ന്യൂഡൽഹി, 2026 ജൂലൈ 16
ഇന്നത്തെ ജോലികൾക്കു മാത്രമല്ല, നാളെയുണ്ടാകുന്ന അവസരങ്ങൾക്കും യുവാക്കളെ തയ്യാറാക്കണമെന്ന് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ന്യൂഡൽഹിയിലെ കൗശൽ ഭവനിൽ ജൂലൈ 15ന് നടന്ന ലോക യുവജന നൈപുണ്യ ദിനാചരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഠനം തുടരുകയും മാറ്റങ്ങളോട് പൊരുത്തപ്പെടുകയും പുതുമകൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്കാണ് ഭാവിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സ്കിൽസ് മത്സരങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ, അപ്രന്റിസ്ഷിപ്പുകൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ യുവാക്കൾക്ക് ഇന്ത്യയിലും വിദേശത്തും അവസരങ്ങൾ ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ സ്കിൽസ് മത്സരത്തിന് രജിസ്ട്രേഷൻ തുടങ്ങി
വ്യവസായ മേഖലയുമായി ബന്ധപ്പെട്ട 63 നൈപുണ്യ വിഭാഗങ്ങൾ ഉൾപ്പെടുത്തിയ ഇന്ത്യ സ്കിൽസ് മത്സരം 2026–27ന്റെ മാർഗനിർദേശങ്ങൾ ചടങ്ങിൽ പുറത്തിറക്കി. രാജ്യത്തെ താൽപര്യമുള്ള മത്സരാർഥികൾക്കായി സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബിൽ രജിസ്ട്രേഷനും ആരംഭിച്ചു. ഇന്ത്യ സ്കിൽസ്, വേൾഡ് സ്കിൽസ് മത്സരങ്ങളിലെ മുൻ ജേതാക്കളെ പരിശീലകരും പ്രചാരകരുമായി ഒരുമിപ്പിക്കുന്ന വേൾഡ് സ്കിൽസ് ഇന്ത്യ ചാമ്പ്യൻസ് ക്ലബ്ബും ആരംഭിച്ചു. ഓസ്ട്രേലിയയിലെ ഗ്ലോബൽ സ്കിൽസ് ചലഞ്ചിലും തായ്പേയ് ക്യാപിറ്റൽ കപ്പിലും മൂന്ന് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം, മൂന്ന് മെറിറ്റ് പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ താരങ്ങളെ ആദരിച്ചു.
ഒന്നര ലക്ഷം പരിചരണ ജീവനക്കാർക്ക് പരിശീലനം
സ്കിൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ ലോകനിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും വ്യവസായ പങ്കാളിത്തവും ഉറപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കി. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയ്ക്കു കീഴിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയുന്ന പരിചരണ ജീവനക്കാർക്കായുള്ള പരിശീലന പദ്ധതിയും അവതരിപ്പിച്ചു. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി ഒന്നര ലക്ഷം പേരെ പരിശീലിപ്പിക്കാനാണ് ലക്ഷ്യം. ഇതിൽ 1.3 ലക്ഷം പേർക്ക് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സംവിധാനത്തിലൂടെ പരിശീലനം നൽകും. ആരോഗ്യപരിചരണം, വയോജന സംരക്ഷണം, വീടുകളിലെ പരിചരണം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അപ്രന്റിസ്ഷിപ്പ് പങ്കാളിത്ത പരീക്ഷണ പദ്ധതിയും നീട്ടി.
സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കും
കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്കിൽ ഇന്ത്യ ആറുകോടിയിലധികം യുവാക്കളെ ശാക്തീകരിച്ചെന്ന് നൈപുണ്യ വികസന മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജി പറഞ്ഞു. ഇനി പരിശീലനങ്ങളുടെ എണ്ണത്തേക്കാൾ ഗുണമേന്മയ്ക്കും പ്രസക്തിക്കും തൊഴിൽഫലത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും അവർ വ്യക്തമാക്കി. സ്ത്രീകളുടെ പരിശീലനം മുതൽ ജോലി ലഭിക്കുന്നതും തൊഴിൽ തുടരുന്നതും സ്ഥാനക്കയറ്റം നേടുന്നതും വരെയുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ജെൻഡർ മെയിൻസ്ട്രീമിങ് സമിതി രൂപീകരിക്കും. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ ലഭ്യതയ്ക്കും സഹായിച്ച മികച്ച മാതൃകകൾ ഉൾപ്പെടുത്തിയ സമാഹാരത്തിനായി ജൂലൈ 20 മുതൽ അപേക്ഷകൾ ക്ഷണിക്കും. സർക്കാർ വകുപ്പുകൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പരിശീലന സ്ഥാപനങ്ങൾക്കും സാമൂഹിക ഉത്തരവാദിത്വ സംഘടനകൾക്കും സന്നദ്ധ സംഘടനകൾക്കും പങ്കെടുക്കാം.
530 കോടി രൂപയുടെ നൈപുണ്യ ഫണ്ട്
രണ്ടുലക്ഷത്തിലധികം യുവാക്കൾക്ക് പരിശീലനവും തൊഴിലും ഉപജീവന അവസരങ്ങളും നൽകാൻ ഏകദേശം 530 കോടി രൂപയുടെ സ്കിൽസ് ഔട്ട്കംസ് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു. സർക്കാർ സഹായം, സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ സംഭാവനകൾ, സന്നദ്ധ ധനസഹായം എന്നിവ ചേർത്താണ് ഫണ്ട് ഒരുക്കുക. ഇതിനായി നൈപുണ്യ വികസന മന്ത്രാലയവും ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും ധാരണാപത്രം കൈമാറി. ഇന്ത്യ സ്കിൽസ് ഔട്ട്കംസ് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും ബ്രിട്ടീഷ് ഏഷ്യൻ ഇന്ത്യ ഫൗണ്ടേഷനും ധാരണയിലെത്തി. സർട്ടിഫിക്കറ്റ് നേടൽ, ജോലി ലഭിക്കൽ, ജോലിയിൽ തുടരൽ തുടങ്ങിയ സ്വതന്ത്രമായി പരിശോധിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം നൽകുക.
കൗശൽ ഭവനിൽ സ്ഥാപിക്കാനിരിക്കുന്ന ‘നൈപുണ്യമുള്ള ഇന്ത്യ, ശാക്തീകരിക്കപ്പെട്ട ഇന്ത്യ’ എന്ന ശിൽപ്പത്തിന്റെ രൂപരേഖയും ചടങ്ങിൽ പുറത്തിറക്കി. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ കരകൗശല വിദഗ്ധർ, തൊഴിലാളികൾ, പ്രൊഫഷണലുകൾ, പുതുമ സൃഷ്ടിച്ചവർ, സംരംഭകർ എന്നിവർക്ക് ആദരമായാണ് ശിൽപ്പം ഒരുക്കുന്നത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലുള്ള ചൗധരി അജിത് സിങ് ഡിസൈൻ-ഫാഷൻ ടെക്നോളജി മികവിന്റെ കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ 50 വനിതകളെയും ആദരിച്ചു. ആധുനിക സാങ്കേതികവിദ്യ, നിർമിതബുദ്ധി അധിഷ്ഠിത പഠനം, നൂതന നിർമാണ രീതികൾ എന്നിവ ഉപയോഗിച്ച് ഇവർക്ക് ഉന്നത തയ്യൽ യന്ത്ര പ്രവർത്തകരായാണ് പരിശീലനം നൽകിയത്.
ചടങ്ങിൽ പരിശീലന ഡയറക്ടറേറ്റ് ജനറൽ ദിലീപ് കുമാർ, നൈപുണ്യ വികസന മന്ത്രാലയ അഡീഷണൽ സെക്രട്ടറി നിരഞ്ജൻ കുമാർ സുധാൻഷു, മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് മനീഷ സെൻശർമ, ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ മേധാവി അരുണ്കുമാർ പിള്ള എന്നിവരും വ്യവസായ പ്രതിനിധികൾ, സംസ്ഥാന നൈപുണ്യ ദൗത്യങ്ങൾ, മേഖലാ നൈപുണ്യ കൗൺസിലുകൾ, പരിശീലന പങ്കാളികൾ, മത്സരജേതാക്കൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.