ന്യൂഡൽഹി, 2026 ജൂലൈ 5
ഗ്രാമീണ തൊഴിലും ഉപജീവനവും ഉറപ്പാക്കുന്ന വികസിത് ഭാരത് ഗ്രാമീണ ദൗത്യം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡുവായി 25,863 കോടി രൂപ അനുവദിച്ചു. ന്യൂഡൽഹിയിൽ നിന്ന് ഇന്ന് വീഡിയോ യോഗത്തിലൂടെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഗ്രാമവികസന മന്ത്രിമാരുമായി പദ്ധതി അവലോകനം ചെയ്തത്. ജൂലൈ ഒന്നുമുതൽ രാജ്യത്താകെ പദ്ധതി തടസ്സമില്ലാതെ തുടങ്ങാനായിരുന്നു കേന്ദ്രസർക്കാരിന്റെ തീരുമാനം.
കൂലി 300 രൂപയിൽ താഴെയാകില്ല
ശിവരാജ് സിങ് ചൗഹാനാണ് തുക അനുവദിച്ചതായി യോഗത്തിൽ അറിയിച്ചത്. ഗ്രാമീണ തൊഴിലാളികൾക്ക് മാന്യമായ തൊഴിൽ, സമയബന്ധിതമായ കൂലി, ഗ്രാമങ്ങളിൽ ദീർഘകാലം പ്രയോജനപ്പെടുന്ന ആസ്തികൾ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതിയിൽ കൂലി ശരാശരി പത്ത് ശതമാനത്തോളം ഉയർത്തിയിട്ടുണ്ട്. ഇനി ഒരു സംസ്ഥാനത്തും ദിവസവേതനം 300 രൂപയിൽ താഴെയാകില്ല. കൂലി പതിനഞ്ച് ദിവസത്തിനകം നൽകാൻ സംസ്ഥാനങ്ങൾക്ക് മതിയായ തുക ലഭ്യമാക്കുന്നതിനാണ് ആദ്യ ഗഡു അനുവദിച്ചത്.
ഒരു ദിവസത്തിൽ രാജ്യവ്യാപക തുടക്കം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ നടപ്പാക്കാൻ ഏകദേശം മൂന്ന് വർഷം എടുത്തപ്പോൾ, പുതിയ ഗ്രാമീണ ദൗത്യം ഒരു ദിവസം കൊണ്ടാണ് രാജ്യവ്യാപകമായി ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും സംസ്ഥാനങ്ങളുടെ സഹകരണവും ഭരണസംവിധാനത്തിന്റെ ഏകോപനവുമാണ് ഇതിന് സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ആഴ്ചയിൽ തന്നെ നിരവധി ഗ്രാമപഞ്ചായത്തുകളിൽ പ്രവൃത്തികൾ തുടങ്ങി. ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു. ആന്ധ്രാപ്രദേശ്, കേരളം, രാജസ്ഥാൻ സംസ്ഥാനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സംസ്ഥാനങ്ങൾക്ക് നിർദേശം
ഒഡിഷയും പശ്ചിമ ബംഗാളും ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളിൽ പ്രവൃത്തികൾ വേഗത്തിൽ തുടങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഝാർഖണ്ഡ് പദ്ധതി വിജ്ഞാപനം ചെയ്ത് ആവശ്യമായ ബജറ്റ് വകയിരുത്തണം. റിസർവ് ബാങ്ക് അക്കൗണ്ട് നടപടികളോ മറ്റ് ഔപചാരികതകളോ ബാക്കിയുള്ള സംസ്ഥാനങ്ങൾ അത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശം നൽകി. കേന്ദ്രം തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിനാൽ സംസ്ഥാനങ്ങളും സ്വന്തം വിഹിതം വൈകാതെ നൽകണം. അപ്പോഴേ തൊഴിലാളികൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ കൂലി ലഭിക്കുകയുള്ളൂ.
സുതാര്യതക്കും ഗുണമേന്മക്കും ഊന്നൽ
പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കലിന് പണത്തിന്റെ കുറവ് ഉണ്ടാകില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ആദ്യ ഗഡു അനുവദിച്ചത്. ഗ്രാമസഭകളും ഗ്രാമപഞ്ചായത്തുകളും പ്രാദേശിക ആവശ്യങ്ങൾ നോക്കി വികസന പ്രവൃത്തികൾ തെരഞ്ഞെടുക്കണം. മുഖപരിചയ സ്ഥിരീകരണം, ഭൗമസൂചികപ്പെടുത്തൽ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ പൂർണമായി നടപ്പാക്കണം. ക്രമക്കേടിനും തട്ടിപ്പിനും പദ്ധതിയിൽ ഇടമുണ്ടാകില്ലെന്നും ഗുണമേന്മയുള്ള ആസ്തികൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകാൻ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.