പ്രധാന വിവരങ്ങൾ
- കൊച്ചിയിൽ മയക്കുമരുന്ന് കച്ചവടം, വ്യഭിചാര കേന്ദ്രങ്ങളുടെ നടത്തിപ്പ് തുടങ്ങി
- ഏറ്റവും മോശപ്പെട്ട പ്രവർത്തികളിൽ പോലീസിന്റെ പങ്കാളിത്തം തെളിഞ്ഞിട്ടുണ്ട്.
- ഫലപ്രദമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.കൊലപാതകം
- അടക്കം നിരവധി കുറ്റങ്ങൾ ചെയ്ത ഗുണ്ടാ സംഘങ്ങളുടെ പരിപാടികളിൽ
- പോലീസ് ഉദ്യോഗസ്ഥർ കൂട്ടമായി പങ്കെടുത്ത സംഭവങ്ങളുമുണ്ട്
സർക്കാർ ജീവനക്കാർ ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടില്ല എങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടരുത് എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. രാജ്യത്ത് നിലവിലുള്ള സർവീസ് ചട്ടങ്ങളുടെ കൂടി ഭാഗമായിട്ടാണ് ഈ വിധി. നിസ്സാര കാര്യത്തിന് മേൽഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയോ പറഞ്ഞുവിടാൻ ഇടയാക്കുന്ന വിധത്തിൽ റിപ്പോർട്ട് നൽകുകയോ ചെയ്യുന്നത് പതിവാണ്. അതിന് ഒരു തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ളതാണ് ഈ വിധി. ഇനി ട്രൈബ്യൂണലുകളിലും പിരിച്ചുവിടൽ സസ്പെൻഷൻ തുടങ്ങിയ നടപടികൾ സംബന്ധിച്ച് എല്ലാ തർക്കങ്ങളിലും ഈ വിധി ആയിരിക്കും എടുത്തു കാണിക്കാൻ പോകുന്നത്.
എന്നാൽ ഈ വിധിയുടെ നിയമ വിവക്ഷകൾ വളരെ വ്യാപ്തി ഉള്ളതാണ്.
ജുഡീഷ്യറിയിൽ Argumentum Contrario എന്നൊരു തത്വമുണ്ട്. ഗുരുതരമായ കുറ്റകൃത്യം ഇല്ലെങ്കിൽ പിരിച്ചുവിടരുത് എന്ന് പറയുന്നത് യുക്തി അനുസരിച്ച് ഗുരുതരമായ കുറ്റകൃത്യം ഉണ്ടെങ്കിൽ പിരിച്ചുവിടണം എന്നും വരും. ഡിപ്പാർട്ട്മെൻറ് എൻക്വയറിക്ക് ശേഷം ഗുരുതരമായ കുറ്റങ്ങൾ ചെയ്ത ആളുകളെ അതാത് വകുപ്പ് തന്നെ പിരിച്ചു വിടാറുണ്ട്. അത്തരം പിരിച്ചുവിടൽ നടപടികളെ ഇല്ലാതാക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി എന്നൊരു ചിന്ത പരന്നിട്ടുണ്ട്. അതു ശരിയല്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അത് ചെയ്തയാൾക്കെതിരെ അച്ചടക്കനടപടി എടുക്കുവാൻ എല്ലാ ഡിപ്പാർട്ട്മെന്റിനും അധികാരമുണ്ട്. ചെയ്തികൾ ഗുരുതരമായ കുറ്റകൃത്യ സ്വഭാവമുള്ളതാണെങ്കിൽ പറയാനുള്ളത് കേട്ടതിനു ശേഷം ഡിപ്പാർട്ട്മെന്റിന് പിരിച്ചുവിടൽ തീരുമാനമെടുക്കാം. ചെയ്ത കുറ്റത്തിന്റെ കോടതി വിചാരണയോ വിധിയോ കാത്തിരിക്കേണ്ട കാര്യമില്ല. സിവിൽ സർവീസിന്റെ മാതൃകാപരമായ അന്തസ്സിനും പെരുമാറ്റത്തിനും യോജിക്കാത്തതാണ് കണ്ടെത്തിയിരിക്കുന്ന കുറ്റം എങ്കിൽ പിരിച്ചുവിടാനുള്ള മതിയായ കാരണമാണ് അത്. ആ അധികാരത്തെ ഇല്ലതാക്കിക്കൊണ്ടുള്ള വിധിയല്ല സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.
നടപടികൾ എവിടെയൊക്കെയോ മരവിപ്പിക്കപ്പെട്ടു
കേരളത്തിൽ 800 ലധികം പോലീസ് ഉദ്യോഗസ്ഥന്മാർ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തു കേസിൽ പ്രതികളായി വിചാരണ കാത്ത് കോടതിക്ക് മുമ്പിൽ നിൽക്കുന്നുണ്ട്. ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കേണ്ട വിഭാഗമാണ് പോലീസ്. നീതിയും നിയമവും മുൻനിർത്തി പോലീസ് പ്രവർത്തിക്കുന്നില്ല എന്നു വന്നാൽ തെറ്റായ മാതൃകയും സന്ദേശവും ആയിരിക്കും അത് സമൂഹത്തിന് നൽകുക. ഗുരുതര കുറ്റകൃത്യം ചെയ്തവരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു. ബലാത്സംഗം മോഷണം കൊള്ളയടിക്കൽ വധശ്രമം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ടവരെ വേർതിരിച്ച് പിരിച്ചുവിടൽ തുടങ്ങാൻ പോകുന്നു എന്നായിരുന്നു കഴിഞ്ഞ സർക്കാർ പറഞ്ഞത്. പക്ഷേ അതുണ്ടായില്ല. നടപടികൾ എവിടെയൊക്കെയോ മരവിപ്പിക്കപ്പെട്ടു. നിരവധി ഗുരുതര ആരോപണങ്ങൾ സേനയ്ക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. കൊച്ചിയിൽ മയക്കുമരുന്ന് കച്ചവടം വ്യഭിചാര കേന്ദ്രങ്ങളുടെ നടത്തിപ്പ് തുടങ്ങി ഏറ്റവും മോശപ്പെട്ട പ്രവർത്തികളിൽ പോലീസിന്റെ പങ്കാളിത്തം തെളിഞ്ഞിട്ടുണ്ട്. ചില ഡിപ്പാർട്ട്മെൻറ് അന്വേഷണങ്ങൾ നടന്നു എന്നല്ലാതെ ഫലപ്രദമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. കൊലപാതകം അടക്കം നിരവധി കുറ്റങ്ങൾ ചെയ്ത ഗുണ്ടാ സംഘങ്ങളുടെ ആഘോഷ പരിപാടികളിൽ പോലീസ് ഉദ്യോഗസ്ഥർ കൂട്ടമായി പങ്കെടുത്ത സംഭവങ്ങളുമുണ്ട്. അതിലും ചില അന്വേഷണങ്ങൾ നടന്നു എന്നതേയുള്ളൂ.
ഇത് പോലീസ് വകുപ്പിനെക്കുറിച്ച് മാത്രം ഉള്ള കാര്യമാണ്. എല്ലാ വകുപ്പുകളിലും ഇത്തരം കാര്യങ്ങളുണ്ട്. സർക്കാർ സർവീസിന്റെ ഒരു മേഖലയിലും കളങ്കിതരായ ആളുകളെ വച്ചുപൊറുപ്പിക്കാൻ പാടില്ല. കുറ്റവാളികളെ നിയന്ത്രിക്കുവാൻ എളുപ്പമാണ്. പക്ഷേ കുറ്റവാളികളെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്ക് അകത്ത് കുറ്റവാളികൾ കടന്നുകൂടിയാൽ ഒന്നിനെയും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതി സമൂഹത്തിൽ വന്നുപെടും.അതുകൊണ്ട് സുപ്രീംകോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്ത് ഡിപ്പാർട്ട്മെൻറ് നടപടികൾ മരവിപ്പിക്കരുത് എന്നാണ് സൂചിപ്പിക്കാനുള്ളത്

