നിലമ്പൂർ, 2026 ജൂൺ 15 –
വണ്ടൂർ, ചാലിയാർ പഞ്ചായത്തുകളിലായി 50 ടണ്ണിലേറെ നെല്ല് സംഭരിക്കപ്പെടാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി കർഷകരുടെ പരാതി. സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത് അനുമതിയോടെ കൃഷി ചെയ്ത നെല്ലാണ് സംഭരിക്കാതെ കിടക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.
പരമ്പരാഗത നെൽകർഷകനായ എരഞ്ഞിമങ്ങാട് സ്വദേശി ആലുങ്ങത്തിൽ സലാം, സപ്ലൈകോയെ വിശ്വസിച്ച് ഏഴ് ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തിയിരുന്നു. നല്ല വിളവ് ലഭിച്ചെങ്കിലും 55 കിലോ വീതമുള്ള 170 ചാക്ക് നെല്ലാണ് ഇപ്പോൾ മൈലാടി റോഡരികിൽ കെട്ടിക്കിടക്കുന്നത്. ടാർപായ കൊണ്ട് മൂടി സൂക്ഷിച്ചിട്ടും എലികൾ ചാക്കുകൾ കീറി നെല്ല് നശിപ്പിക്കുകയാണെന്ന് സലാം പറയുന്നു. മന്ത്രിമാരെയും നിലമ്പൂർ എംഎൽഎയെയും നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് ആരോപണം.
സപ്ലൈകോയുടെ സമ്മതത്തോടെ വൈറ്റ് ഗ്രെയിൽ സീറോ 55 ഇനം നെല്ലാണ് കൃഷി ചെയ്തതെന്ന് കർഷകർ പറയുന്നു. എന്നാൽ മില്ലുകൾ ഈ നെല്ല് സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. ബാങ്ക് വായ്പ എടുത്താണ് കൃഷി നടത്തിയതെന്നും പാട്ടത്തുകയായ 55,000 രൂപ പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും സലാം വ്യക്തമാക്കി. നിലവിലെ സാഹചര്യം തുടർന്നാൽ നെൽകൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നും കർഷകർ ആശങ്ക പ്രകടിപ്പിക്കുന്നു.