സത്യമേവ ജയതേ എന്നത് ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവാണ്. വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെ പരിശോധിച്ച് ബോധ്യപ്പെട്ട് വിധി പറഞ്ഞ ഒരു കേസിനെ ആസ്പദമാക്കി എടുത്ത സിനിമ, ചില ഉദ്യോഗസ്ഥരുടെ വിവരക്കേടിന്റെ പേരിൽ നിരോധിക്കപ്പെടുന്ന സാഹചര്യം ഈ രാജ്യത്തുണ്ട്. ഈ രാജ്യത്ത് കലർപ്പില്ലാത്ത സത്യത്തിന്റെ അവസാനവാക്ക് നിയമപരമായി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥർ അവരുടെ എളിയ ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ കുറിച്ചുവെക്കുന്ന സർക്കാർ ഫയലുകളല്ല അത്.
‘സത്ലജ്’ എന്ന സിനിമ തിയേറ്ററിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കരുതെന്ന് സർക്കാരിനെക്കൊണ്ട് പറയിപ്പിച്ച ഉദ്യോഗസ്ഥർ സൃഷ്ടിച്ചിരിക്കുന്നത് വലിയൊരു ഭരണഘടനാപരമായ വിശ്വാസത്തകർച്ചയാണ്. ആരെങ്കിലും സങ്കൽപ്പിച്ചുണ്ടാക്കിയ ഒരു കഥയെ അടിസ്ഥാനമാക്കിയല്ല ഈ സിനിമ എടുത്തിരിക്കുന്നത്. സുപ്രീം കോടതിവരെ പരിശോധിക്കപ്പെട്ട ഒരു ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
ഇതൊരു വെറും സിനിമാക്കഥയല്ല. 1980-90 കാലഘട്ടത്തിൽ പഞ്ചാബിൽ നടന്ന കലുഷിതമായ സംഭവങ്ങളുടെ നേർക്കാഴ്ചയാണ്. പഞ്ചാബിൽ തീവ്രവാദം അടിച്ചമർത്തുന്നതിന്റെ പേരിൽ പതിനായിരക്കണക്കിന് യുവാക്കളെ കാണാതാവുകയും അവരെ അജ്ഞാത മൃതദേഹങ്ങളായി പൊലീസ് രഹസ്യമായി സംസ്കരിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. ഈ ക്രൂരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ജസ്വന്ത് സിങ് ഖൽറ. പൊലീസ് സ്റ്റേഷനുകളിലെയും ശ്മശാനങ്ങളിലെയും രേഖകൾ പരിശോധിച്ച് ചോര മരവിപ്പിക്കുന്ന ആ സത്യം അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ഒടുവിൽ, 1995 സെപ്റ്റംബറിൽ ഒരു ദിവസം ജസ്വന്ത് സിങ് ഖൽറയെയും കാണാതായി. പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടതായി തെളിഞ്ഞു. വർഷങ്ങൾക്കുശേഷം ഈ കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുകയും ചെയ്തു.
തന്റെ അവസാന പ്രസംഗത്തിൽ ഖൽറ പറഞ്ഞ ഒരു കഥയുണ്ട്:
“സൂര്യൻ അസ്തമിക്കുമ്പോൾ ഇരുട്ട് ഭൂമിയെ വിഴുങ്ങുമെന്ന് എല്ലാവരും പേടിച്ചു. എന്നാൽ എവിടെയോ ഒരു കുടിലിൽ ഒരു ചെറിയ വിളക്ക് കത്തുന്നുണ്ടായിരുന്നു. അത് പറഞ്ഞു, ‘ഞാൻ ഇരുട്ടിനെ വെല്ലുവിളിക്കുന്നു. എന്റെ ചുറ്റും ഇരുട്ട് പടരാൻ ഞാൻ അനുവദിക്കില്ല.’ അത് കണ്ട് മറ്റുള്ളവരും വിളക്കുകൾ തെളിച്ചു.”
ഈ ഒരു വരിയിലാണ് സിനിമയുടെ ആത്മാവ് കിടക്കുന്നത്.
ഹണി ട്രെഹാൻ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യം പ്രഖ്യാപിച്ചത് ‘ഘല്ലുഘാര’ (Ghallughara) എന്ന പേരിലായിരുന്നു. പഞ്ചാബി ഭാഷയിൽ ഈ വാക്കിന് കൂട്ടക്കൊല അഥവാ വംശഹത്യ എന്നാണ് അർഥം. സെൻസർ ബോർഡിന് (CBFC) പേര് കേട്ടപ്പോഴേ അത് എതിർപ്പുണ്ടാക്കി. പിന്നീട് ചിത്രത്തിന്റെ പേര് ‘പഞ്ചാബ് 95’ (Punjab 95) എന്നാക്കി മാറ്റി.
എന്നാൽ കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോർഡ് (CBFC) ചിത്രത്തിന് ഒന്നിന് പുറകെ ഒന്നായി 127 വെട്ടിക്കുറയ്ക്കലുകളാണ് നിർദേശിച്ചത്. സംഭാഷണങ്ങൾ മാറ്റണം, ദൃശ്യങ്ങൾ വെട്ടിമാറ്റണം, ചരിത്രപരമായ ചില പരാമർശങ്ങൾ ഒഴിവാക്കണം എന്നിങ്ങനെ സിനിമയുടെ ആകെത്തുക തന്നെ ഇല്ലാതാക്കുന്ന നിർദേശങ്ങളായിരുന്നു അവ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തിയേറ്റർ റിലീസ് പ്രായോഗികമല്ലെന്ന് മനസ്സിലായതോടെ ഹർജി പിൻവലിച്ചു.
തുടർന്ന്, സെൻസർ ബോർഡിന്റെ നിയന്ത്രണത്തിൽപ്പെടാതെ ചിത്രത്തിന് ‘സത്ലജ്’ എന്ന പുതിയ പേര് നൽകി. ഇന്ത്യയിലെ നിയമപ്രകാരം തിയേറ്റർ റിലീസിന് മാത്രമാണ് CBFC സർട്ടിഫിക്കറ്റ് നിർബന്ധമുള്ളത്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് അത്തരം നിർബന്ധമില്ല. ഈ നിയമപരമായ പഴുത് ഉപയോഗിച്ചാണ് യാതൊരു മുൻകൂർ പരസ്യവുമില്ലാതെ 2026 ജൂലൈ 3-ന് ZEE5 പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തത്.
വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ഞായറാഴ്ചയോടെ പ്ലാറ്റ്ഫോമിൽ നിന്ന് അപ്രത്യക്ഷമായി. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഇന്ത്യയിൽ നിന്ന് ZEE5 ഈ സിനിമ പിൻവലിച്ചത്.
പുറത്തുപറഞ്ഞ കാരണം: ഐ.ടി. ചട്ടങ്ങൾ, 2021 (IT Rules, 2021) പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ, രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കാനുള്ള സാധ്യത, പൊതുക്രമത്തെ ബാധിക്കുമെന്ന ആശങ്ക.
വിമർശകർ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലം: ഇന്ത്യയിലെ ഒരു സംസ്ഥാന ഭരണകൂടവും പൊലീസും ചേർന്ന് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ സിനിമ അതേപടി അവതരിപ്പിക്കുന്നതാണ് വിവാദത്തിന്റെ യഥാർഥ കാരണം എന്നാണ് സിനിമാപ്രവർത്തകരും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും വാദിക്കുന്നത്. അത്തരം സംഭവങ്ങൾ വീണ്ടും പൊതുചർച്ചയാകുന്നത് ഭരണകൂടത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയാണ് നടപടിക്ക് പിന്നിലെന്നും അവർ പറയുന്നു.
പറഞ്ഞിരിക്കുന്ന ഈ രണ്ട് കാരണങ്ങളും നിയമപരമായി എത്രത്തോളം നിലനിൽക്കുമെന്നത് കോടതികൾ വിലയിരുത്തേണ്ട വിഷയമാണ്. എന്നാൽ അതിലും ഗുരുതരമായ കാര്യം, സർക്കാർ എന്ന വലിയ സ്ഥാപനം എന്തിനെയോ ഭയന്ന് ചരിത്രസത്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്ന ഒരു രഹസ്യാത്മക സംവിധാനമാണെന്ന തോന്നൽ ലോകത്തിന് മുന്നിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
സിഖ് കലാപം, ഓപ്പറേഷൻ ബ്ലൂസ്റ്റാർ, അതിനെ തുടർന്നുണ്ടായ നടപടികൾ, അവയിൽ സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെല്ലാം ചരിത്രമാണ്. ആ ചരിത്രപാഠങ്ങൾ ചോരകൊണ്ട് എഴുതപ്പെട്ടവയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ചോരപോലും അതിൽ കലർന്നിട്ടുണ്ട്. ആ പാഠങ്ങളിൽ നിന്ന് വേണ്ടുവോളം പഠിച്ചതുകൊണ്ടാണ് ഇന്ത്യയും പഞ്ചാബും വീണ്ടും ആ ചോരയുടെ വഴിയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചത്.
ആ ചരിത്രം സിനിമകളിലൂടെയും പത്രങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കഥകളിലൂടെയും ഓരോ തലമുറയിലേക്കും എത്തുമ്പോഴാണ്, ഇനി ഒരിക്കലും ആ വഴിയിലേക്ക് ഇന്ത്യയും പഞ്ചാബും പോകരുതെന്ന് ചിന്തിക്കുന്ന ഒരു തലമുറ വളർന്നുവരിക.
സത്യമേവ ജയതേ എന്നത് ദേശീയമുദ്രാവാക്യം മാത്രമല്ല. സത്യം മാത്രമാണ് വിജയിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്. ആ സത്യങ്ങൾ എല്ലാ തലമുറകൾക്കും പറഞ്ഞുകൊടുക്കുന്ന പ്രവർത്തനമാണ് സംസ്കാരം.
ബ്യൂറോക്രസിയുടെ ഇടുങ്ങിയ ഇടനാഴികളിലൂടെ എലികളെപ്പോലെ സഞ്ചരിക്കുന്ന വിദഗ്ധർക്ക് അത് മനസ്സിലാകണമെന്നില്ല. അവരുടെ ചിന്ത രഹസ്യാത്മകതയുടേതാകാം. എന്നാൽ ഇന്ത്യ എന്ന ആശയം രഹസ്യാത്മകതയുടേതല്ല. അതിന്റെ അഗ്നിപരീക്ഷകൾ ഓരോ തലമുറയ്ക്കുമായി എഴുതപ്പെട്ട മഹാഭാരതങ്ങളാണ്. ആ മഹാഭാരതത്തിലെ ഒരു ഏടിനെ ആസ്പദമാക്കി എടുത്ത ഒരു സിനിമയെ നിരോധിക്കാൻ കയ്യും കാലും ഇട്ട് ശ്രമിക്കുന്ന ദൃശ്യം പരിതാപകരമാണ്.
ഈ നടപടികൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടാകുമെങ്കിൽ, അത് ദേശവിരുദ്ധ ശക്തികൾക്കായിരിക്കും.