തൃശ്ശൂർ, 2026 ജൂൺ 13 –
ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ ഇടതുപക്ഷത്തിൽ നിന്ന് അകലാൻ കാരണം പരിശോധിക്കണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. തൃശ്ശൂരിൽ നടന്ന ഇ.എം.എസ് സ്മൃതി പരിപാടിയിൽ എം.എ. ബേബിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ന്യൂനപക്ഷങ്ങൾ ഒരുകാലത്ത് ഇടതുപക്ഷത്തെ സ്വന്തം ബന്ധുക്കളെപ്പോലെയാണ് കണ്ടിരുന്നതെന്നും അവർ പ്രസ്ഥാനത്തോടൊപ്പം നിന്നിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
“നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ, അകത്തു കയറിയോ, സ്വാധീനിച്ചോ എന്ന് പരിശോധിക്കണം” എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അവതാരങ്ങളെ അകറ്റിനിർത്തേണ്ടതുണ്ടെന്നും താൽക്കാലിക ലാഭത്തിനായി എത്തുന്നവരല്ല ന്യൂനപക്ഷങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ ആരും തങ്ങളിൽ നിന്ന് അകറ്റിക്കൊണ്ടുപോകില്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി സംഘടനകളായ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നിവരെയും ബിനോയ് വിശ്വം വിമർശിച്ചു. പുതിയ തലമുറയിലേക്ക് പ്രസ്ഥാനത്തിന്റെ ആശയങ്ങളും നിലപാടുകളും ശക്തമായി എത്തുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിൽ സംഘടനകൾ എവിടെയാണ് പിന്നോട്ടുപോകുന്നതെന്ന് ഗൗരവമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
സി.പി.എം, സി.പി.ഐ പാർട്ടികൾ പരസ്പരം ഏറ്റുമുട്ടിയ സാഹചര്യങ്ങളിൽ എതിരാളികൾ വളർന്നുവെന്നും അവർ തങ്ങളുടെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്തുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ വളർച്ച കേരളം വരെയെത്തിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.