ന്യൂഡൽഹി / 2026 / ജൂലൈ 29
ഇന്ത്യയെ ആറാംതലമുറ ടെലികോം സാങ്കേതികവിദ്യയിലെ മുൻനിര രാജ്യമായി ഉയർത്താനുള്ള ഭാരത് 6ജി സഖ്യത്തിന്റെ പ്രവർത്തന പുരോഗതി കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വിലയിരുത്തി. കേന്ദ്ര വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയും ടെലികോം സെക്രട്ടറി അമിത് അഗ്രവാളും യോഗത്തിൽ പങ്കെടുത്തു. ഫൈവ്ജി ലാബുകളുടെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. 2030-ഓടെ ആറാംതലമുറ സാങ്കേതികവിദ്യയുടെ രൂപകൽപ്പനയിലും വികസനത്തിലും വിന്യാസത്തിലും ഇന്ത്യയെ മുൻനിര പങ്കാളിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഏഴ് മേഖലകളിൽ പ്രത്യേക പ്രവർത്തനസംഘങ്ങൾ
ഭാരത് 6ജി സഖ്യം ഇന്ത്യയുടെ ആറാംതലമുറ സാങ്കേതികവിദ്യാ ലക്ഷ്യങ്ങൾ നേടുന്നതിനായി സ്വീകരിച്ച നടപടികളാണ് യോഗത്തിൽ പരിശോധിച്ചത്. സ്പെക്ട്രം, ഉപകരണ സാങ്കേതികവിദ്യയും നിർമാണ സംവിധാനവും, സാങ്കേതികവിദ്യ, പ്രയോഗങ്ങൾ, പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും, ജനസമ്പർക്കം, ആറാംതലമുറ ഉപയോഗരീതികളും വരുമാനമാർഗങ്ങളും ഉൾപ്പെടുന്ന ഏഴ് പ്രത്യേക പ്രവർത്തനസംഘങ്ങളിലൂടെയാണ് സഖ്യം പ്രവർത്തിക്കുന്നത്.
സഖ്യത്തിലെ അംഗസ്ഥാപനങ്ങൾ ഫൈവ്ജി, സിക്സ്ജി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട 7,700-ലധികം പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 4,400-ലധികം വിദേശ അപേക്ഷകളാണ്. ഇന്ത്യയുടെ ഗവേഷണ, നൂതനാശയ മേഖലയുടെ വളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ആഗോള മൊബൈൽ ആശയവിനിമയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന ത്രീജിപിപിയിലെ ഇന്ത്യൻ പങ്കാളിത്തവും വർധിച്ചു. 2020-ൽ 717 ഇന്ത്യൻ പ്രതിനിധികളുണ്ടായിരുന്നത് 2025-ൽ 1,787 ആയി. ഇതേ കാലയളവിൽ ഇന്ത്യയിൽനിന്നുള്ള സാങ്കേതിക സംഭാവനകൾ 196-ൽനിന്ന് 2,943 ആയി ഉയർന്നു.
ആഗോള മാനദണ്ഡങ്ങളിൽ ഇന്ത്യൻ സാങ്കേതികവിദ്യയും
ടെലികോം സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് സൊസൈറ്റി ഇന്ത്യയുടെ ആറാംതലമുറ സാങ്കേതികവിദ്യാ മാനദണ്ഡ നിർമാണ പ്രവർത്തനങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ആഗോള മാനദണ്ഡ രൂപീകരണത്തിൽ ഇന്ത്യ സജീവവും അർഥവത്തുമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
ഇന്ത്യയിലെ നൂതനാശയങ്ങളും സാങ്കേതികവിദ്യകളും പ്രയോഗരീതികളും ആവശ്യങ്ങളും ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന ആറാംതലമുറ മാനദണ്ഡങ്ങളുടെ ഭാഗമാകണമെന്നും യോഗം വ്യക്തമാക്കി.
സാങ്കേതികവിദ്യ, പ്രയോഗങ്ങളും ഉപയോഗരീതികളും വരുമാനമാർഗങ്ങളും, പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും, സ്പെക്ട്രം, ഉപകരണങ്ങൾ, ഘടകങ്ങൾ, സെൻസറുകൾ, നിർമാണ സംവിധാനം, ജനസമ്പർക്കം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനസംഘങ്ങളുടെ മൂന്നുമാസ പ്രവർത്തന റിപ്പോർട്ടുകളും അവതരിപ്പിച്ചു.
തദ്ദേശീയ ഗവേഷണവും വികസനവും വേഗത്തിലാക്കുക, പുതിയ പ്രയോഗസാധ്യതകൾ കണ്ടെത്തുക, സ്പെക്ട്രം തന്ത്രങ്ങൾ ശക്തിപ്പെടുത്തുക, ഊർജക്ഷമമായ സുസ്ഥിര സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, ഉപകരണ നിർമാണത്തിൽ ആഭ്യന്തര ശേഷി വർധിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
ഗവേഷണം മുതൽ വിപണിവരെ ശക്തമായ ബന്ധം
ഗവേഷണം, നൂതനാശയം, മാനദണ്ഡ നിർമാണം, ഉത്പാദനം, വിപണിയിലെ വിന്യാസം എന്നിവയെ ബന്ധിപ്പിക്കുന്ന സമഗ്രമായ ടെലികോം സംവിധാനം ഇന്ത്യയിൽ രൂപപ്പെടുത്തണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യാ വികസനം വേഗത്തിലാക്കാനും ഗവേഷണഫലങ്ങളെ പ്രായോഗിക ഉത്പന്നങ്ങളാക്കി മാറ്റാനും ആഗോളതലത്തിൽ മത്സരിക്കാവുന്ന ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനും സർക്കാർ, വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം.
പുതിയ സാങ്കേതികവിദ്യകൾ, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് യോഗത്തിൽ തുറന്ന ചർച്ചയും നടന്നു. സാങ്കേതികവിദ്യാ വികസനം, മാനദണ്ഡ നിർമാണം, സ്പെക്ട്രം, സുസ്ഥിര ആശയവിനിമയം, ഉപകരണ നിർമാണം, പ്രയോഗങ്ങൾ, വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം എന്നിവയും ചർച്ചയായി.
നാല് വിഭാഗങ്ങളിലും കുർണൂൽ സ്ഥാപനം ഒന്നാമത്
2026 ജനുവരി മുതൽ ജൂൺ വരെയുള്ള ഫൈവ്ജി ലാബുകളുടെ പ്രവർത്തനം വിലയിരുത്തിയാണ് നാല് വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകിയത്. ലാബുകളുടെ ഉപയോഗം, പങ്കാളിത്തം, നൂതനാശയം, ഫൈവ്ജി, ഫൈവ്ജി അഡ്വാൻസ്ഡ് സാങ്കേതികവിദ്യകളിലെ മൊത്തത്തിലുള്ള മികവ് എന്നിവ പരിഗണിച്ചു.
ഫൈവ്ജി ലാബ് മികവ് പുരസ്കാരത്തിൽ കുർണൂലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് ഒന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്രയിലെ ഡി.കെ.ടി.ഇ ടെക്സ്റ്റൈൽ ആൻഡ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാമതും റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മൂന്നാമതുമെത്തി.
ലാബ് ഉപയോഗമികവിൽ കുർണൂൽ സ്ഥാപനം ഒന്നാമതും റോപ്പർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രണ്ടാമതും ചണ്ഡീഗഢ് പി.ഇ.സി മൂന്നാമതുമെത്തി.
ലാബ് പങ്കാളിത്ത മികവിൽ കുർണൂൽ സ്ഥാപനം ഒന്നാം സ്ഥാനം നേടി. റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തെഹ്രിയിലെ ടി.എച്ച്.ഡി.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോപവർ എൻജിനീയറിങ് ആൻഡ് ടെക്നോളജിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
നൂതനാശയ മികവിലും കുർണൂൽ സ്ഥാപനം ഒന്നാമതെത്തി. മഹാരാഷ്ട്രയിലെ ഡി.കെ.ടി.ഇ സ്ഥാപനം രണ്ടാമതും ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മൂന്നാമതുമെത്തി. നാല് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് കുർണൂൽ സ്ഥാപനം രാജ്യത്തെ ഫൈവ്ജി ഉപയോഗ ലാബുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.
ആഗോള മുന്നേറ്റവുമായി ഇന്ത്യയെ താരതമ്യം ചെയ്യണം
കഴിഞ്ഞ യോഗത്തിനുശേഷം വലിയ പുരോഗതിയുണ്ടായതായി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടിയ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത ലക്ഷ്യങ്ങളും വേഗത്തിൽ നേടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആറാംതലമുറ സാങ്കേതികവിദ്യയിൽ മറ്റ് രാജ്യാന്തര കൂട്ടായ്മകൾ കൈവരിച്ച പുരോഗതിയുമായി ഇന്ത്യയുടെ പ്രവർത്തനം താരതമ്യം ചെയ്യണം. പിന്നാക്കം നിൽക്കുന്ന മേഖലകൾ കണ്ടെത്തണം. ആഗോളതലത്തിലെ മികച്ച പ്രവർത്തനരീതികളിൽനിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് പ്രവർത്തനസംഘങ്ങളും ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തണം. സംഘങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തണം. വിദ്യാഭ്യാസം, ഗവേഷണം, വികസനം, ലോകനിലവാരമുള്ള പരിശോധനാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ സംവിധാനം രൂപപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സുരക്ഷിതവും പ്രതിസന്ധികളെ അതിജീവിക്കാവുന്നതും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടെലികോം സംവിധാനം വേണം. ഗവേഷണം, നൂതനാശയം, മാനദണ്ഡങ്ങൾ, നിർമാണം, പ്രയോഗങ്ങൾ എന്നിവ ഒരുമിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് പുതുതലമുറ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം അതിന്റെ ആഗോള വികസനത്തിലും നിർണായക പങ്കുവഹിക്കാൻ കഴിയുകയെന്നും സിന്ധ്യ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി മുഖ്യപ്രഭാഷണം നടത്തി. ഭാവിക്കനുയോജ്യമായ ടെലികോം സംവിധാനം രൂപപ്പെടുത്തുന്നതിന് നൂതനാശയം, ഗവേഷണം, വികസനം എന്നിവയ്ക്കൊപ്പം സർക്കാർ, വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള അടുത്ത സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശീയ സാങ്കേതികവിദ്യാ വികസനം വേഗത്തിലാക്കണം. പ്രതിഭകളെ വളർത്തണം. പുതുതലമുറ ആശയവിനിമയ സാങ്കേതികവിദ്യകൾക്കാവശ്യമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കും നൂതനാശയ പ്രവർത്തകർക്കും അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്നതിൽ ഭാരത് 6ജി സഖ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി പെമ്മസാനി പറഞ്ഞു. നൂതനാശയം, തദ്ദേശീയ സാങ്കേതികവിദ്യാ വികസനം, ആഗോള മാനദണ്ഡ നിർമാണം എന്നിവയ്ക്ക് സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്.
എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണം. പ്രവർത്തനസംഘങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണം. ഗവേഷണം, പരിശോധന, മാനദണ്ഡ നിർമാണം എന്നിവ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ, പ്രയോഗങ്ങൾ, ഉപയോഗരീതികൾ, സുസ്ഥിരത, സ്പെക്ട്രം, ഉപകരണ നിർമാണം, മാനദണ്ഡ രൂപീകരണം, ജനസമ്പർക്കം എന്നിവയിലെ ഏകോപിത പ്രവർത്തനത്തിലൂടെ ഇന്ത്യയുടെ ആറാംതലമുറ യാത്ര വേഗത്തിലാക്കുമെന്ന് അവലോകനയോഗം വ്യക്തമാക്കി.
തദ്ദേശീയവും ആഗോള സംവിധാനങ്ങളുമായി ഒത്തുപോകുന്നതുമായ ഭാവിക്കനുയോജ്യമായ ടെലികോം സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് യോഗം കൂടുതൽ കരുത്തുനൽകി. ആറാംതലമുറ നൂതനാശയം, സാങ്കേതികവിദ്യ, മാനദണ്ഡങ്ങൾ, വിന്യാസം എന്നിവയുടെ പ്രധാന ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയർത്താനാണ് ശ്രമം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായം, സ്റ്റാർട്ടപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന സഹകരണ വേദിയാണ് ഭാരത് 6ജി സഖ്യം. ഗവേഷണം, വികസനം, നൂതനാശയം, മാനദണ്ഡ നിർമാണം എന്നിവയിലൂടെ പുതുതലമുറ ആശയവിനിമയ സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് ആഗോള നേതൃത്വം നേടിക്കൊടുക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.