ന്യൂഡൽഹി, 2026 ജൂലൈ 22
കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഡിജിറ്റൽ അടിമത്തം തടയാനും സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം ഒരുക്കാനും കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി. രാജ്യത്താകെ നടത്തിയ 6,650 സൈബർ ബോധവത്കരണ ശിൽപ്പശാലകളിലൂടെ 11.37 ലക്ഷത്തിലധികം പേരിലെത്തി. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ 50 ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ലഭ്യമാകാത്തവിധം തടഞ്ഞു. കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിലാണ് വിവരങ്ങൾ അറിയിച്ചത്.
സുരക്ഷിതമായ ഇന്റർനെറ്റിന് നിയമസംരക്ഷണം
കുട്ടികൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് സർക്കാർ നയങ്ങളുടെ ലക്ഷ്യം. വിവരസാങ്കേതിക നിയമം 2000, വിവരസാങ്കേതിക ഇടനിലക്കാരുടെ മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാർമികചട്ടങ്ങളും സംബന്ധിച്ച 2021ലെ നിയമങ്ങൾ എന്നിവയാണ് ഡിജിറ്റൽ ക്ഷേമത്തിനും ഉപയോക്തൃ സംരക്ഷണത്തിനും നിയമചട്ടക്കൂട് ഒരുക്കുന്നത്.
കുട്ടികൾക്ക് ഹാനികരമായതോ നിലവിലെ നിയമങ്ങൾ ലംഘിക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ഉപയോക്താക്കളെ അറിയിക്കേണ്ട ഉത്തരവാദിത്തം സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടനിലക്കാർക്കുണ്ട്. കോടതി ഉത്തരവോ സർക്കാർ ഏജൻസിയുടെ കാരണസഹിതമായ അറിയിപ്പോ ലഭിച്ചാൽ നിയമവിരുദ്ധ ഉള്ളടക്കം മൂന്നുമണിക്കൂറിനുള്ളിൽ നീക്കണമെന്നും പുതിയ ഭേദഗതികൾ വ്യക്തമാക്കുന്നു.
കുട്ടികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ കരുതൽ
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം 2023 കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമപരമായ സംവിധാനം ഒരുക്കുന്നു. കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. കുട്ടികളെ പിന്തുടരൽ, അവരുടെ ഓൺലൈൻ പെരുമാറ്റം നിരീക്ഷിക്കൽ, ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകൽ തുടങ്ങിയ ക്ഷേമത്തിന് ദോഷകരമായ രീതികളും നിരോധിച്ചിട്ടുണ്ട്.
യുവാക്കൾക്കിടയിലെ ഡിജിറ്റൽ അടിമത്തവും സാമ്പത്തിക നഷ്ടവും തടയുന്നതിനുള്ള പ്രധാന നടപടിയായാണ് ഓൺലൈൻ ഗെയിമിങ് പ്രോത്സാഹന-നിയന്ത്രണ നിയമം 2025 നടപ്പാക്കിയത്. നിയമവിരുദ്ധ ഉള്ളടക്കം നീക്കാനോ ലഭ്യത തടയാനോ വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ സർക്കാരിന് അധികാരം നൽകുന്നു.
അശ്ലീല ഉള്ളടക്കത്തിന് കടുത്ത നടപടി
പരാതികളുടെ അടിസ്ഥാനത്തിൽ സാമൂഹിക മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമെതിരെ സർക്കാർ പതിവായി നടപടി സ്വീകരിക്കുന്നുണ്ട്. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിനും വിവരസാങ്കേതിക നിയമത്തിലെ 67, 67എ വകുപ്പുകൾ, ഭാരതീയ ന്യായസംഹിതയിലെ 294-ാം വകുപ്പ്, സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്നത് തടയുന്ന 1986ലെ നിയമം എന്നിവ ലംഘിച്ചതിനുമാണ് 50 ഒടിടി പ്ലാറ്റ്ഫോമുകളുടെ ലഭ്യത തടഞ്ഞത്.
യുവാക്കളിൽ ഡിജിറ്റൽ അടിമത്തം ഗുരുതരം
2025-26ലെ സാമ്പത്തിക സർവേ ഡിജിറ്റൽ അടിമത്തത്തെ ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയായാണ് വിശേഷിപ്പിക്കുന്നത്. സ്മാർട്ട്ഫോണും ഇന്റർനെറ്റും വ്യാപകമായി ഉപയോഗിക്കുന്ന 15 മുതൽ 29 വയസുവരെയുള്ള കുട്ടികളെയും യുവാക്കളെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
അമിതമായ ഗെയിമിങ്, സാമൂഹിക മാധ്യമ ഉപയോഗം, ഓൺലൈൻ ചൂതാട്ടം എന്നിവ ചിന്താശേഷിയുടെ വളർച്ച, പഠനനിലവാരം, ജോലി ഉൽപാദനക്ഷമത, സാമൂഹിക ബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയെ ബാധിക്കുന്നതായി സർവേ പറയുന്നു. ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, സൈബർ പീഡനം, സാമ്പത്തിക നഷ്ടം തുടങ്ങിയ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകുന്നു.
11.37 ലക്ഷം പേരിലേക്ക് ബോധവത്കരണം
വിവരസുരക്ഷാ രംഗത്ത് വിദഗ്ധരെ വളർത്താനും പൊതുജനങ്ങളിൽ സൈബർ ശുചിത്വം, സൈബർ സുരക്ഷ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്താനും വിവരസുരക്ഷാ വിദ്യാഭ്യാസ-ബോധവത്കരണ പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. സ്കൂൾ-കോളജ് വിദ്യാർത്ഥികൾ, അധ്യാപകർ, നിയമപാലകർ, സർക്കാർ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി 6,650 ശിൽപ്പശാലകളാണ് ഇതുവരെ നടത്തിയത്.
കൈപ്പുസ്തകങ്ങൾ, ഹ്രസ്വ ദൃശ്യങ്ങൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, കുട്ടികൾക്കുള്ള ചിത്രകഥകൾ തുടങ്ങിയ ബഹുഭാഷാ ബോധവത്കരണ സാമഗ്രികളും അച്ചടി, ദൃശ്യമാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചരിപ്പിക്കുന്നു. സൈബർ ആക്രമണങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, കുട്ടികളുടെ ഓൺലൈൻ സുരക്ഷ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും സുരക്ഷാനിർദേശങ്ങളും ഇന്ത്യൻ കംപ്യൂട്ടർ അടിയന്തര പ്രതികരണ സംഘം പതിവായി നൽകുന്നുണ്ട്.
വിദ്യാർത്ഥികളുടെ ക്ഷേമവും സാമൂഹിക മാധ്യമങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉത്തരവാദിത്തമുള്ള ഉപയോഗവും ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം 2020 ജൂലൈയിൽ പ്രജ്ഞത ഡിജിറ്റൽ വിദ്യാഭ്യാസ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അധ്യാപകർക്ക് സൈബർ സുരക്ഷാ പരിശീലനം, സൈബർ സുരക്ഷാ കൈപ്പുസ്തകം, സ്കൂളുകളിൽ സൈബർ ക്ലബ്ബുകൾ തുടങ്ങിയ നടപടികൾ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡും സ്വീകരിച്ചിട്ടുണ്ട്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ സാമൂഹിക പ്രത്യാഘാതങ്ങൾ എന്ന അധ്യായത്തിലൂടെ സൈബർ സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗൺസിലിന്റെ വിദ്യാഭ്യാസ സാങ്കേതികവിദ്യാ വിഭാഗവും സൈബർ സുരക്ഷാ പഠനസാമഗ്രികൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.