പ്രധാന വിവരങ്ങൾ
- ഓപ്പറേഷൻ ഭക്ഷ്യസുരക്ഷയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.
- നാല് ലൈസൻസികളെ വിജിലൻസ് കൈയോടെ പിടികൂടി.
- 18.22 ലക്ഷം രൂപ പിടിച്ചെടുത്തു.
- വ്യാജ ബില്ലുകളും കരിഞ്ചന്ത വിൽപ്പനയും കണ്ടെത്തി.
- കൂടുതൽ നടപടികൾക്ക് വിജിലൻസ് തയ്യാറെടുക്കുന്നു.

News Portal

തിരുവനന്തപുരം, 2026 ജൂൺ 17 –
‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’യുടെ ഭാഗമായി സംസ്ഥാനവ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ റേഷൻ വിതരണ മേഖലയിലെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 14 എൻഎഫ്എസ്എ ഗോഡൗണുകളിലും തെരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് ഒരേസമയം പരിശോധന നടന്നത്. റെയ്ഡിനിടെ നാല് ലൈസൻസികളെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. കൈക്കൂലിയായി വാങ്ങിയ 18.22 ലക്ഷം രൂപയും പിടിച്ചെടുത്തു.
സംസ്ഥാനത്തെ അഴിമതികൾ കണ്ടെത്തുന്നതിനായി നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. കരാറുകാരെന്ന വ്യാജേന എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരോട് ഭക്ഷ്യവസ്തുക്കൾ മറിച്ചുവിൽക്കാൻ ചില റേഷൻ കട ലൈസൻസികൾ തയ്യാറായതായി കണ്ടെത്തി. മിക്ക സ്ഥലങ്ങളിലും സ്റ്റോക്കും രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ലുകൾ തയ്യാറാക്കി പൊതുവിതരണ സംവിധാനത്തിലെ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഗൂഗിൾ പേ വഴി നടത്തിയ 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും വിജിലൻസ് കണ്ടെത്തി.
വാതിൽപ്പടി വിതരണത്തിനുള്ള വാഹനങ്ങളിൽ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാണെന്നും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾക്ക് പകരം സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. അഞ്ച് റേഷൻ കട ലൈസൻസികളും നാല് എൻഎഫ്എസ്എ ഗോഡൗൺ ഉദ്യോഗസ്ഥരും നടത്തിയ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് രേഖപ്പെടുത്തി. പാലക്കാട് മരുതൂരിലെ ഒരു ഗോഡൗൺ ഉദ്യോഗസ്ഥൻ 12 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായും കൊല്ലത്ത് ഒരു റേഷൻ കട ലൈസൻസിക്ക് മൂന്ന് ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തി. ലൈസൻസികൾ, കരാറുകാർ, ഇടനിലക്കാർ എന്നിവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കാനാണ് വിജിലൻസിന്റെ തീരുമാനം.