കൊച്ചി, 2026 ജൂൺ 15 –
മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സി എം ആർ എൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്തയും മകൻ ശരൺ എസ്. കർത്തയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. സി എം ആർ എല്ലിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളാണ് ജയ എസ്. കർത്തയും ശരൺ എസ്. കർത്തയും.
സി എം ആർ എല്ലുമായി ബന്ധമുള്ള നിപുണ ഇന്റർനാഷണൽസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് ശരൺ എസ്. കർത്ത. ശശിധരൻ കർത്തയുടെ മകൾ ഷിബി എസ്. കർത്തയെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്തിരുന്നു. സി എം ആർ എൽ ഡയറക്ടറായ ഷിബി എസ്. കർത്ത നിപുണ ഇന്റർനാഷണൽസിന്റെ പ്രധാന ചുമതലയും വഹിക്കുന്നുണ്ട്. എക്സാലോജിക്കും സി എം ആർ എല്ലിനും ഇടയിൽ നടന്നതായി പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
നേരത്തെ നിപുണ ഇന്റർനാഷണൽസിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. സി എം ആർ എല്ലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത് നിപുണ ഇന്റർനാഷണൽസാണ്. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിലുള്ള സ്ഥാപനവുമാണിത്. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് ലഭിച്ചിരുന്ന വീണ ടി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ സമയം തേടിയിരുന്നു. തുടർന്ന് ബുധനാഴ്ച ഹാജരാകാൻ വീണ്ടും സമൻസ് അയച്ചിട്ടുണ്ട്.