പ്രധാന വിവരങ്ങൾ
- യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
- പ്രതി രഞ്ജിത് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായി.
- പ്രശ്നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി.
- രക്ഷപ്പെട്ട യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

News Portal

കഴക്കൂട്ടം, 2026 ജൂൺ 24 –
യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിള വീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
സംഭവദിവസം യുവതി താമസിച്ചിരുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ മേനംകുളത്തെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്.
തർക്കത്തിനിടെ യുവതിയെ മർദിച്ച പ്രതി, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.