ന്യൂഡൽഹി / 2026 /ജൂലൈ 31
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് ഒന്നിന് ആന്ധ്രപ്രദേശും കർണാടകയും സന്ദർശിക്കും. രാവിലെ 11 മണിക്ക് വിജയനഗരം ജില്ലയിലെ ഭോഗാപുരം വിമാനത്താവളത്തിലെ യാത്രാ ടെർമിനൽ അദ്ദേഹം സന്ദർശിക്കും. 11.30ന് അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന് 17,900 കോടി രൂപയിലേറെ ചെലവുള്ള വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും.
ഭോഗാപുരത്ത് പുതിയ അന്താരാഷ്ട്ര വിമാനത്താവളം
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 5,640 കോടി രൂപ ചെലവിലാണ് ഭോഗാപുരത്തെ ഹരിത വിമാനത്താവളം നിർമിച്ചത്. വർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. നിർമിതബുദ്ധി, ബയോമെട്രിക് യാത്രക്കാരുടെ പരിശോധന, യന്ത്രവത്കൃത ബാഗേജ് സംവിധാനം, വിമാനത്താവള പ്രവർത്തനങ്ങൾ മുൻകൂട്ടി വിലയിരുത്തുന്ന കേന്ദ്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
അഞ്ച് മെഗാവാട്ട് സൗരോർജ നിലയം, മഴവെള്ള സംഭരണം, വൈദ്യുത വാഹന ചാർജിങ് സൗകര്യം, മാലിന്യ സംസ്കരണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും വിമാനത്താവളത്തിലുണ്ട്. ആന്ധ്രയിലെ പരമ്പരാഗത ചുട്ടിലു കുടിലുകൾ, അരക്കു താഴ്വര, പറക്കുന്ന മീൻ എന്നിവയിൽനിന്നാണ് ടെർമിനലിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനം ലഭിച്ചത്. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപം, തൊഴിൽ എന്നിവയ്ക്ക് പദ്ധതി കരുത്താകുമെന്നാണ് പ്രതീക്ഷ.
ആദ്യ സെമികണ്ടക്ടർ നിർമാണകേന്ദ്രം
വിശാഖപട്ടണത്ത് 460 കോടി രൂപയിലേറെ നിക്ഷേപത്തിൽ സ്ഥാപിക്കുന്ന സെമികണ്ടക്ടർ നിർമാണകേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. കൊറിയൻ കമ്പനിയായ അപാക്ടുമായി ചേർന്ന് എ.എസ്.ഐ.പി ടെക്നോളജീസാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യ സെമികണ്ടക്ടർ ദൗത്യത്തിന് കീഴിൽ അംഗീകാരം ലഭിച്ച ആന്ധ്രപ്രദേശിലെ ആദ്യ നിർമാണകേന്ദ്രമാണിത്. വർഷം ഏകദേശം 9.6 കോടി ചിപ്പുകൾ നിർമിക്കാനും വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
പുനരുപയോഗ ഊർജത്തിന് പുതിയ ശൃംഖല
കർണൂൽ പുനരുപയോഗ ഊർജ മേഖലയിൽനിന്നുള്ള 4.5 ജിഗാവാട്ട് വൈദ്യുതി ദേശീയ ശൃംഖലയിലേക്ക് എത്തിക്കുന്ന പദ്ധതിക്ക് 5,550 കോടി രൂപ ചെലവിടും. കർണൂൽ കാറ്റാടി-സൗരോർജ മേഖലയിലെ 3,550 കോടി രൂപയുടെ പ്രസരണ സംവിധാനവും ഉദ്ഘാടനം ചെയ്യും. അനന്തപുറം, കർണൂൽ സൗരോർജ മേഖലകൾക്കായി 820 കോടി രൂപയിലേറെ ചെലവിട്ട പദ്ധതിയും രാജ്യത്തിന് സമർപ്പിക്കും.
ഈ പദ്ധതികൾ പുനരുപയോഗ ഊർജം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ സഹായിക്കും. ശുദ്ധമായ വൈദ്യുതിയുടെ ലഭ്യത ഉയർത്താനും കൽക്കരി അടക്കമുള്ള പരമ്പരാഗത ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
ദേശീയപാതകൾക്ക് 1,880 കോടി
1,880 കോടി രൂപയിലേറെ ചെലവുള്ള ദേശീയപാത പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. റെച്ചർല–ഗുരുവായിഗുഡം, ഗുരുവായിഗുഡം–ദേവരപ്പള്ളി നാലുവരി ഹരിതപാതകളും താടിപത്രി ബൈപാസും രാജ്യത്തിന് സമർപ്പിക്കും. ലിംഗസമുദ്രത്തെ ഉയർന്ന പാലത്തിനും തറക്കല്ലിടും. വിശാഖപട്ടണം–ഹൈദരാബാദ് യാത്രാസമയവും ദൂരവും കുറയ്ക്കാനും വിജയവാഡയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
മൈസൂരുവിൽ വിവേക സ്മാരകം
വൈകിട്ട് 3.30ന് മൈസൂരുവിലെ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജനകേന്ദ്രമായ വിവേക സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1892 നവംബറിൽ വിവേകാനന്ദൻ മൈസൂരു സന്ദർശിച്ചതിന്റെ ഓർമയ്ക്കായാണ് ചരിത്രപ്രസിദ്ധമായ നിരഞ്ജന മഠത്തിൽ കേന്ദ്രം സ്ഥാപിച്ചത്.
81,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ള കേന്ദ്രത്തിൽ അനുഭവകേന്ദ്രം, പ്രദർശനശാല, 700 പേർക്ക് ഇരിക്കാവുന്ന തുറന്ന വേദി, ക്ലാസ് മുറികൾ, ഗ്രന്ഥശാല, വായനാമുറി, ധ്യാന-യോഗ ഹാൾ എന്നിവയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും പ്രത്യേക സൗകര്യമുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃത്വം, വ്യക്തിത്വ വികസനം എന്നിവയിലൂടെ പതിനായിരത്തിലേറെ വിദ്യാർഥികൾക്കും യുവാക്കൾക്കും കേന്ദ്രം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
.
.