ന്യൂഡൽഹി / 2026 / ജൂലൈ 29
ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ 12 മേഖലകളിലും നടക്കുന്ന പഴയ പൊടിയും മാലിന്യവും നീക്കുന്ന പ്രത്യേക പ്രചാരണത്തിന്റെ പുരോഗതി ദേശീയ തലസ്ഥാന മേഖലയിലെയും സമീപപ്രദേശങ്ങളിലെയും വായുഗുണനിലവാര മാനേജ്മെന്റ് കമ്മീഷൻ വിലയിരുത്തി. ജൂലൈ 28ന് അംഗ സെക്രട്ടറി തരുൺ കുമാർ പിതോഡെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പരിശോധന നടന്നത്. ഒറ്റത്തവണത്തെ ശുചീകരണമായി ഇത് അവസാനിപ്പിക്കരുതെന്നും ഘട്ടംഘട്ടമായി തുടർച്ചയായി നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും കണ്ടെത്തിയ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും പൊടി നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകി.
റോഡുകളിലെ പഴയ പൊടി ശാസ്ത്രീയമായി നീക്കും
മുനിസിപ്പൽ കോർപ്പറേഷന്റെ എല്ലാ മേഖലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരും പ്രതിനിധികളും പ്രവർത്തന പുരോഗതി, നേട്ടങ്ങൾ, നേരിട്ട വെല്ലുവിളികൾ, തുടർനടപടികൾ എന്നിവ യോഗത്തിൽ വിശദീകരിച്ചു. മേയ് 11ന് കമ്മീഷൻ നൽകിയ കത്തിന്റെ തുടർനടപടിയായാണ് യോഗം ചേർന്നത്.
റോഡുകൾ, റോഡരികുകൾ, മധ്യഭാഗങ്ങൾ, നടപ്പാതകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ പഴയ പൊടി കണ്ടെത്തി നീക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും ഡൽഹിയിലെ പൊടി നിയന്ത്രണ-പരിപാലന വിഭാഗങ്ങൾക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. യന്ത്രസഹായത്തോടെയുള്ള റോഡ് വൃത്തിയാക്കൽ, കൈകൊണ്ടുള്ള ശുചീകരണം, വെള്ളം തളിക്കൽ, അടിഞ്ഞുകൂടിയ പൊടിയും അവശിഷ്ടങ്ങളും നീക്കൽ, ശുചീകരണ തൊഴിലാളികളുടെ വിന്യാസം, സ്ഥലത്തെ നേരിട്ടുള്ള നിരീക്ഷണം എന്നിവയാണ് നടപ്പാക്കിയത്.
റോഹിണിയിൽ 2,950 ടണ്ണിലേറെ മാലിന്യം നീക്കി
റോഹിണി മേഖലയിൽ ജനുവരി ഒന്നു മുതൽ ജൂലൈ 26 വരെ 24,486 കിലോമീറ്റർ റോഡ് വൃത്തിയാക്കി. ഇവിടെനിന്ന് 2,950.40 മെട്രിക് ടൺ പഴയ പൊടിയും മാലിന്യവും നീക്കി. ഔട്ടർ നോർത്ത് മേഖലയിൽ മാർച്ച് ഒന്നു മുതൽ ജൂലൈ 28 വരെ 8,057 കിലോമീറ്ററിൽനിന്ന് 948.66 മെട്രിക് ടൺ മാലിന്യം നീക്കി.
നജഫ്ഗഢിൽ ജൂൺ അഞ്ച് മുതൽ ജൂലൈ 25 വരെ 24.5 കിലോമീറ്ററിൽനിന്ന് 270 മെട്രിക് ടൺ നീക്കി. കേശവപുരത്ത് മേയ് 18 മുതൽ 29 വരെ 117.5 കിലോമീറ്ററിൽനിന്ന് 218 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്തു. സിവിൽ ലൈൻസ് മേഖലയിൽ മേയ് ഒന്നു മുതൽ ജൂലൈ 26 വരെ 128 കിലോമീറ്ററിൽനിന്ന് 95.65 മെട്രിക് ടണ്ണും നീക്കി.
ഷഹ്ദാര നോർത്തിൽ 906 ടണ്ണിലേറെ പൊടി നീക്കം
പഴയ ഡൽഹി മേഖലയിൽ മേയ് 18 മുതൽ ജൂലൈ 27 വരെ 179.4 കിലോമീറ്ററിൽനിന്ന് 386.4 മെട്രിക് ടൺ മാലിന്യം നീക്കി. കരോൾബാഗിൽ മേയ് 18 മുതൽ ജൂൺ 27 വരെ 122 കിലോമീറ്ററിൽനിന്ന് 378 മെട്രിക് ടണ്ണും നീക്കം ചെയ്തു.
സെൻട്രൽ മേഖലയിൽ മേയ് 12 മുതൽ ജൂലൈ 28 വരെ പ്രതിദിനം 240 കിലോമീറ്റർ റോഡ് വൃത്തിയാക്കി. പ്രതിദിനം 12.8 മെട്രിക് ടൺ മാലിന്യം നീക്കിയതായും അധികൃതർ അറിയിച്ചു. വെസ്റ്റ് മേഖലയിൽ ജൂൺ ഒന്നു മുതൽ ജൂലൈ 28 വരെ 10,137.5 കിലോമീറ്ററിൽനിന്ന് 638.5 മെട്രിക് ടൺ നീക്കി.
ഷഹ്ദാര സൗത്ത് മേഖലയിൽ മേയ് ഒന്നു മുതൽ ജൂലൈ 26 വരെ 150 കിലോമീറ്ററിൽനിന്ന് 135.89 മെട്രിക് ടൺ മാലിന്യം നീക്കി. ഷഹ്ദാര നോർത്തിൽ ജൂൺ ആറ് മുതൽ ജൂലൈ 28 വരെ 81.7 കിലോമീറ്ററിൽനിന്ന് 906.8 മെട്രിക് ടണ്ണും നീക്കം ചെയ്തു. സൗത്ത് മേഖലയിൽ ജൂൺ ഒന്നു മുതൽ 30 വരെ പ്രതിദിനം അഞ്ച് കിലോമീറ്റർ വീതം വൃത്തിയാക്കി. ആകെ 623.49 മെട്രിക് ടൺ മാലിന്യം ഇവിടെനിന്ന് നീക്കി.
ഇടുങ്ങിയ റോഡുകളിൽ യന്ത്രങ്ങൾ ഉപയോഗിക്കാൻ തടസ്സം
ഒമ്പത് മീറ്ററിൽ താഴെ വീതിയുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ യന്ത്രസഹായത്തോടെയുള്ള റോഡ് വൃത്തിയാക്കൽ ഫലപ്രദമായി നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡുകളുടെ മധ്യഭാഗത്തെ ചെടികൾക്ക് മറ്റ് ഏജൻസികൾ വെള്ളമൊഴിക്കുമ്പോൾ വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകുന്നതും മണ്ണും പൊടിയും വീണ്ടും അടിഞ്ഞുകൂടാൻ കാരണമാകുന്നു.
പല റോഡുകളിലും അറ്റംവരെ കല്ലോ ടൈലോ പാകാത്തതിനാൽ തുറന്നുകിടക്കുന്ന മണ്ണിൽനിന്ന് വീണ്ടും പൊടി ഉയരുന്നു. ആവശ്യത്തിന് മാലിന്യപ്പെട്ടികൾ ഉണ്ടായിട്ടും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തുടരുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ശീലത്തിൽ മാറ്റം വരുത്താൻ ബോധവത്കരണ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തണമെന്നും ജനപങ്കാളിത്തവും ഉത്തരവാദിത്വവും വർധിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
റോഡരികിൽ പച്ചപ്പും മണ്ണുപിടിപ്പിക്കുന്ന ചെടികളും
ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനക്ഷമത കൂട്ടാൻ സ്ഥിരമായി പരിശീലനവും ശേഷിവികസന ശില്പശാലകളും നടത്തണം. വായുമലിനീകരണം കുറയ്ക്കുന്നതിനായി മാർച്ച് മൂന്നിന് പുറത്തിറക്കിയ ബോധവത്കരണ പ്രവർത്തന മാർഗരേഖ അനുസരിച്ചായിരിക്കണം പരിശീലനം.
റോഡുകളുടെ ഇരുവശവും പൂർണമായി പാകുകയും പച്ചപ്പ് വളർത്തുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികൾ മുൻഗണന നൽകണം. തുറന്നുകിടക്കുന്ന മണ്ണ് ഒഴിവാക്കി വീണ്ടും പൊടി ഉയരുന്നത് തടയുന്നതിനായി 2025 ജനുവരി ഏഴിന് കമ്മീഷൻ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കണം. തുറസ്സായ സ്ഥലങ്ങൾ അമിതമായി കോൺക്രീറ്റ് ചെയ്യുന്നതിന് പകരം മണ്ണൊലിപ്പ് തടയുകയും പൊടി വീണ്ടും ഉയരുന്നത് കുറയ്ക്കുകയും ചെയ്യുന്ന ചെടികൾ നട്ടുപിടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.