തിരുവനന്തപുരം, 2026 ജൂണ്‍ 15 –
തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയതയുടെ സ്വാധീനം പ്രകടമായിരുന്നുവെന്ന് സിപിഐഎം വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പയ്യന്നൂരില്‍ നേരത്തേ പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വീണ്ടും ഉയര്‍ന്നുവന്നതായും അത് പാര്‍ട്ടി വോട്ടിന്റെ ചോര്‍ച്ചയ്ക്ക് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അതേപടി അവതരിപ്പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ മനസില്‍വെച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അപൂര്‍വ്വം ചിലരുമുണ്ടായിരുന്നുവെന്നും വിലയിരുത്തലിലുണ്ട്. ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് അനുമതി നല്കുന്ന ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നേതാക്കള്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചതും പാര്‍ട്ടിക്കെതിരായ പ്രചാരണത്തിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. വി കുഞ്ഞികൃഷ്ണന്, ടി കെ ഗോവിന്ദന്, ജി സുധാകരന് തുടങ്ങിയവര്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചതാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. ഇത് പാര്‍ട്ടിയുടെ മതിപ്പ് കുറയാന്‍ കാരണമായെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.