ചെന്നൈ | മേയ് 30
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ അസം സ്വദേശിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ആക്രമണം നടന്നത്. അസം സ്വദേശി പ്രൊസൻജിത് ദാസ് ആണ് മരിച്ചത്.
ജോലിക്കായി അസമിൽ നിന്ന് തിരുവള്ളൂരിലെത്തിയ പ്രൊസൻജിത്തും മറ്റ് ആറുപേരും ഇവിടെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. സംഭവദിവസം മദ്യലഹരിയിലായിരുന്ന പ്രൊസൻജിത് സമീപത്തെ വീട്ടിലെത്തി കുടിക്കാൻ വെള്ളം ചോദിച്ച ശേഷം ബഹളം വെച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.
സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഭയന്ന സ്ത്രീ വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. പിന്നാലെ പ്രൊസൻജിത് അക്രമാസക്തനായി ജനൽ തകർക്കാൻ ശ്രമിച്ചതായും പറയുന്നു. ഇതോടെയാണ് സ്ത്രീ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കളും ചില പ്രദേശവാസികളും ചേർന്ന് പ്രൊസൻജിത്തിനെ മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയും രൂപപ്പെട്ടു.
ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിയാനും കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാനും ശ്രമം തുടരുകയാണ്.