ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 22
രാജ്യത്ത് പഞ്ചസാര വില അടുത്തിടെ കുത്തനെ ഉയർന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാനും ഉത്സവകാലത്ത് ആവശ്യത്തിന് പഞ്ചസാര ലഭ്യമാക്കാനും കേന്ദ്രസർക്കാർ നടപടികൾ ശക്തമാക്കി. ജൂലൈ 20ന് കിലോയ്ക്ക് 48 രൂപ 18 പൈസയായിരുന്ന പഞ്ചസാര വില ഓഗസ്റ്റ് 20ന് 55 രൂപ 70 പൈസയായി. ഉത്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞത്, ഉത്സവകാല ആവശ്യകത ഉയർന്നത്, കരിമ്പ് കൃഷിയിലെ കാലാവസ്ഥാ നാശം, ആഗോള ലഭ്യത കുറഞ്ഞത്, ചില മില്ലുകളുടെയും വ്യാപാരികളുടെയും ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും എന്നിവയാണ് വിലക്കയറ്റത്തിന് കാരണമെന്ന് സർക്കാർ വ്യക്തമാക്കി.
എഥനോളിലേക്കുള്ള മാറ്റമല്ല വിലക്കയറ്റത്തിന് കാരണം
പഞ്ചസാര എഥനോൾ ഉത്പാദനത്തിലേക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന വാദം ശരിയല്ലെന്ന് സർക്കാർ അറിയിച്ചു. 2022-23ൽ ഏകദേശം 12 ശതമാനമായിരുന്ന എഥനോളിനായി മാറ്റിയ പഞ്ചസാരയുടെ വിഹിതം 2025-26ൽ ഏകദേശം ഒമ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ നാലിൽ മൂന്ന് ഭാഗത്തോളം ധാന്യങ്ങളിൽ നിന്നാണ്. ഇതിൽ പ്രധാന പങ്ക് ചോളത്തിനാണ്.
നിലവിലെ സീസണിൽ പഞ്ചസാര ഉത്പാദനം ഏകദേശം 306 ലക്ഷം മെട്രിക് ടൺ ആയിരിക്കുമെന്നാണ് പ്രതീക്ഷ. കരിമ്പ് ഉത്പാദക സംസ്ഥാനങ്ങൾ ആദ്യം കണക്കാക്കിയിരുന്നത് ഏകദേശം 343 ലക്ഷം മെട്രിക് ടൺ ആയിരുന്നു. റെഡ് റോട്ട്, ടോപ് ബോറർ രോഗങ്ങളും അമിതമഴയെ തുടർന്നുള്ള വെള്ളക്കെട്ടും ഉത്പാദനത്തെ ബാധിച്ചു. എന്നിരുന്നാലും ഒക്ടോബറിൽ പുതിയ ക്രഷിങ് സീസൺ തുടങ്ങുന്നതുവരെ ആഭ്യന്തര ആവശ്യത്തിന് മതിയായ പഞ്ചസാര ശേഖരം രാജ്യത്തുണ്ടെന്ന് സർക്കാർ അറിയിച്ചു.
ആഗോള വിപണിയിലും പഞ്ചസാരയ്ക്ക് വിലകൂടി
പഞ്ചസാര ലഭ്യത കുറയുന്നത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. 2026-27ൽ ആഗോള പഞ്ചസാര കുറവ് ഏകദേശം 33 ലക്ഷം മെട്രിക് ടൺ ആയിരിക്കുമെന്നാണ് കണക്ക്. കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കയും വിപണിയെ ബാധിച്ചു. ജൂൺ 30ന് ടണ്ണിന് 474 ഡോളറായിരുന്ന അന്താരാഷ്ട്ര പഞ്ചസാര വില ഓഗസ്റ്റ് 20ന് 552 ഡോളറായി. രണ്ട് മാസത്തിനുള്ളിൽ 16 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായത്.
എഥനോൾ പദ്ധതി മില്ലുകൾക്കും കർഷകർക്കും സഹായമായി
ഇന്ത്യ സാധാരണയായി വർഷം 320 മുതൽ 340 ലക്ഷം മെട്രിക് ടൺ വരെ പഞ്ചസാര ഉത്പാദിപ്പിക്കുന്നു. ആഭ്യന്തര ഉപഭോഗം ഏകദേശം 280 മുതൽ 290 ലക്ഷം മെട്രിക് ടൺ വരെയാണ്. അധിക ഉത്പാദനം ഉണ്ടാകുന്ന വർഷങ്ങളിൽ മിച്ചശേഖരം മില്ലുകളുടെ പണം തടഞ്ഞുവയ്ക്കുകയും കരിമ്പ് കർഷകർക്കുള്ള പണം നൽകുന്നത് വൈകിപ്പിക്കുകയും ചെയ്യാറുണ്ട്. അധിക പഞ്ചസാര എഥനോൾ ഉത്പാദനത്തിലേക്ക് മാറ്റിയത് ഈ പ്രശ്നം കുറയ്ക്കാനും മില്ലുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിച്ചെന്നാണ് സർക്കാർ പറയുന്നത്.
2025-26 പഞ്ചസാര സീസണിലെ കരിമ്പ് കുടിശ്ശികയുടെ 97 ശതമാനവും ഓഗസ്റ്റ് 20നകം കർഷകർക്ക് നൽകിയിട്ടുണ്ട്. 2014 മുതൽ 2021 വരെ പഞ്ചസാര വ്യവസായത്തിന് ഏകദേശം 14,600 കോടി രൂപ സബ്സിഡി നൽകിയിരുന്നു. എന്നാൽ 2021-22 മുതൽ ഇത്തരമൊരു സബ്സിഡി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 2024 ഓഗസ്റ്റ് മുതൽ 2026 ജൂലൈ വരെയുള്ള കാലത്ത് ഉപഭോക്തൃ പഞ്ചസാര വിലയുടെ ശരാശരി വാർഷിക വർധന ഏകദേശം മൂന്ന് ശതമാനം മാത്രമായിരുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
പൂഴ്ത്തിവെപ്പിന് നിയന്ത്രണം; തീരുവയില്ലാതെ ഇറക്കുമതി
ചില പഞ്ചസാര മില്ലുകളും വ്യാപാരികളും നടത്തുന്ന ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായതായി സർക്കാർ കണ്ടെത്തി. ഓഗസ്റ്റ് ഒന്ന് മുതൽ നവംബർ 30 വരെ രാജ്യത്തെ പഞ്ചസാര വ്യാപാരികൾക്ക് 400 ടൺ ശേഖരപരിധി ഏർപ്പെടുത്തി. സെപ്റ്റംബർ ഒന്ന് മുതൽ വലിയ ഉപഭോക്താക്കൾക്ക് 15 ദിവസത്തെ ഉപഭോഗത്തിനുമുകളിൽ പഞ്ചസാര സംഭരിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത സംഘങ്ങൾ മില്ലുകളിലെ പഞ്ചസാര ശേഖരം നേരിട്ട് പരിശോധിക്കുന്നുണ്ട്.
ആഭ്യന്തര ലഭ്യത കൂട്ടാൻ 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചു. സംസ്ഥാനങ്ങളോടും പഞ്ചസാര മില്ലുകളോടും ഒക്ടോബർ 15 മുതൽ കരിമ്പ് അരയ്ക്കൽ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഒക്ടോബറിലെ സാധാരണ മൂന്ന് മുതൽ നാല് ലക്ഷം മെട്രിക് ടൺ വരെയുള്ള ഉത്പാദനം 10 ലക്ഷം മെട്രിക് ടണ്ണിലേറെയാക്കാനാകുമെന്നാണ് പ്രതീക്ഷ. പഞ്ചസാര ശേഖരം, വില, വിപണിയിലെ ഇടപാടുകൾ എന്നിവ സർക്കാർ തുടർന്നും നിരീക്ഷിക്കും. പൂഴ്ത്തിവെപ്പും അനാവശ്യ വിലക്കയറ്റവും തടയുന്നതിനൊപ്പം കർഷകർക്ക് കുടിശ്ശിക സമയത്ത് ലഭിക്കുന്നതും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.