ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 22
രാജ്യത്തെ മൊബൈൽ ഫോൺ നിർമാണം കൂടുതൽ ശക്തമാക്കാനും ഇന്ത്യൻ ബ്രാൻഡുകളെ ആഗോളതലത്തിൽ മത്സരക്ഷമമാക്കാനും കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ മാനുഫാക്ചറിങ് സ്കീം വിജ്ഞാപനം ചെയ്തു. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. ആഭ്യന്തര മൂല്യവർധന കൂട്ടുക, മൊബൈൽ ഫോൺ വിതരണ ശൃംഖല കൂടുതൽ ആഴത്തിലാക്കുക, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്രാൻഡുകൾക്കും രൂപകൽപ്പനയ്ക്കും ഗവേഷണത്തിനും പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യൻ ബ്രാൻഡുകൾക്ക് കൂടുതൽ കരുത്ത്
ഇന്ത്യൻ ഉടമസ്ഥതയിലുള്ള മൊബൈൽ ബ്രാൻഡുകൾ, ബൗദ്ധിക സ്വത്തവകാശം, രൂപകൽപ്പന എന്നിവയുടെ വികസനത്തിന് പുതിയ പദ്ധതി വലിയ മുന്നേറ്റമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രൂപകൽപ്പനയും ബൗദ്ധിക സ്വത്തവകാശവും ബ്രാൻഡും യഥാർഥത്തിൽ ഇന്ത്യൻ ഉടമസ്ഥതയിലായിരിക്കണം. അതേസമയം അവയ്ക്ക് അതത് വിപണി വിഭാഗത്തിലെ മികച്ച ഉൽപ്പന്നങ്ങളുമായി മത്സരിക്കാനുള്ള ശേഷിയും വേണമെന്ന് മന്ത്രി വ്യക്തമാക്കി. ബൗദ്ധിക സ്വത്തവകാശം യഥാർഥത്തിൽ ഇന്ത്യൻ ഉടമസ്ഥതയിലാണോയെന്ന് സർക്കാർ സൂക്ഷ്മമായി പരിശോധിക്കും. സാമ്പത്തിക സഹായത്തിന് പുറമേയുള്ള മറ്റ് പിന്തുണകൾ വ്യവസായ മേഖലയുമായി ചർച്ച ചെയ്ത് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം; രണ്ട് ലക്ഷ്യവിഭാഗങ്ങൾ
പദ്ധതിയിൽ രണ്ട് ലക്ഷ്യവിഭാഗങ്ങളാണുള്ളത്. ഒന്നാമത്തെ വിഭാഗം മൊബൈൽ ഫോൺ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും രണ്ടാമത്തേത് ഇന്ത്യൻ മൊബൈൽ ഫോൺ ബ്രാൻഡുകളെ പിന്തുണയ്ക്കുന്നതിനുമാണ്. ഒന്നാം വിഭാഗത്തിൽ 2.25 ശതമാനം മുതൽ 5 ശതമാനം വരെ വ്യത്യസ്ത നിരക്കുകളിൽ പ്രോത്സാഹനം ലഭിക്കും. രണ്ടാം വിഭാഗത്തിൽ ഇന്ത്യൻ ബ്രാൻഡുകൾക്ക് 5 ശതമാനം പ്രോത്സാഹനവും ഇന്ത്യൻ രൂപകൽപ്പനയ്ക്കും ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും അധികമായി 3 ശതമാനവും ലഭിക്കും. ഇന്ത്യൻ ബ്രാൻഡുകൾക്ക് സാമ്പത്തികേതര പിന്തുണയും നൽകും. രണ്ടാം വിഭാഗത്തിലെ അപേക്ഷകർക്ക് ഒരു വർഷത്തെ തയ്യാറെടുപ്പ് കാലയളവും അനുവദിക്കാം.
അപേക്ഷയ്ക്കും വിറ്റുവരവിനും പ്രത്യേക മാനദണ്ഡങ്ങൾ
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നിർമാതാക്കൾക്കും ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് സർവീസ് കമ്പനികൾക്കും പദ്ധതിയിൽ അപേക്ഷിക്കാം. ഒന്നാം വിഭാഗത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 10,000 കോടി രൂപ വിറ്റുവരവ് വേണം. നിലവിലുള്ള ബ്രാൻഡുകൾ 2025-26ലെ വിൽപ്പനയ്ക്ക് മുകളിൽ ഓരോ വർഷവും കുറഞ്ഞത് 5,000 കോടി രൂപയുടെ അധിക വിൽപ്പന നേടണം. പുതിയ ബ്രാൻഡുകൾ ഇന്ത്യയിൽ വാർഷിക വിൽപ്പന 10,000 കോടി രൂപയിലെത്തിയ ശേഷമാണ് യോഗ്യത നേടുക. തുടർന്ന് ഓരോ വർഷവും 5,000 കോടി രൂപയുടെ വിൽപ്പന വർധനയും കൈവരിക്കണം.
രണ്ടാം വിഭാഗത്തിൽ 2025-26ൽ കുറഞ്ഞത് 1,000 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്കാണ് യോഗ്യത. കമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ സ്ഥാപിതമായതോ ആയിരിക്കണം. ബൗദ്ധിക സ്വത്തവകാശവും വ്യാപാരമുദ്രയും ഇന്ത്യയിൽ തന്നെ ഉണ്ടായിരിക്കണം. കമ്പനിയുടെ ഭരണനിയന്ത്രണം ഇന്ത്യൻ പൗരന്മാരുടെ കൈകളിലായിരിക്കണം. 51 ശതമാനത്തിലധികം ഓഹരികളും ഇന്ത്യൻ പൗരന്മാരുടേതായിരിക്കണം. ഗവേഷണ-വികസനവും രൂപകൽപ്പനാ ശേഷിയും ഇന്ത്യയിൽ തന്നെയുണ്ടാകണമെന്നും വ്യവസ്ഥയുണ്ട്.
ആഭ്യന്തര ഘടകങ്ങൾക്ക് അധിക പ്രോത്സാഹനം
പ്രധാന ഘടകങ്ങളും ഉപഘടകങ്ങളും രാജ്യത്തിനകത്ത് നിന്ന് വാങ്ങുന്നതിന് രണ്ട് ലക്ഷ്യവിഭാഗങ്ങൾക്കും പരമാവധി 1.5 ശതമാനം അധിക പ്രോത്സാഹനം ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ നിർമിക്കുന്ന മൊബൈൽ ഫോണുകളുടെ കുറഞ്ഞത് 25 ശതമാനത്തിനെങ്കിലും ഉപയോഗിക്കുന്ന തരത്തിൽ ഈ ഘടകങ്ങളുടെ ഉത്പാദനം രാജ്യത്ത് പ്രാദേശികവത്കരിച്ചിരിക്കണം. ഇതിലൂടെ മൊബൈൽ ഫോൺ നിർമാണ രംഗത്ത് കൂടുതൽ ആഴത്തിലുള്ള ആഭ്യന്തര ഉത്പാദന ശൃംഖല സൃഷ്ടിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കാലത്ത് രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ ഉത്പാദനം ഏകദേശം 39 ലക്ഷം കോടി രൂപയിലെത്തുമെന്നും കയറ്റുമതി ഗണ്യമായി വർധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
മേക്ക് ഇൻ ഇന്ത്യയുടെ തുടർച്ച
2014-15 സാമ്പത്തിക വർഷത്തിന് ശേഷം രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണം ഏഴിരട്ടിയും കയറ്റുമതി പതിനൊന്നിരട്ടിയും വർധിച്ചതായി സർക്കാർ പറയുന്നു. ദൂരഗ്രാമങ്ങളിൽ നിന്നുള്ള യുവതീയുവാക്കൾക്ക് വലിയ തോതിൽ തൊഴിൽ നൽകുന്ന മേഖലയായും ഇലക്ട്രോണിക്സ് നിർമാണം മാറി. ചില നിർമാണ യൂണിറ്റുകളിൽ 5,000ത്തിലധികം പേരും ചിലയിടങ്ങളിൽ 20,000 വരെ ആളുകളും ജോലി ചെയ്യുന്നു. ഈ വളർച്ചയിൽ മൊബൈൽ ഫോൺ നിർമാണമാണ് പ്രധാന പങ്കുവഹിച്ചത്. ഇന്ത്യ ഇപ്പോൾ ഉത്പാദന അളവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാവാണ്. രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ 99.2 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്നവയാണ്. 2025ൽ ഡീസൽ ഇന്ധനവും മുറിച്ച വജ്രങ്ങളും മറികടന്ന് സ്മാർട്ട്ഫോണുകൾ ഇന്ത്യയുടെ ഏറ്റവും വലിയ ഒറ്റ കയറ്റുമതി ഉൽപ്പന്ന വിഭാഗമായി മാറി. വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമാണത്തിനുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയുടെ കാലാവധി 2026 മാർച്ച് 31ന് അവസാനിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.