ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 12
ജൽ ജീവൻ മിഷൻ 2.0 നടപ്പാക്കുന്നത് വേഗത്തിലാക്കാനും വിവിധ ജില്ലകളിലെ മികച്ച പ്രവർത്തനരീതികൾ പങ്കുവെക്കാനുമായി കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ കുടിവെള്ള-ശുചിത്വ വകുപ്പ് പതിനൊന്നാമത് ജില്ലാ കളക്ടർമാരുടെ പെയ്ജൽ സംവാദ് നടത്തി. ഓഗസ്റ്റ് 11ന് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടി. മുതിർന്ന ഉദ്യോഗസ്ഥരും വിവിധ ജില്ലകളിലെ കളക്ടർമാരും ജില്ലാ മജിസ്ട്രേറ്റുമാരും ഡെപ്യൂട്ടി കമ്മീഷണർമാരും പങ്കെടുത്തു.
കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി അശോക് കെ.കെ. മീണയാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ കമൽ കിഷോർ സോൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുക, ജലസ്രോതസ്സുകളുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുക, സമൂഹത്തിന്റെ പങ്കാളിത്തം ശക്തമാക്കുക എന്നിവയ്ക്കാണ് യോഗം പ്രാധാന്യം നൽകിയത്.
കർണാടകയിലെ ഉത്തര കന്നഡ, ത്രിപുരയിലെ ഖോവായ്, രാജസ്ഥാനിലെ ദിദ്വാന കുചാമൻ, ജാർഖണ്ഡിലെ ചത്ര എന്നീ നാല് ജില്ലകളാണ് തങ്ങളുടെ പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചത്. ജലസ്രോതസ്സുകളുടെ സംരക്ഷണം, ബോധവത്കരണ പ്രവർത്തനങ്ങൾ, പരാതിപരിഹാരം, വിവിധ പദ്ധതികളുടെ ഏകോപനം തുടങ്ങിയ മേഖലകളിലെ അനുഭവങ്ങളാണ് മറ്റു ജില്ലകൾക്ക് മാതൃകയായി അവതരിപ്പിച്ചത്.
മഴവെള്ളം പിടിക്കണം, ജലസുരക്ഷ ഉറപ്പാക്കണം
ജില്ലാതല ജല-ശുചിത്വ മിഷൻ യോഗങ്ങൾ എല്ലാ മാസവും കൃത്യമായി നടത്തണമെന്നും യോഗനടപടികൾ ജൽ ജീവൻ മിഷന്റെ വിവരസംവിധാന പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും അശോക് കെ.കെ. മീണ ആവശ്യപ്പെട്ടു. ജലസ്രോതസ്സുകളുടെ നിലനിൽപ്പ് ശാസ്ത്രീയമായി വിലയിരുത്താൻ തീരുമാന സഹായ സംവിധാനം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൺസൂൺ കാലത്തെ ജലസംരക്ഷണം ശക്തമാക്കാൻ ‘ക്യാച്ച് ദ റെയിൻ – ജൽ സഞ്ചയ് ജൻ ഭാഗീദാരി’ പ്രചാരണം ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ ജല-ശുചിത്വ സമിതികൾ, സ്വയംസഹായ സംഘങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ വ്യാപിപ്പിക്കണം. മഴവെള്ള സംഭരണം, ഭൂഗർഭജല പുനഃനിറവ്, ദീർഘകാല ജലസുരക്ഷ എന്നിവയാണ് ലക്ഷ്യം.
പൂർത്തിയായ പദ്ധതികൾ നിർബന്ധമായ പരീക്ഷണ ഓട്ടവും കമ്മീഷനിങ് നടപടികളും കഴിഞ്ഞാൽ ‘ജൽ അർപ്പൺ’ ചടങ്ങുകളിലൂടെ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറണമെന്നും നിർദേശിച്ചു. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ഗ്രാമങ്ങളും ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും ‘ഹർ ഘർ ജൽ’ സർട്ടിഫിക്കേഷൻ നേടിയ സാഹചര്യത്തിൽ കുടിവെള്ള സംവിധാനങ്ങളുടെ നടത്തിപ്പ് സമൂഹത്തിന്റെ നേതൃത്വത്തിൽ സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ നേതൃത്വത്തിൽ ‘സുജലം ശക്തി’
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും മലിനജല കൈകാര്യം ചെയ്യുന്നതിനുമായി മറ്റ് സർക്കാർ പദ്ധതികളുമായി ഏകോപനം ശക്തമാക്കാനും പതിനാറാം ധനകാര്യ കമ്മീഷന്റെ ജല-ശുചിത്വ ബന്ധിത ഗ്രാന്റുകൾ കാര്യക്ഷമമായി ഉപയോഗിക്കാനും നിർദേശിച്ചു. ഗ്രാമതല കുടിവെള്ള സംവിധാനങ്ങളുടെ പരിപാലനത്തിന് ഉപഭോക്തൃ നിരക്ക് ശേഖരിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.
‘സുജലം ശക്തി’ നടപ്പാക്കാനുള്ള മാർഗരേഖയും വകുപ്പ് അവതരിപ്പിച്ചു. ജലഗുണനിലവാര പരിശോധന, സമൂഹപങ്കാളിത്തം, ജലസ്രോതസ്സുകളുടെ നിലനിൽപ്പ് എന്നിവ ശക്തിപ്പെടുത്താൻ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഗ്രാമതല സഹായസംഘങ്ങൾ രൂപീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഉത്തര കന്നഡയിൽ ജലസ്രോതസ്സുകളുടെ സമഗ്ര ഭൂപടം
ഉത്തര കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ. ലക്ഷ്മിപ്രിയയും ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ദിലീഷ് ശശിയും ജില്ലയിലെ മാതൃക അവതരിപ്പിച്ചു. കടൽത്തീരം, വനമേഖല, മലനിരകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ ഭൂപ്രകൃതിയിലും സ്ഥിരതയുള്ള ഗ്രാമീണ കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് അവർ വിശദീകരിച്ചത്.
തടാകങ്ങൾ, തുറന്ന കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയുടെ ഭൂപടം തയ്യാറാക്കുകയും ഭൂമിശാസ്ത്ര വിവരങ്ങൾ, ഭൂഗർഭജല വിലയിരുത്തൽ, പ്രാദേശിക വിഭവങ്ങളുടെ വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുതല ജലസുരക്ഷാ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്ക് വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനവും ലക്ഷ്യമിടുന്നു. വന-വന്യജീവി അനുമതികൾ നേടാൻ വനംവകുപ്പുമായി ഏകോപനവും നടത്തി.
പഞ്ചായത്ത് വികസന ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ഗ്രാമ ജല-ശുചിത്വ സമിതികളുടെ സ്ഥിരം യോഗങ്ങൾ, എൻജിനീയർമാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്നുള്ള പരിശോധനകൾ എന്നിവ പ്രാദേശിക ഉത്തരവാദിത്തം ശക്തമാക്കി. കുടിവെള്ള പദ്ധതികളുടെയും സേവനങ്ങളുടെയും വിവരങ്ങൾ ഗ്രാമപഞ്ചായത്തുതലത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഖോവായിൽ ആറായിരത്തിലേറെ വനിതകൾ രംഗത്ത്
ത്രിപുരയിലെ ഖോവായ് ജില്ലാ മജിസ്ട്രേറ്റും കളക്ടറുമായ രജത് പന്ത് ജില്ലയുടെ മാതൃക അവതരിപ്പിച്ചു. സ്ഥിരമായ ജില്ലാ യോഗങ്ങൾ, ഭൂസ്ഥാനം രേഖപ്പെടുത്തിയ നിരീക്ഷണം, മൂന്നാംകക്ഷി ഗുണനിലവാര പരിശോധന, ‘ജൽ അർപ്പൺ’ വഴി പദ്ധതികൾ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറൽ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
വിദൂര ആദിവാസി മേഖലകളിൽ കുടിവെള്ളം എത്തിക്കാൻ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റും എം.പി. പ്രാദേശിക വികസന ഫണ്ടും ഏകോപിപ്പിച്ചു. സ്കൂളുകൾ, സ്വയംസഹായ സംഘങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയെ ഉൾപ്പെടുത്തി വിപുലമായ ബോധവത്കരണവും നടത്തി. സ്കൂൾ വാട്ടർ ക്ലബ്ബുകളിൽ സ്വയംസഹായ സംഘങ്ങളിലെ വനിതകൾ വിദ്യാർഥികൾക്ക് ജലഗുണനിലവാര പരിശോധനയിൽ പരിശീലനം നൽകുന്നു. ആറായിരത്തിലേറെ സ്വയംസഹായ സംഘം വനിതകളാണ് സമൂഹ ബോധവത്കരണത്തിൽ പ്രവർത്തിക്കുന്നത്.
ജലസംഭരണ മേഖലകളുടെ സംരക്ഷണം, വനവത്കരണം, ഭൂഗർഭജല പുനഃനിറവ്, സോക്ക് പിറ്റുകളിലൂടെ മലിനജല നിയന്ത്രണം എന്നിവയും നടപ്പാക്കി. ജില്ലയിലെ 860 അങ്കണവാടികളിലും മഴവെള്ള സംഭരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
രാജസ്ഥാനിലും ജാർഖണ്ഡിലും വ്യത്യസ്ത പരിഹാരങ്ങൾ
രാജസ്ഥാനിലെ ദിദ്വാന കുചാമനിൽ ഫ്ലൂറൈഡും ലവണാംശവും കൂടുതലുള്ള ഭൂഗർഭജലം ദീർഘകാലമായി വലിയ പ്രശ്നമായിരുന്നുവെന്ന് ജില്ലാ കളക്ടർ അവധേഷ് മീണ പറഞ്ഞു. ഇതുമൂലം പല്ലുകളെയും അസ്ഥികളെയും ബാധിക്കുന്ന ഫ്ലൂറോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷിത കുടിവെള്ളത്തിനായി ഉപരിതല ജലത്തെ ആശ്രയിച്ചുള്ള മേഖലാ ജലവിതരണ പദ്ധതികൾ ശക്തമാക്കുകയും ഗ്രാമീണ പൈപ്പ് വെള്ള കണക്ഷനുകൾ വർധിപ്പിക്കുകയും ചെയ്തു.
പരമ്പരാഗത ജലസംഭരണ സംവിധാനങ്ങളുടെ നിർമാണവും പുനരുദ്ധാരണവും, ജലാശയങ്ങളുടെ നവീകരണം, മഴവെള്ള സംഭരണം എന്നിവയും നടപ്പാക്കി. ജലസംഭരണികൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ, പമ്പ് ഹൗസുകൾ, ഗ്രാമതല വിതരണ ശൃംഖലകൾ എന്നിവ തത്സമയം നിരീക്ഷിക്കുന്ന സാങ്കേതിക സംവിധാനവും ജില്ല ഉപയോഗിക്കുന്നു.
ജാർഖണ്ഡിലെ ചത്ര ഡെപ്യൂട്ടി കമ്മീഷണർ രവി ആനന്ദ് ‘പെയ്ജൽ പ്രശ്ന നിവാരൺ പഖ്വാഡ’ എന്ന പ്രത്യേക പരാതിപരിഹാര പരിപാടിയാണ് അവതരിപ്പിച്ചത്. കൈപ്പമ്പുകൾ, ഗ്രാമീണ ജലവിതരണ പദ്ധതികൾ, ജലക്ഷാമം, ജലസ്രോതസ്സുകളുടെ നിലനിൽപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ ഭരണകൂടം, സാങ്കേതിക വകുപ്പുകൾ, പഞ്ചായത്തുകൾ, നാട്ടുകാർ എന്നിവരെ ഒന്നിപ്പിച്ച് വേഗത്തിൽ പരിഹരിച്ചു.
ജലവിതരണ പദ്ധതികളുടെ വിദൂര നിരീക്ഷണം, ഗ്രാമങ്ങളിലെ യുവാക്കൾക്ക് പമ്പ് ഓപ്പറേറ്റർമാരായും പ്ലംബർമാരായും പരിശീലനം, വനിതകളുടെ നേതൃത്വത്തിലുള്ള ജലഗുണനിലവാര നിരീക്ഷണം എന്നിവയും നടപ്പാക്കുന്നു. വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെ 5,300ലേറെ സോക്ക് പിറ്റുകളും മഴവെള്ള സംഭരണ സംവിധാനങ്ങളും നിർമ്മിക്കുകയും കുളങ്ങളും ജലസംഭരണികളും പുനരുദ്ധരിക്കുകയും ചെയ്തു.
യോഗത്തിന്റെ സമാപനത്തിൽ കമൽ കിഷോർ സോൻ ജില്ലാ ജല-ശുചിത്വ മിഷൻ യോഗങ്ങൾ, ജില്ലാ ഡാഷ്ബോർഡുകൾ, ജില്ലാ സാങ്കേതിക യൂണിറ്റുകൾ എന്നിവ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ, പ്രാദേശിക സാങ്കേതിക ശേഷിവർധന, ‘സുജലം ശക്തി’ പദ്ധതിയിലൂടെ വനിതകൾക്കുള്ള പരിശീലനം എന്നിവ ഗ്രാമീണ കുടിവെള്ള സേവനങ്ങളുടെ ദീർഘകാല നിലനിൽപ്പിന് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
.