ന്യൂഡൽഹി, 2026 ജൂൺ 9 –
സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുറച്ചു. ഒരു കുടുംബത്തിന് വർഷത്തിൽ ലഭിച്ചിരുന്ന ഒമ്പത് സബ്സിഡി സിലിണ്ടറുകൾ ഇനി നാലായി ചുരുങ്ങും. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
ഒരു സിലിണ്ടറിന് 300 രൂപയാണ് കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഗ്യാസിൽ 700 രൂപയും പെട്രോളിൽ ആറ് രൂപയും ഡീസലിൽ 30 രൂപയും നഷ്ടമുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജ വ്യക്തമാക്കിയത്. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സിലിണ്ടറിന് 700 രൂപ നിരക്കിലാണ് ഉപഭോക്താക്കൾക്ക് പാചകവാതകം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില ഉയരുന്നതാണ് തീരുമാനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒരു ഗാർഹിക എൽപിജി സിലിണ്ടറിന്റെ യഥാർഥ വില ഇപ്പോൾ 1,600 രൂപയ്ക്ക് മുകളിലാണ്. ഈ സാഹചര്യത്തിലാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കുന്ന നടപടിയിലേക്ക് സർക്കാർ കടന്നത്.