ബെല്ലാരി, 2026 ജൂൺ 15 –
കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീലാണ് കൊല്ലപ്പെട്ടത്. ജൂൺ ഏഴിന് ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപത്തുനിന്ന് പകുതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. അന്വേഷണത്തിനിടെ ബസവനഗൗഡ പാട്ടീൽ ഒരു വർഷമായി ശ്വേതയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി പൊലീസ് അറിയിച്ചു.
യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപത്ത് എത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.