ന്യൂഡൽഹ / 2026 / ജൂലൈ 29
രാഷ്ട്രപതി പദവിയിൽ നാല് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലും രാഷ്ട്രപതിയുടെ വിവിധ എസ്റ്റേറ്റുകളിലുമായി നിരവധി പുതിയ പദ്ധതികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു തുടക്കമിട്ടു. ജൂലൈ 25നാണ് അവർ പദവിയിൽ നാല് വർഷം പൂർത്തിയാക്കിയത്. ഇതോടനുബന്ധിച്ച് ജൂലൈ 28ന് പദ്ധതികളുടെ ഉദ്ഘാടനവും നിർമാണപ്രവർത്തനങ്ങളുടെ തറക്കല്ലിടലും നടന്നു. സന്ദർശകർ, ജീവനക്കാർ, കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കു കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.
സന്ദർശകർക്ക് ഇനി ശബ്ദസഹായി
രാഷ്ട്രപതി ഭവനിലെത്തുന്ന സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്താൻ ആപ്ലിക്കേഷൻ അടിസ്ഥാനത്തിലുള്ള ഇ-ഓഡിയോ ഗൈഡ് പുറത്തിറക്കി. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം 14 ഇന്ത്യൻ ഭാഷകളിലും ഇത് ലഭ്യമാകും. സന്ദർശകർക്കായി ആംഗ്യഭാഷാ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുലേലത്തിനായി തിരഞ്ഞെടുത്ത 300 രാഷ്ട്രപതി സമ്മാനങ്ങൾ ഉൾപ്പെടുത്തി ഇ-ഉപഹാറിന്റെ മൂന്നാം പതിപ്പും പുറത്തിറക്കി. 2026 ആഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ലേലം നടക്കുക.
കുട്ടികൾക്കായി ‘ബച്ച്പൻ’ ബാലപരിസരം
രാഷ്ട്രപതി എസ്റ്റേറ്റിലെ കുട്ടികൾക്കായി ‘ബച്ച്പൻ’ ബാലപരിസരം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് കളിക്കാനുള്ള ‘കിൽക്കാരി’ കളിസ്ഥലവും സുരക്ഷിതവും പരിചരണപൂർണവുമായ അന്തരീക്ഷം ഒരുക്കുന്ന ‘സമർഥ് അങ്കണവാടി കം പാൽന’ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
കുട്ടികളുടെ വളർച്ചയ്ക്കും സമഗ്ര വികസനത്തിനും സഹായിക്കുന്ന തരത്തിലാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
വനിതകൾ നയിക്കുന്ന സൗജന്യ വൈദ്യുത ബസ്
ഹരിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ യാത്രാസൗകര്യം പ്രോത്സാഹിപ്പിക്കാൻ ‘രാഷ്ട്രപതി ഭവൻ ആക്സസ് ആൻഡ് ഹെറിറ്റേജ് ഇന്റർകണക്ടർ’ എന്ന റാഹി സൗജന്യ വൈദ്യുത ബസ് സർവീസും ആരംഭിച്ചു. വനിതാ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് ബസ് സർവീസ് നടത്തുന്നത്.
രാഷ്ട്രപതി എസ്റ്റേറ്റിലെ ജീവനക്കാർക്കും താമസക്കാർക്കും വേണ്ടിയാണ് സർവീസ്. എസ്റ്റേറ്റിനകത്തും അടുത്തുള്ള മെട്രോ സ്റ്റേഷൻ വരെയും യാത്രാസൗകര്യം ലഭിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.
നെറ്റ് സീറോ എനർജി പദ്ധതിയുടെ ഭാഗമായി പുതിയ സർവീസ് ബ്ലോക്കിന്റെ നിർമാണത്തിനും രാഷ്ട്രപതി തറക്കല്ലിട്ടു. ഡെറാഡൂണിലെ രാഷ്ട്രപതി നികേതനിലും സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയത്തിലും താമസസൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി എസ്റ്റേറ്റിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സ് നവീകരിക്കുന്നതിനുള്ള തറക്കല്ലിടലും നടന്നു.
ഇന്ത്യൻ പാരമ്പര്യത്തിന്റെ സജീവ പ്രതീകം
ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ ആദർശങ്ങളുടെയും സജീവ പ്രതീകമായി രാഷ്ട്രപതി ഭവനെ നിലനിർത്താൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടാൻ നിരവധി നടപടികൾ സ്വീകരിച്ചു. ചക്രവർത്തി രാജഗോപാലാചാരിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. പരംവീർ ദീർഘയും ഗ്രന്ഥ് കുടീറും ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക മുറികൾക്ക് കൂടുതൽ ഇന്ത്യൻ സ്വഭാവം നൽകി. ഔദ്യോഗിക സ്വീകരണങ്ങളിൽ ഇന്ത്യൻ കലകൾക്കും പാരമ്പര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി.
നാല് വർഷത്തെ പ്രവർത്തനങ്ങൾ പുസ്തകങ്ങളായി
രാഷ്ട്രപതി ഭവനിൽ പിന്നീട് നടന്ന പ്രത്യേക ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നാല് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി എൽ. മുരുകനും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പുസ്തകങ്ങളുടെ ആദ്യപ്രതികൾ രാഷ്ട്രപതിക്ക് കൈമാറി.
‘രാഷ്ട്രപതി ഭവൻ: രാഷ്ട്ര കാ ഭവൻ’ ആദ്യവർഷത്തെയും ‘സേവ ഔർ സംവേദന’ രണ്ടാംവർഷത്തെയും ‘സമാവേശി സഹഭാഗിത’ മൂന്നാംവർഷത്തെയും ‘ഭാരതീയത കാ ഉത്സവ്’ നാലാംവർഷത്തെയും പ്രവർത്തനങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രമുഖർ ഒഡിയ ഭാഷയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘ആമ രാഷ്ട്രപതി-ആമ ഗൗരവ്’ എന്ന പുസ്തകവും പുറത്തിറക്കി.
പുസ്തകങ്ങളുടെ പേരുകൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യത്തിലുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി ഭവന്റെ പാരമ്പര്യവും പ്രവർത്തനരീതിയും വിവിധ സവിശേഷതകളും വായനക്കാർക്ക് പരിചയപ്പെടുത്താൻ ചിത്രങ്ങളോടുകൂടിയ പുസ്തകങ്ങൾ സഹായിക്കുമെന്നും അവർ പറഞ്ഞു. സ്വന്തം പൈതൃകത്തിൽ അഭിമാനം പുലർത്തിക്കൊണ്ട് പുരോഗതിയുടെ വഴിയിലൂടെ മുന്നേറാൻ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലാണ് പുസ്തകങ്ങളുടെ യഥാർഥ പ്രാധാന്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
2022 ജൂലൈ 25ന് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ ബഹുമതിയേക്കാൾ വലിയ ഉത്തരവാദിത്വമായാണ് പദവിയെ കണ്ടതെന്ന് ദ്രൗപദി മുർമു പറഞ്ഞു. കഴിഞ്ഞ നാല് വർഷവും ഇതേ ഉത്തരവാദിത്വബോധത്തോടെയാണ് ചുമതലകൾ നിർവഹിച്ചതെന്നും അവർ വ്യക്തമാക്കി.
രാഷ്ട്രപതി ഭവനിലോ സംസ്ഥാന സന്ദർശനങ്ങളിലോ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ കാണുമ്പോൾ ധാർമിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പ്രവർത്തിക്കാനും ആവശ്യപ്പെടാറുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകൾ സ്വയംപര്യാപ്തരാകണമെന്നും ആത്മവിശ്വാസത്തോടെ പുരോഗതിയുടെ വഴിയിലൂടെ മുന്നേറണമെന്നും അവർ ആഹ്വാനം ചെയ്തു.
ആദിവാസി സമൂഹങ്ങളുമായി സംസാരിക്കുമ്പോൾ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വികസനത്തിന്റെ മുഖ്യധാരയിൽ പങ്കാളികളാകണമെന്നും ആവശ്യപ്പെടാറുണ്ട്. വിദേശയാത്രകളിൽ അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ കാണുകയും ഇന്ത്യയുടെ വികസനയാത്രയിൽ സംഭാവന നൽകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടെ വിനയം, വിവേകം, ഭരണഘടനയോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ദ്രൗപദി മുർമു രാഷ്ട്രപതി പദവിയുടെ മഹത്വം ഉയർത്തിയതായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ഒഡിഷയിലെ വിദൂര ആദിവാസി ഗ്രാമത്തിലെ സാധാരണ ജീവിതത്തിൽനിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലെത്തിയ അവരുടെ ജീവിതയാത്ര ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡ് ഗവർണറായിരുന്ന കാലത്ത് താൻ കണ്ടുമുട്ടിയ ജനങ്ങൾ ദ്രൗപദി മുർമുവിന്റെ ഗവർണർ കാലത്തെ സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അമൃത് ഉദ്യാൻ, രാഷ്ട്രപതി നികേതനും രാഷ്ട്രപതി തപോവനും പൊതുജനങ്ങൾക്കായി തുറന്നത്, രാഷ്ട്രപതി ഭവനെ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കിയത്, ചക്രവർത്തി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചത് എന്നിവ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോളനിവാഴ്ചയുടെ മനോഭാവം മാറ്റി രാഷ്ട്രപതി പദവിയെ ജനങ്ങളോട് കൂടുതൽ അടുപ്പിക്കാനുള്ള കാഴ്ചപ്പാടാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്താലി ഭാഷയിൽ ഓൾ ചിക്കി ലിപിയിൽ ഇന്ത്യൻ ഭരണഘടന പുറത്തിറക്കിയത് ആദിവാസി സമൂഹത്തിന് അഭിമാനം നൽകിയ ചരിത്രപരമായ നടപടിയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ഭാഷാ-സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഉറപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാബോധം, സേവനം, കരുണ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, സാംസ്കാരിക ആത്മവിശ്വാസം, ദേശീയ ഐക്യം എന്നിവയാണ് കഴിഞ്ഞ നാല് വർഷത്തെ അടയാളപ്പെടുത്തിയ മൂല്യങ്ങൾ. ഈ മൂല്യങ്ങൾ സംരക്ഷിക്കാൻ പുറത്തിറക്കിയ പുസ്തകങ്ങൾ സഹായിക്കുമെന്നും ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.