ന്യൂഡൽഹി /2026 / ഓഗസ്റ്റ് 19
ഇന്ത്യയുടെ മഖാന മേഖല അതിവേഗം വളരുന്ന കാർഷിക-ഭക്ഷ്യ മേഖലകളിലൊന്നായി മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മഖാന ഉത്പാദക രാജ്യമാണ് ഇന്ത്യ. 2025-26ലെ രണ്ടാം മുൻകൂർ കണക്കുപ്രകാരം രാജ്യത്തെ ഉത്പാദനം 80,590 മെട്രിക് ടണ്ണാണ്. ശരാശരി ഉത്പാദനക്ഷമത ഹെക്ടറിന് 2.34 മെട്രിക് ടണ്ണായി. ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലാണ് പ്രധാനമായും മഖാന കൃഷി നടക്കുന്നത്.
ഇന്ത്യയുടെ ഉത്പാദനത്തിൽ ഏകദേശം നാലിൽ മൂന്നുഭാഗവും ബിഹാറിലാണ്. ആഗോള മഖാന വിതരണത്തിന്റെ 80 മുതൽ 85 ശതമാനം വരെയും ബിഹാറിന്റെ സംഭാവനയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യം, സർക്കാർ പിന്തുണ, മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പുകളുടെ വളർച്ച, കർഷക ഉത്പാദക സംഘടനകളുടെ പങ്കാളിത്തം എന്നിവയാണ് വിപണി വികസനത്തിന് കരുത്തായത്. കൃഷിസ്ഥലം വർധിച്ചതും മെച്ചപ്പെട്ട ഇനങ്ങളും പുതിയ കൃഷിരീതികളും ഉത്പാദനക്ഷമത ഉയർത്തി.
ബിഹാറിലെ പരമ്പരാഗത ഭക്ഷണമെന്ന നിലയിൽ നിന്നാണ് മഖാന രാജ്യവ്യാപകമായി ആരോഗ്യഭക്ഷണമായി മാറിയത്. 2025 സെപ്റ്റംബർ 15ന് ബിഹാറിൽ ദേശീയ മഖാന ബോർഡ് ഔദ്യോഗികമായി ആരംഭിച്ചു. 2025-26 മുതൽ 2030-31 വരെ നടപ്പാക്കുന്ന മഖാന വികസന കേന്ദ്രപദ്ധതിക്ക് 476.03 കോടി രൂപയാണ് വകയിരുത്തിയത്. ഗവേഷണം, ഗുണമേന്മയുള്ള വിത്ത്, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഉത്പാദനത്തിന്റെ ഹൃദയം ബിഹാർ
2024-25ൽ ഇന്ത്യ 63,910 മെട്രിക് ടൺ മഖാനയാണ് ഉത്പാദിപ്പിച്ചത്. 2025-26ൽ ഇത് 80,590 മെട്രിക് ടണ്ണായി ഉയരുമെന്നാണ് കണക്ക്. ബിഹാറിൽ മാത്രം 60,000 മെട്രിക് ടൺ ഉത്പാദനം പ്രതീക്ഷിക്കുന്നു. സുപോൾ, സഹർസ, മധേപുര എന്നിവ ഉൾപ്പെടുന്ന കോസി മേഖലയും മിഥില, സീമാഞ്ചൽ പ്രദേശങ്ങളുമാണ് പ്രധാന കേന്ദ്രങ്ങൾ.
പരമ്പരാഗതമായി കുളങ്ങളിലാണ് മഖാന കൃഷി ചെയ്തിരുന്നത്. ഇപ്പോൾ വയൽ അടിസ്ഥാനത്തിലുള്ള കൃഷിയും സ്വർണ വൈദേഹി, സബൗർ മഖാന-1 പോലുള്ള മെച്ചപ്പെട്ട ഇനങ്ങളും ഉപയോഗിക്കുന്നു. മിഥില മേഖലയിൽ ഉത്പാദിപ്പിക്കുന്ന ‘മിഥില മഖാന’യ്ക്ക് ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്. ഇത് ഉത്പന്നത്തിന്റെ വിപണിമൂല്യവും ബ്രാൻഡ് സാധ്യതയും ശക്തിപ്പെടുത്തുന്നു.
വില ഉയർന്നു, വിപണി കുതിക്കുന്നു
2021-22 മുതൽ 2024-25 വരെ ആഭ്യന്തര മഖാന വിപണി പ്രതിവർഷം 17 മുതൽ 18 ശതമാനം വരെ വളർന്നു. 2029-30ഓടെ വിപണിയുടെ മൂല്യം 11,000 മുതൽ 12,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. 2020 മുതൽ 2022 വരെ കിലോഗ്രാമിന് ഏകദേശം 500 രൂപയായിരുന്ന ശരാശരി വില 2025ൽ ഏകദേശം 1,250 രൂപയായി ഉയർന്നു. ആരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആവശ്യം വർധിച്ചതാണ് പ്രധാന കാരണം.
രാജ്യത്ത് പ്രതിമാസം 3,000 മുതൽ 3,500 മെട്രിക് ടൺ വരെ പൊരിച്ച മഖാന ഉപയോഗിക്കുന്നതായാണ് കണക്ക്. ഉത്സവകാലത്ത് ഇത് ഏകദേശം 5,000 മെട്രിക് ടണ്ണായി ഉയരും. സംഘടിത ബ്രാൻഡുകളും ലഘുഭക്ഷണ കമ്പനികളും പ്രതിമാസം 1,800 മുതൽ 2,000 മെട്രിക് ടൺ വരെ വിൽക്കുന്നു. അസംഘടിത വിപണിയുടെ പങ്ക് 1,200 മുതൽ 1,400 മെട്രിക് ടൺ വരെയാണ്.
വിദേശ വിപണിയിലും ഇന്ത്യൻ മഖാന
2025-26ൽ ഇന്ത്യ 7,264.89 മെട്രിക് ടൺ മഖാന ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. കയറ്റുമതി മൂല്യം 192.96 കോടി രൂപയിലേറെയാണ്. അമേരിക്ക 40 ശതമാനം, കാനഡ 20 ശതമാനം, യുഎഇ 17 ശതമാനം എന്നിങ്ങനെ ഈ മൂന്ന് വിപണികൾ ചേർന്ന് മൊത്തം കയറ്റുമതിയുടെ 77 ശതമാനം കൈവരിക്കുന്നു. ബ്രിട്ടന് 10 ശതമാനം വിപണി വിഹിതമുണ്ട്. ജർമനി, നേപ്പാൾ, ഓസ്ട്രേലിയ തുടങ്ങിയ ചെറിയ വിപണികളിൽ യൂണിറ്റിന് കൂടുതൽ വില ലഭിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
2025ന് മുമ്പ് മഖാനയ്ക്ക് പ്രത്യേക കയറ്റുമതി വർഗീകരണം ഉണ്ടായിരുന്നില്ല. തുടർന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് പൊരിച്ച മഖാനയ്ക്കും മറ്റു മഖാന ഉത്പന്നങ്ങൾക്കും പ്രത്യേക എച്ച്.എസ്.എൻ. കോഡ് കൊണ്ടുവന്നു. ഇതോടെ ഉത്പന്നത്തിന്റെ കയറ്റുമതി കണക്കുകൾ പ്രത്യേകമായി രേഖപ്പെടുത്താൻ സാധിച്ചു.
കർഷകർക്ക് 476 കോടി രൂപയുടെ കരുത്ത്
മഖാന വികസന കേന്ദ്രപദ്ധതിയിൽ 2025-26ൽ 30 കോടി രൂപയും 2026-27ൽ 90 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 1,010 ഹെക്ടർ അധികഭൂമി മഖാന കൃഷിയിലേക്ക് കൊണ്ടുവന്നു. 73 ഹെക്ടറിൽ വിത്തുത്പാദന പരിപാടിയും നടപ്പാക്കി. 89 മുൻനിര പ്രദർശന പരിപാടികളും സംഘടിപ്പിച്ചു. 2025-26ൽ രാജ്യത്തെ 8,159 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ദേശീയ മഖാന ഗവേഷണ കേന്ദ്രം ഉയർന്ന വിളവുള്ള വിത്തുകൾ, ജലക്ഷമ കൃഷിരീതികൾ, സംയോജിത കൃഷി, മഖാന-മത്സ്യ കൃഷി എന്നിവ വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെ 15,824.1 കിലോഗ്രാം ഉയർന്ന വിളവുള്ള വിത്തുകൾ വിതരണം ചെയ്തു. 2012 മുതൽ 2023 വരെ 3,000ത്തിലധികം കർഷകർക്ക് പരിശീലനം നൽകി. 24 സംരംഭങ്ങൾക്ക് സാങ്കേതിക സഹായവും നൽകി.
ആരോഗ്യഭക്ഷണത്തിൽ നിന്ന് തൊഴിൽ വിപണിയിലേക്ക്
കാർബോഹൈഡ്രേറ്റ്, ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ഘടകങ്ങൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. സോഡിയം കുറവാണ്. കൊളസ്ട്രോൾ ഇല്ല. 100 ഗ്രാമിൽ കൊഴുപ്പ് 0.33 ഗ്രാം മാത്രമാണെന്നും പ്രോട്ടീൻ ദഹനക്ഷമത ഏകദേശം 95 ശതമാനമാണെന്നും പി.ഐ.ബി. പശ്ചാത്തലക്കുറിപ്പ് പറയുന്നു.
വിത്ത് ശേഖരണം, ഉണക്കൽ, വൃത്തിയാക്കൽ, വറുത്ത് പൊട്ടിക്കൽ, തരംതിരിക്കൽ, മിനുക്കൽ, പാക്കിങ് എന്നിങ്ങനെ നിരവധി ഘട്ടങ്ങളാണ് മഖാനയുടെ മൂല്യശൃംഖലയിൽ ഉള്ളത്. രുചി ചേർത്ത മഖാന, ഉടൻ കഴിക്കാവുന്ന ലഘുഭക്ഷണം, മഖാനപ്പൊടി തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും വളരുകയാണ്. ആഭ്യന്തര-ആഗോള ആവശ്യം തുടരുന്നതിനാൽ കർഷക വരുമാനം, ഗ്രാമീണ തൊഴിൽ, കാർഷിക കയറ്റുമതി എന്നിവ വർധിപ്പിക്കാൻ മേഖലയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.
.
.