കൊച്ചി, 2026 ജൂൺ 18 –
വൈപ്പിൻ കാളമുക്ക് അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമുത്തുകൾ മോഷ്ടിച്ച കേസിൽ മുൻ പൂജാരി അറസ്റ്റിലായി. അത്രപ്പിള്ളി മഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി (50) യെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 108 മുത്തുകളുള്ള രുദ്രാക്ഷമാലയിൽ നിന്ന് 73 സ്വർണമുത്തുകൾ മോഷ്ടിച്ചതായാണ് കണ്ടെത്തൽ.
2025 ജനുവരി ഒന്നിനും 2026 മാർച്ച് 22നും ഇടയിൽ പലതവണയായാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുൻ ക്ഷേത്ര മാനേജർ രമേശൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.
ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കെതിരെ സമാനമായ ഒരു കേസ് പിറവം പൊലീസ് സ്റ്റേഷനിൽ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മല്ലികാർജുന ക്ഷേത്രത്തിലെ മോഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിറ്റഴിച്ച തൊണ്ടിമുതലും പൊലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.