവസായ പ്രമുഖർ മന്ത്രിയെ ഊഷ്മളമായി സ്വീകരിക്കുകയും പ്രധാന വിഷയങ്ങളിൽ നേരിട്ട് ചർച്ച നടത്താനുള്ള അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ വളർച്ചയിൽ ശക്തമായ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ അവർ തന്ത്രപ്രധാന സഹകരണം വിപുലീകരിക്കാനും ഇന്ത്യയിലെ വിവിധ മേഖലകളിലേക്കുള്ള നിക്ഷേപം വൈവിധ്യവത്കരിക്കാനും പ്രതിബദ്ധത പ്രകടിപ്പിച്ചു.
നാഗോയയിൽ എൺപതിലധികം കമ്പനികളുമായി കൂടിക്കാഴ്ച
ചുകെയ്റെനും മറ്റ് പ്രമുഖ വ്യവസായ സംഘടനകളുമായി ചേർന്ന് നാഗോയയിൽ സംഘടിപ്പിച്ച ‘ഇന്ത്യ-ജപ്പാൻ അടുത്ത തലമുറ സാമ്പത്തിക പങ്കാളിത്തം’ റോഡ്ഷോയിലും ഗോയൽ പങ്കെടുത്തു. ചുബു മേഖലയിൽ നിന്നുള്ള എൺപതിലധികം ജാപ്പനീസ് കമ്പനികൾ പരിപാടിയിൽ പങ്കെടുത്തു. വാഹനങ്ങൾ, വ്യോമയാനം, യന്ത്രോപകരണങ്ങൾ, സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, വാഹന ഘടകങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലാണ് ചർച്ച നടന്നത്. ഇന്ത്യയുടെ യുവ പ്രതിഭാശേഷിയും ചുബു മേഖലയുടെ സാങ്കേതിക-എൻജിനീയറിങ് കരുത്തും ചേർന്നാൽ പുതിയ ഉൽപ്പാദന-സാങ്കേതിക പങ്കാളിത്തങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ഗോയൽ പറഞ്ഞു.
ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഗോയൽ ചൂണ്ടിക്കാട്ടി. 2047-ഓടെ 30 ട്രില്യൺ അമേരിക്കൻ ഡോളർ സമ്പദ്വ്യവസ്ഥയാകുകയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വലിയതും കൂടുതൽ പ്രതീക്ഷകളുള്ളതുമായ മധ്യവർഗം, വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ശക്തമായ ബാങ്കിങ് മേഖല, പുനരുപയോഗ ഊർജശേഷി, മെച്ചപ്പെടുന്ന വ്യവസായാന്തരീക്ഷം എന്നിവ ദീർഘകാല നിക്ഷേപകർക്ക് വലിയ അവസരങ്ങളാണ് നൽകുന്നതെന്നും ഗോയൽ വ്യക്തമാക്കി.
അടുത്ത പത്ത് വർഷത്തിൽ പത്ത് ട്രില്യൺ യെൻ നിക്ഷേപം ലക്ഷ്യം
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ ജാപ്പനീസ് യെൻ സ്വകാര്യ നിക്ഷേപം എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങൾക്കും സന്ദർശനം വേഗം കൂട്ടി. 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിനിടെയാണ് ഈ ലക്ഷ്യത്തിൽ ധാരണയായത്. ഇന്ത്യയുടെ അടുത്ത വളർച്ചാ ഘട്ടത്തിൽ ജാപ്പനീസ് സ്ഥാപന നിക്ഷേപകരും കമ്പനികളും കൂടുതൽ പങ്കാളികളാകണമെന്ന് ഗോയൽ ആവശ്യപ്പെട്ടു. ഉൽപ്പാദനം, അടിസ്ഥാനസൗകര്യം, ധനകാര്യ സേവനങ്ങൾ, സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ശുദ്ധ ഊർജം, മറ്റ് പുതുതലമുറ വ്യവസായങ്ങൾ എന്നിവയ്ക്കാണ് പ്രത്യേക പ്രാധാന്യം നൽകിയത്.
നിക്കെയ് ഏഷ്യയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക സംവാദത്തിലും മന്ത്രി പങ്കെടുത്തു. ഇന്ത്യ-ജപ്പാൻ സാമ്പത്തിക ബന്ധത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ജപ്പാനിലെയും ഇന്ത്യയിലെയും വ്യവസായ-മാധ്യമ പ്രതിനിധികളുമായി അദ്ദേഹം സംസാരിച്ചു.
ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തത്തിന്റെ ശക്തമായ മുന്നേറ്റം സന്ദർശനം വീണ്ടും ഉറപ്പിച്ചതായാണ് വിലയിരുത്തൽ. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വ്യവസായ സഹകരണം എന്നിവ കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് സന്ദർശനം പുതിയ ഊർജം നൽകി. ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഉൽപ്പാദന, സാങ്കേതിക, നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറുന്നതിൽ ജപ്പാന്റെ കൂടുതൽ പങ്കാളിത്തത്തിനുള്ള അടിത്തറയും ഇതിലൂടെ ശക്തമായി. ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വളർച്ചയ്ക്കും പുതിയ ആശയങ്ങൾക്കും കൂടുതൽ വഴികളും തുറന്നു.