കൊച്ചി, 2026 ജൂൺ 5 -Kochi, June 5, 2026
നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കോടതി കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ നടന്ന വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. മെമ്മറി കാർഡ് മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിക്കപ്പെട്ടതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി.എ മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചതായി കണ്ടെത്തി. ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. നിലവിലെ റിപ്പോർട്ട് കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണെന്നും ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയതിനെ തുടർന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അങ്കമാലി മജിസ്ട്രേറ്റ് ഒരു വർഷത്തോളം മെമ്മറി കാർഡ് സ്വകാര്യമായി കൈവശം വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2018 ഡിസംബർ 13 ന് രാത്രി ജില്ലാ ജഡ്ജിയുടെ പി.എ മഹേഷ് സ്വന്തം ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചതായും, 2021 ജൂലൈ 19 ന് വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചതായും കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അതിജീവിത നേരത്തേ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ അതേ വിഷയത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ടാണ് പുതിയ നീക്കം.