തിരുവനന്തപുരം, 2026 ജൂൺ 13 –
ഹൈക്കോടതി അഭിഭാഷക നിയമനങ്ങളെ ചൊല്ലി ഭരണപക്ഷ മുന്നണിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് നിയമനങ്ങൾ നടത്തിയതെന്നും മന്ത്രിമാരെ പോലും അറിയിക്കാതെയാണ് തീരുമാനങ്ങളെടുത്തതെന്നും കോൺഗ്രസ് നേതാക്കൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. അഭിഭാഷക നിയമന വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും ചില നിയമനങ്ങളിൽ പാർട്ടിയുമായി ബന്ധമില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടെന്നും വിമർശനമുണ്ട്.
സർക്കാർ അഭിഭാഷക നിയമനത്തിനെതിരെ ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തി. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി.കെ. അബ്ദുറഹ്മാൻ കെ.പി.സി.സി അധ്യക്ഷന് പരാതി നൽകി. കോൺഗ്രസ് അഭിഭാഷകർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുന്നതെന്നുമാണ് പരാതിയിലെ ആരോപണം. ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. ലീഗ് നൽകിയ പട്ടികയിൽ നിന്ന് എട്ട് പേരെ മാത്രമാണ് പരിഗണിച്ചതെന്നാണ് നേതൃത്വത്തിന്റെ പരാതി. ആകെ 136 ഒഴിവുകളിൽ ഇതുവരെ 80 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. 22 എം.എൽ.എമാരും അഞ്ച് മന്ത്രിമാരുമുള്ള പാർട്ടിക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കേണ്ടതായിരുന്നുവെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ലീഗ് പട്ടികയിലുള്ള മെറിറ്റുള്ള അഭിഭാഷകർ പോലും പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും പാർട്ടി പങ്കുവെക്കുന്നുണ്ട്.
ഇതിനിടെ ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിക്കപ്പെട്ട കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തെ തുടർന്നാണ് രാജി. സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിന്റെ നിയമനം വിവാദമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിശോധിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന്റെ ഭാഗമാണെന്ന് കെ. മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിച്ചതിൽ പ്രത്യേക അന്വേഷണ സംഘവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ പ്രതികളിലേക്ക് ചോരാൻ സാധ്യതയുണ്ടെന്നും നിർണായക രേഖകൾ കൈമാറുന്നതിൽ ആശങ്കയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഈ ആശങ്ക ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചതായും ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.