ഹൈദരാബാദ്, ജൂലൈ 8-
തെലുങ്കാനയിലെ സർക്കാർ സ്കൂളുകളിൽ നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്ന വൻ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ‘ബാലാമൃതം’ പദ്ധതിക്കായുള്ള പുതിയ പ്ലാന്റിന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ ആശ്വാസം
സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ പദ്ധതി തുണയാകും. പുലർച്ചെ തന്നെ ജോലിക്കിറങ്ങേണ്ടി വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ മാതാപിതാക്കൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. പല വീടുകളിലും അമ്മമാർക്ക് കുട്ടികൾക്കായി പ്രഭാതഭക്ഷണം തയ്യാറാക്കാൻ മതിയായ സമയം ലഭിക്കാറില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് സ്കൂളുകളിൽ തന്നെ ഭക്ഷണം ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ലക്ഷ്യം ആരോഗ്യവും മികച്ച വിദ്യാഭ്യാസവും
വികസിതവും ആരോഗ്യകരവുമായ തെലുങ്കാന കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ചെലവുകളെ വെറുമൊരു ചിലവായിട്ടല്ല, മറിച്ച് സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും കോർപ്പറേറ്റ് സ്കൂളുകളോട് കിടപിടിക്കുന്ന രീതിയിലേക്ക് ഉയർത്താനുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കുട്ടികളുടെ നല്ല ഭാവിയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.