അഹമ്മദാബാദ്, 2026 ജൂൺ 24
അദാനി ഗ്രൂപ്പിന്റെ 2026 വാർഷിക പൊതുയോഗത്തിൽ (AGM) റെക്കോർഡ് അടിസ്ഥാനസൗകര്യ നിക്ഷേപവും തൊഴിലാളി ക്ഷേേമത്തിനും ആരോഗ്യരംഗ വികസനത്തിനുമുള്ള പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടി രൂപയ്ക്കുമേൽ അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപിച്ചതായി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അറിയിച്ചു. ഇന്ത്യയിലെ ഒരു കോർപ്പറേറ്റ് ഗ്രൂപ്പ് നടത്തിയ ഏറ്റവും വലിയ വാർഷിക മൂലധന നിക്ഷേപമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളി ക്ഷേമത്തിന് പുതിയ പ്രാധാന്യം
ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മൂന്ന് പ്രധാന മുൻഗണനകളാണ് ഗൗതം അദാനി മുന്നോട്ടുവെച്ചത്. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കൽ, കരാർ തൊഴിലാളികളുമായുള്ള പങ്കാളിത്തം ശക്തമാക്കൽ, തൊഴിലാളി ക്ഷേമം മെച്ചപ്പെടുത്തൽ എന്നിവയാണ് അവ. രാജ്യനിർമാണത്തിൽ കരാർ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നും അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കൂടുതൽ ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലും വലിയ വികസന പദ്ധതി
അടിസ്ഥാനസൗകര്യ വികസനത്തിനപ്പുറം ആരോഗ്യരംഗത്തും സാമൂഹിക വികസന പദ്ധതികളിലും കൂടുതൽ നിക്ഷേപം നടത്തുമെന്ന് അദാനി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കാനും കൂടുതൽ ആളുകളിലേക്ക് ചികിത്സാ സൗകര്യങ്ങൾ എത്തിക്കാനുമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതേസമയം, ഊർജം, ഗതാഗതം, ലോജിസ്റ്റിക്സ്, യൂട്ടിലിറ്റി മേഖലകളിലായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും. ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പുതിയ പ്രവർത്തനക്ഷമമായ പദ്ധതികൾ വരും വർഷങ്ങളിൽ കൂടുതൽ കരുത്ത് നൽകുമെന്നും വിലയിരുത്തപ്പെടുന്നു.