തിരുവനന്തപുരം, ജൂൺ 3:
നിയമസഭയിലെ പുതിയ അംഗങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും പങ്കെടുക്കുന്ന പ്രത്യേക സെമിനാർ ജൂൺ 17ന് സംഘടിപ്പിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങളും സഭാ മര്യാദകളും കർശനമായി പാലിക്കണമെന്നും സ്പീക്കർ അംഗങ്ങൾക്ക് പ്രത്യേക റൂളിംഗിലൂടെ നിർദേശം നൽകി.
പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ ചില അംഗങ്ങൾ പരിധിവിട്ട സ്വാതന്ത്ര്യത്തോടെയാണ് പെരുമാറിയതെന്ന് സ്പീക്കർ സഭയിൽ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഡയസിന് മുന്നിൽ കാഴ്ച മറച്ച് നിൽക്കുക, സഭയ്ക്കുള്ളിൽ നിയന്ത്രണമില്ലാതെ നടക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിലുള്ള പ്രവണതകൾ ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
71 പുതിയ അംഗങ്ങൾ ഉൾപ്പെട്ട പുതിയ സഭയിൽ മുതിർന്ന അംഗങ്ങൾ കാണിക്കുന്ന മാതൃകയും ഗൗരവവും ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സഭയുടെ അന്തസും പാരമ്പര്യവും സംരക്ഷിക്കേണ്ടത് എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭാ ചട്ടങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ജൂൺ 17ന് പ്രത്യേക സെമിനാർ സംഘടിപ്പിക്കാനാണ് തീരുമാനം. ഈ സെമിനാറിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും നേരിട്ട് പങ്കെടുക്കുകയും പുതിയ ജനപ്രതിനിധികൾക്ക് നിയമസഭയിലെ പ്രവർത്തനരീതി, പെരുമാറ്റച്ചട്ടങ്ങൾ, സഭാ സംസ്കാരം എന്നിവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
പുതിയ അംഗങ്ങളുടെ പെരുമാറ്റത്തെ ചൊല്ലി തുടക്കത്തിൽ തന്നെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ ഇടപെടൽ . വരും ദിവസങ്ങളിൽ സഭയിൽ കൂടുതൽ അച്ചടക്കവും നിയന്ത്രണവും ഉറപ്പാക്കാനാണ് സ്പീക്കറുടെ ശ്രമം