കൊച്ചി: വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴി ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ്. ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമുള്ള വ്യാജവിവരങ്ങളാണു വോയ്സ് സന്ദേശങ്ങളായും പോസ്റ്റുകളായും പ്രചരിക്കപ്പെടുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ സന്ദേശത്തെക്കുറിച്ച് അറിയാനായി നിരവധി പേര് സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടുന്നതിനാലാണ് സൈബർ പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഇതുസംബന്ധിച്ച് നിലവില്‍ സൈബര്‍ തട്ടിപ്പുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഒരാളുടെ അനുമതിയോ യുപിഐ പിന് നല്കാതെയോ ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് നിലവില്‍ സൈബര്‍ തട്ടിപ്പുകള്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ജാഗ്രത പാലിക്കണം.
ഗൂഗിള്‍ പേ പോക്കറ്റ് മണി റിവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് അക്കൗണ്ടിലേക്കു മാറ്റാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള വാട്സാപ്, എസ്എംഎസ് സന്ദേശങ്ങള്‍ വിശ്വസിക്കരുത്.
ഇത്തരത്തിലുള്ള സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
പണം ലഭിക്കാന്‍ യുപിഐ പിന് നല്‍കേണ്ട ആവശ്യമില്ല.
ആരെങ്കിലും പണം ലഭിക്കുമെന്നു പറഞ്ഞ് യുപിഐ പിന് നല്കാന് ആവശ്യപ്പെടുന്നുവെങ്കില്‍ അത് ഉറപ്പായും തട്ടിപ്പാണെന്നു മനസിലാക്കുക.
ഔദ്യോഗിക ആപ്പുകളിലെ ഫീച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ ഭയപ്പെടേണ്ടതില്ല; എന്നാല്‍ ജാഗ്രത പാലിക്കണം.
സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വോയ്സ് ക്ലിപ്പുകള്‍ പരിശോധിക്കാതെ വിശ്വസിക്കരുത്
അപരിചിതരില്‍നിന്നുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്
സൈബര്‍ സാമ്പത്തികതട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്പ്ലൈന് നമ്പറിലോ https://cybercrime. gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം.
.
