ജബൽപൂർ, 2026 ജൂലൈ 3 –
സ്വമേധയാ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
ഒരു ക്രിമിനൽ കേസിൽ വിധി പ്രസ്താവിച്ചതിന് പിന്നാലെ ജഡ്ജിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ കൊലവിളിയും ഭീഷണിയും ഉയർന്ന സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. നർമദാപുരം അഡീഷണൽ ജില്ലാ-സെഷൻസ് ജഡ്ജി തബസ്സും ഖാന് നേരെയാണ് അതിക്രമ ഭീഷണിയുണ്ടായത്. ചീഫ് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വിഷയം സ്വമേധയാ (Suo Motu) പരിഗണിച്ച ജസ്റ്റിസുമാരായ വിവേക് അഗർവാൾ, അവനീന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ജഡ്ജിക്ക് അതീവ സുരക്ഷയൊരുക്കാൻ സർക്കാരിനോട് ഉത്തരവിട്ടു.
മോബ് ലിഞ്ചിംഗ് പ്രതികൾക്ക് ശിക്ഷ കൊടുത്തതാണ് പ്രകോപനം
2022-ൽ നടന്ന ഒരു ക്രൂരമായ ജനക്കൂട്ട ആക്രമണ കേസിൽ (Mob Linching Case) ഉൾപ്പെട്ട 14 പ്രതികൾക്ക് ജഡ്ജി തബസ്സും ഖാൻ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ അനുകൂലിക്കുന്ന ചില ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ജഡ്ജിക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയർന്നത്. ജുഡീഷ്യറിയെ ഭയപ്പെടുത്താനുള്ള ഇത്തരം സംഘടിത ശ്രമങ്ങളെ ഒട്ടും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം
കോടതി വിധികളോട് വിയോജിപ്പുള്ളവർക്ക് അപ്പീൽ നൽകാൻ നിയമപരമായ മാർഗ്ഗങ്ങളുണ്ടെന്നും, അത് വിട്ട് ജഡ്ജിമാരെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തകർക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഭയമില്ലാതെ നീതി നടപ്പാക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഭീഷണി മുഴക്കിയ അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ നർമദാപുരം ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി.
നിരീക്ഷണം തുടരും; സംസ്ഥാന വ്യാപക നടപടികൾക്ക് സാധ്യത
സംസ്ഥാനത്തെ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡിജിപിയും ആഭ്യന്തര വകുപ്പും എടുത്ത നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്ത വാദത്തിൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരുടെ സുരക്ഷ കോടതി നേരിട്ട് നിരീക്ഷിക്കുന്നത് തുടരും. രാജ്യത്തുടനീളം ജഡ്ജിമാർക്കെതിരെ വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾക്കും ഭീഷണികൾക്കും തടയിടാൻ ഈ കേസിലെ ഹൈക്കോടതിയുടെ കടുത്ത നിലപാട് ഭാവിയിൽ വലിയൊരു മാർഗ്ഗനിർദ്ദേശമായി മാറും.