തിരുവനന്തപു രം/ ജൂൺ .12
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകളിന്മേൽ കരട് ചട്ടം തയ്യാറാക്കുന്നതിന് അഭിപ്രായം സ്വീകരിക്കാൻ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ചർച്ച നടത്തി. തൊഴിലാളി യൂണിയൻ പ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശില്പശാല നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ യോഗത്തിൽ അറിയിച്ചു. പുതിയ ലേബർകോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്തുമെന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു.
തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തൊഴിലുടമ പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ, നിയമ വിദഗ്ദ്ധർ തുടങ്ങിയവരെയെല്ലാം വിശദ ചർച്ചയുടെ ഭാഗമാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനം തയാറാക്കിയ കരട് നിയമത്തിന്റെ അന്തിമരൂപം ഒരാഴ്ചയ്ക്കുള്ളിൽ തയാറാവും. ഇതോടൊപ്പം ഗോപാൽ ഗൗഡകമ്മിറ്റി റിപ്പോർട്ടും പുതിയ നിർദേശങ്ങളും വിശദചർച്ചയിൽ പരിഗണിക്കും. ചർച്ചയിൽ ഉയരുന്ന നിർദേശങ്ങളും ഉൾപ്പെടുത്തിയാകും തുടർ നടപടി സ്വീകരിക്കുക. കേന്ദ്രസർക്കാർ ലേബർ കോഡിന്റെ അന്തിമരൂപം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ജൂൺ എട്ടിന് ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിൽമന്ത്രിമാരുമായി കേന്ദ്രതൊഴിൽ മന്ത്രി ചർച്ച നടത്തിയിരുന്നു.
സംസ്ഥാനങ്ങളും റൂൾസ് പ്രസിദ്ധീകരിക്കണമെന്ന കർശന നിർദ്ദേശം ഈ യോഗത്തിൽ കേന്ദ്രസർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട്. കേന്ദ്രനിയമത്തെ മറികടക്കുന്ന സംസ്ഥാനനിയമം കൊണ്ടുവരുന്നതിന് ചില പരിമിതികളുണ്ട്. അതേസമയം നിയമത്തിലെ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കാമെന്നും യോഗത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പുനൽകി. ലേബർ സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, കമ്മീഷണർ സഫ്ന നസറുദ്ദീൻ എന്നിവർ നിലവിലെ സാഹചര്യം യോഗത്തിൽ വിശദീകരിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി വി ജെ ജോസഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, യു ടി യു സി ദേശീയ സെക്രട്ടറി എ എ അസീസ്, മുൻ മന്ത്രി ബാബു ദിവാകരൻ, യു ടി യു സി ജനറൽ സെക്രട്ടറി റ്റി സി വിജയൻ, സിഐടിയു നേതാക്കളായ പി പി ചിത്തരഞ്ജൻ, കെ എൻ ഗോപിനാഥ്, കെ എസ് സുനിൽ കുമാർ, എ ഐ ടി യു സി വൈസ് പ്രസിഡന്റ് ജോർജ് തോമസ്, അഡ്വ വി മോഹൻദാസ്, എസ് ടി യു ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ്, ട്രഷറർ മാഹിൻ അബൂബക്കർ, ബിഎംഎസ് പ്രസിഡന്റ് ശിവജി സുദർശൻ, അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, സംസ്ഥാന സെക്രട്ടറി എസ് മനോഹരൻ, ജോസഫ് ജൂഡ് എന്നിവർ വിവിധ സംഘടനാ പ്രതിനിധികളായി മന്ത്രി വിളിച്ച യോഗത്തിലെത്തി. തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.