പ്രധാന വിവരങ്ങൾ
- സുന്ദർബൻസിലെ ജെലെ മത്സ്യത്തൊഴിലാളി സമൂഹം കടുവ, മുതല, കൊടുങ്കാറ്റ്, ദാരിദ്ര്യം എന്നിവയ്ക്കിടയിലാണ് ജീവിക്കുന്നത്.
- പശ്ചിമ ബംഗാളിലെ സുന്ദർബൻസിൽ 18 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.
- മത്സ്യബന്ധനവും നണ്ടുപിടിത്തവും ചെമ്മീൻ കുഞ്ഞുങ്ങളെ ശേഖരിക്കലുമാണ് ഇവരുടെ പ്രധാന ഉപജീവന മാർഗങ്ങൾ.
- കടുവ ആക്രമണത്തിൽ ഭർത്താക്കൾ നഷ്ടപ്പെട്ട “കടുവ വിധവമാർ” ദാരിദ്ര്യവും കടബാധ്യതയും നേരിട്ട് അതേ കാടുകളിലേക്ക് മടങ്ങുന്നു.
സുന്ദർബൻസിന്റെ ജീവധാരയാണ് ജെലെകൾ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളി സമൂഹം. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തികൾ കടന്ന് വ്യാപിച്ചുകിടക്കുന്ന ഈ വിശാല കണ്ടൽക്കാടിന്റെ നദികളിലും കൈവഴികളിലും ജീവിതം കണ്ടെത്തുന്നവരാണ് അവർ. ചെറുവള്ളങ്ങളുമായി മത്സ്യബന്ധനത്തിനിറങ്ങുന്ന മത്സ്യത്തൊഴിലാളികൾ, കണ്ടൽവേരുകൾക്കിടയിൽ നിന്ന് ചെളിനണ്ടുകളെ ശേഖരിക്കുന്ന നണ്ടുപിടിത്തക്കാർ, ഉപ്പുവെള്ളത്തിൽ മണിക്കൂറുകളോളം അരക്കെട്ടോളം മുങ്ങിനിന്ന് ചെമ്മീൻ കുഞ്ഞുങ്ങളെ പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതാണ് ഈ സമൂഹം. ബംഗ്ലാദേശിലെ ഖുൽന, ബാഗർഹട്ട്, സത്ഖിറ ജില്ലകളിലും പശ്ചിമ ബംഗാളിലെ ദക്ഷിണ, ഉത്തര 24 പർഗാനാസ് ജില്ലകളിലുമാണ് ഇവർ കൂടുതലായി താമസിക്കുന്നത്. സുന്ദർബൻസിലെ മത്സ്യബന്ധന ജനസംഖ്യയുടെ ഏകദേശം 60 ശതമാനവും ബംഗ്ലാദേശിലും 40 ശതമാനവും ഇന്ത്യയിലുമാണുള്ളത്. ഇന്ത്യയിൽ മാത്രം 4.7 ലക്ഷത്തിലധികം പേർ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
കടുവയുടെ ആക്രമണം, മുതലകളുടെ ഭീഷണി, കൊടുങ്കാറ്റുകൾ
സുന്ദർബൻസിന്റെ സമ്പത്ത് തേടിയുള്ള ഈ ജീവിതം അത്യന്തം ദുരിതപൂർണവുമാണ്. ദാരിദ്ര്യം, പ്രകൃതിദുരന്തങ്ങൾ, കടുവയുടെ ആക്രമണം, മുതലകളുടെ ഭീഷണി, കൊടുങ്കാറ്റുകൾ എന്നിവയ്ക്കൊപ്പം ഇടനിലക്കാരുടെ ചൂഷണവും ഇവരെ വേട്ടയാടുന്നു. തേൻ, മത്സ്യം, നണ്ട് തുടങ്ങിയവ ശേഖരിക്കാൻ പലരും ഉയർന്ന പലിശയ്ക്ക് കടം വാങ്ങുകയും പിന്നീട് വിപണി വിലയുടെ ചെറിയൊരു വിഹിതത്തിന് മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാറുള്ളൂ. വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സർക്കാർ ഏർപ്പെടുത്തുന്ന കാലാവധി നിയന്ത്രണങ്ങളും മത്സ്യബന്ധന വിലക്കുകളും പല കുടുംബങ്ങളെയും മാസങ്ങളോളം വരുമാനമില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടിന്റെ ഹൃദയഭാഗത്ത് ജീവിക്കുന്ന ഈ ജനതയ്ക്ക് ഓരോ ദിവസവും ഉപജീവനത്തിനും അതിജീവനത്തിനുമിടയിലുള്ള പോരാട്ടമാണ്.

പശ്ചിമബംഗാളിൽ രണ്ടാഴ്ചക്കിടയിൽ അഞ്ചു പേരെ കടുവ കൊന്നു
പശ്ചിമ ബംഗാളിലെ സുന്ദർബൻസിൽ കടുവയുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീ കൊല്ലപ്പെട്ടതോടെ മേഖലയിൽ മനുഷ്യ-വന്യമൃഗ സംഘർഷം വീണ്ടും രൂക്ഷമായി. കഴിഞ്ഞ 18 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. ഉപജീവനത്തിനായി മത്സ്യബന്ധനത്തിനും ഞണ്ട് ശേഖരണത്തിനുമായി വനമേഖലയോട് ചേർന്ന ജലാശയങ്ങളിലേക്ക് പോകുന്നവരാണ് കൂടുതലായും ആക്രമണങ്ങൾക്ക് ഇരയാകുന്നത്. സമീപകാലത്ത് നിരവധി മത്സ്യത്തൊഴിലാളികളും ഞണ്ട് ശേഖരണ തൊഴിലാളികളും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

കടുത്ത വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും, കണ്ടൽവേരുകളുടെ സങ്കീർണ ശൃംഖലകളും, കടുവയും മുതലയും പോലുള്ള വന്യമൃഗങ്ങളുടെ ഭീഷണിയും നിറഞ്ഞ സാഹചര്യത്തിൽ ആധുനിക യന്ത്രസാമഗ്രികളേക്കാൾ തലമുറകളിലൂടെ കൈമാറിവന്ന തനത് അറിവുകളെയാണ് അവർ ആശ്രയിക്കുന്നത്. വേലിയേറ്റസമയത്ത് കായലുകളുടെയും ചെറുകൈവഴികളുടെയും മുഖത്ത് മുളക്കമ്പുകൾ നാട്ടി വലകൾ സ്ഥാപിക്കുകയും വേലിയിറക്കത്തിൽ മടങ്ങുന്ന മത്സ്യങ്ങളെ പിടികൂടുകയും ചെയ്യുന്ന രീതിയാണ് ഏറ്റവും വ്യാപകമായത്. ചെറുവള്ളങ്ങളിൽ നിന്ന് വൃത്താകൃതിയിലുള്ള കാസ്റ്റ് നെറ്റുകൾ (ഖേപ്ല ജാൽ) എറിയുന്ന മത്സ്യത്തൊഴിലാളികളും ആഴമേറിയ ജലപാതകളിൽ നൂറുകണക്കിന് കൊളുത്തുകൾ ഘടിപ്പിച്ച നീണ്ട ചൂണ്ടലൈനുകൾ ഉപയോഗിക്കുന്നവരും ഇന്നും സജീവമാണ്. ബംഗ്ലാദേശിലെ ചില പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പരിശീലനം നൽകിയ നീർനായ്ക്കളെ ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ വലകളിലേക്ക് തുരത്തുന്ന അപൂർവ മത്സ്യബന്ധന രീതിയും തുടരുന്നു.

ചെളിനണ്ടുകളെ പിടികൂടുന്നതിനായി മുളയും ചൂലും ഉപയോഗിച്ച് നിർമ്മിച്ച ഘുനി അല്ലെങ്കിൽ ചൗറ എന്നറിയപ്പെടുന്ന പെട്ടിവലകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അഴുകിയ മത്സ്യക്കഷണങ്ങൾ ഇരയായി വെച്ച് കണ്ടൽവേരുകൾക്കരികിലെ ചെളിപ്രദേശങ്ങളിൽ ഇവ സ്ഥാപിക്കും. ഒരുവഴിയിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ നണ്ടുകളും ചെമ്മീനുകളും അകത്ത് കയറിയാൽ പുറത്തുകടക്കാൻ സാധിക്കില്ല.
നിത്യ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് കടുവകളുടെ കൊമ്പല്ലിലേയ്ക്കു കുറെ പാവങ്ങൾ
കാടിനെയും നദിയെയും ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾ ദിവസേന അതീവ അപകടസാധ്യത നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചെളിനണ്ടുകൾ ശേഖരിക്കുന്ന ജെലെകളും മരംവെട്ടുകാരായ ബവാലികളും ജോലി ചെയ്യുന്നതിനിടെ കുനിഞ്ഞുനിൽക്കേണ്ടിവരുന്നതിനാൽ കടുവകളുടെ ആക്രമണത്തിന് എളുപ്പത്തിൽ ഇരയാകുന്നു. മനുഷ്യന്റെ സ്വാഭാവികമായ നിവർന്നുനിൽക്കുന്ന രൂപം നഷ്ടപ്പെടുമ്പോൾ കടുവകൾ ഇവരെ കാട്ടുപന്നികളോ മാനുകളോ പോലുള്ള ഇരകളായി തെറ്റിദ്ധരിക്കുകയോ എളുപ്പത്തിൽ ലക്ഷ്യമിടുകയോ ചെയ്യുന്നതായി വനവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തേനീച്ചക്കൂടുകൾ കണ്ടെത്താൻ മുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൗവാലികൾക്കും കാട്ടിലെ ചലനങ്ങൾ തിരിച്ചറിയാൻ സാധിക്കാറില്ല. അതേസമയം, മത്സ്യത്തൊഴിലാളികൾ രാത്രിയിൽ ഇടുങ്ങിയ കായലുകളിൽ ചെറുവള്ളങ്ങൾ നങ്കൂരമിട്ട് ഉറങ്ങുമ്പോൾ കാടിന്റെ അരികിൽ നിന്ന് കടുവകൾ ആക്രമിക്കുന്ന സംഭവങ്ങളും പതിവാണ്. സർക്കാർ അനുമതിയില്ലാതെ കടുവ സംരക്ഷിത മേഖലകളിലേക്ക് രഹസ്യമായി പ്രവേശിക്കുന്ന ചിലർ വനപാലകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വളരെ ചെറിയ സംഘങ്ങളായാണ് സഞ്ചരിക്കുന്നത്. ഇതുമൂലം ഒറ്റപ്പെട്ട തൊഴിലാളികളെ കടുവകൾ എളുപ്പത്തിൽ ആക്രമിക്കാൻ കഴിയുന്ന സാഹചര്യം രൂപപ്പെടുന്നു.

വേട്ട ക്രൂരമാണ്, മനുഷ്യനെ ആയാലും മനുഷ്യനായാലും
റോയൽ ബംഗാൾ കടുവകൾ ലോകത്തിലെ മറ്റ് കടുവകളിൽ നിന്ന് വ്യത്യസ്തമായി കണ്ടൽക്കാടുകളുടെയും നദികളുടെയും പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്ന അത്യന്തം പ്രത്യേകമായ വേട്ടയാടൽ തന്ത്രങ്ങളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മികച്ച നീന്തൽക്കാരായ ഇവ വിശാലമായ നദികൾ പോലും അനായാസം മുറിച്ചുകടക്കുകയും വെള്ളത്തിനടിയിൽ ഒളിഞ്ഞ് ചെറുവള്ളങ്ങളിൽ വിശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ അപ്രതീക്ഷിതമായി ആക്രമിക്കുകയും ചെയ്യുന്നു. കാട്ടിനുള്ളിൽ കടുവകൾ ഒരിക്കലും നേരിട്ടുള്ള ആക്രമണം നടത്താൻ ശ്രമിക്കാറില്ല; പകരം ഇരയുടെ പിന്നിൽ നിശ്ശബ്ദമായി പിന്തുടർന്ന് പൂർണമായ അപ്രതീക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് ചാടിവീഴുന്നത്. കാറ്റിന്റെ ദിശയും ഇലകളുടെ ശബ്ദവും മറയാക്കി സമീപിക്കുന്ന കടുവകൾ മരംവെട്ടുകാരോ തേൻ ശേഖരിക്കുന്നവരോ തിരിഞ്ഞുനിൽക്കുന്ന നിമിഷം ലക്ഷ്യമിടുന്നു. ആക്രമണത്തിനിടെ കഴുത്തിന്റെ പിൻഭാഗത്തോ തലയോട്ടിയുടെ അടിഭാഗത്തോ അതിശക്തമായ കടിയേൽപ്പിച്ച് ഇരയെ തൽക്ഷണം അശക്തരാക്കുന്നതാണ് ഇവയുടെ പ്രധാന രീതി. തുടർന്ന് ശരീരം കണ്ടൽവേരുകൾക്കിടയിലെ ദുർഘടമായ ഭാഗങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനാൽ രക്ഷാപ്രവർത്തനത്തിനോ തിരിച്ചടിക്കോ പലപ്പോഴും അവസരം ലഭിക്കാറില്ല. മനുഷ്യന്റെ ഓരോ പിഴവും മുതലെടുക്കാൻ പഠിച്ച ഈ വേട്ടയാടൽ തന്ത്രങ്ങളാണ് സുന്ദർവനത്തിലെ കടുവകളെ ലോകത്തിലെ ഏറ്റവും അപകടകാരികളായ വലിയ പൂച്ചവർഗങ്ങളിൽ ഒന്നാക്കി മാറ്റുന്നത്.
സുന്ദര വനത്തിലെ കടുവകൾ മറ്റ് ഇടങ്ങളിലെകാൾ ആക്രമണ സ്വഭാവമുള്ളവ
സുന്ദർവനത്തിലെ റോയൽ ബംഗാൾ കടുവകൾ മനുഷ്യരെ ഇരയായി കാണുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് വന്യജീവി ഗവേഷകർ വിവിധ സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉപ്പുവെള്ളം കലർന്ന ജലം മാത്രമാണ് പലപ്പോഴും ഈ കടുവകൾക്ക് കുടിക്കാൻ ലഭിക്കുന്നത്. ദീർഘകാലമായി ഇത്തരം ജലം ഉപയോഗിക്കുന്നത് കരളിനും വൃക്കകൾക്കും സമ്മർദമുണ്ടാക്കുകയും അതുവഴി കടുവകളെ കൂടുതൽ പ്രകോപിതരും ആക്രമണസ്വഭാവമുള്ളവരുമാക്കുകയും ചെയ്യാമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗംഗാനദിയിലൂടെ ഒഴുകിയെത്തിയിരുന്ന ഭാഗികമായി ദഹിപ്പിച്ച മനുഷ്യശരീരങ്ങൾ ചരിത്രപരമായി സുന്ദർവനത്തിലെ ചെളിത്തീരങ്ങളിൽ അടിഞ്ഞുകൂടിയിരുന്നുവെന്നും അവ ഭക്ഷിച്ചിരുന്ന കടുവകൾ മനുഷ്യമാംസത്തോട് പരിചയപ്പെട്ടതാകാമെന്നും മറ്റൊരു സിദ്ധാന്തമുണ്ട്. അതോടൊപ്പം, കട്ടിയേറിയ ചെളിയും മൂർച്ചയേറിയ കണ്ടൽവേരുകളും നിറഞ്ഞ പ്രദേശങ്ങളിൽ വേഗത്തിൽ സഞ്ചരിക്കുന്ന മാനുകളെ വേട്ടയാടുന്നത് കടുവകൾക്ക് ഏറെ പ്രയാസകരമാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ചെളിയിലൂടെ പതുക്കെ സഞ്ചരിക്കുന്ന മനുഷ്യർ എളുപ്പത്തിൽ പിടികൂടാവുന്ന ഇരകളായി മാറുന്നതായും ഗവേഷകർ വിലയിരുത്തുന്നു.

കടുവ വിധവമാർ” എന്നറിയപ്പെടുന്ന സ്ത്രീകളുടെ ദുരന്തപൂർണ്ണമായ ജീവിതം
സുന്ദർവനത്തിന്റെ നിശ്ശബ്ദ ദുഃഖഗാഥകളിൽ ഏറ്റവും ഹൃദയഭേദകമായത് “കടുവ വിധവമാർ” എന്നറിയപ്പെടുന്ന സ്ത്രീകളുടെ ജീവിതമാണ്. ബാലി, ലാഹിരിപുർ, സത്ജെലിയ തുടങ്ങിയ ഗ്രാമങ്ങളിലെ നിരവധി വീടുകളിൽ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന പുരുഷന്മാർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണ്. ഭർത്താവിന്റെ മരണത്തോടെ ഈ സ്ത്രീകൾക്ക് നഷ്ടമാകുന്നത് ജീവിതപങ്കാളിയെ മാത്രമല്ല, കുടുംബത്തിന്റെ വരുമാനമാർഗവും സുരക്ഷിതത്വവുമാണ്. ഒരുകാലത്ത് ഇവരിൽ പലരും സാമൂഹിക ഒറ്റപ്പെടുത്തലും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അപമാനവും നേരിട്ടിരുന്നു. എന്നാൽ അതിലും ക്രൂരമായ യാഥാർഥ്യം, കുട്ടികളെ പോറ്റാൻ വഴിയില്ലാത്തതിനാൽ ഭർത്താവിനെ മരണത്തിലേക്ക് നയിച്ച അതേ കാടുകളിലേക്കും നദീതീരങ്ങളിലേക്കും ഇവർ തന്നെ ഇറങ്ങേണ്ടിവരുന്നതാണ്. കടുവയെടുത്ത ഭർത്താവിന്റെ സ്ഥാനത്ത് ചൂണ്ടയും വലയും ഏറ്റെടുക്കുന്ന ഭാര്യയും, സ്കൂൾ ഉപേക്ഷിച്ച് തോണിത്തുഴയുന്ന മകനും സുന്ദർവനത്തിൽ അപൂർവ കാഴ്ചകളല്ല.
കടുവ കൊന്നാലും കടത്തിന്റെ കടുവ പിടി വിടുകയില്ല
പ്രകൃതിയുടെ ക്രൂരത മാത്രമല്ല, ദാരിദ്ര്യത്തിന്റെയും കടബാധ്യതയുടെയും നിയമപരമായ പ്രതിസന്ധികളുടെയും ഒരു ചങ്ങലയുണ്ട്. സർക്കാർ നിയന്ത്രിത മേഖലകളിൽ അനുമതിയില്ലാതെ പ്രവേശിച്ചവരാണ് പലപ്പോഴും കടുവയുടെ ആക്രമണത്തിൽ മരിക്കുന്നത്. അത്തരത്തിലുള്ള മരണങ്ങൾ ഔദ്യോഗിക രേഖകളിൽ പോലും ഇടംപിടിക്കാതെ പോകുന്നതിനാൽ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമോ സർക്കാർ സഹായമോ ലഭിക്കാറില്ല. അതേസമയം, മത്സ്യബന്ധനത്തിനും നണ്ടുപിടിത്തത്തിനുമായി എടുത്ത കടങ്ങൾ പലിശയോടെ വർധിച്ചുകൊണ്ടിരിക്കും. കടുവ ഒരാളുടെ ജീവൻ എടുത്താലും കടം മരിക്കില്ല. അതിനാൽ ജീവനോടെ ബാക്കിയാകുന്ന കുടുംബാംഗങ്ങൾ വീണ്ടും അതേ കാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു. ഈ നിരന്തര ഭീഷണിക്കിടയിലും സുന്ദർവനവാസികൾ ബോൻബിബിയെന്ന വനദേവതയിൽ വിശ്വാസമർപ്പിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. മരണം അവരുടെ ജീവിതത്തിൽ അസാധാരണ സംഭവമല്ല, തൊഴിൽസംബന്ധമായ ഒരു സ്ഥിരം അപകടസാധ്യത മാത്രമാണ്. അതുകൊണ്ടുതന്നെ ഒരു തലമുറയുടെ കണ്ണീർ അടുത്ത തലമുറയുടെ ഉപജീവനമായി മാറുന്ന ദുരന്തചക്രം സുന്ദർവനത്തിൽ ഇന്നും തുടരുകയാണ്

