വടക്കഞ്ചേരി: കൂട്ടുകാർക്കൊപ്പം കുഴിമന്തി കഴിച്ച മകൾ പെട്ടെന്നു കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലെനയുടെ പിതാവ് മുണ്ടപ്ലാക്കൽ ജോൺ (റെജി) ആലുവ റൂറൽ എസ്പിക്കു പരാതി നൽകി. ഏപ്രിൽ 6 തിങ്കളാഴ്ച എസ്പിയുടെ ഓഫീസിൽ നേരിട്ടുപോയി പരാതി കൊടുക്കുകയായിരുന്നു.
മകളുടെ മരണത്തിന് പിന്നിൽ രണ്ടു യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്ന് പരാതിയിൽ
മകളെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിനുപിന്നിൽ രണ്ടു യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിയെന്നു ജോൺ പറഞ്ഞു. വിഷം ഉള്ളിൽചെന്നാണ് മകൾ മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതെങ്ങനെ സംഭവിച്ചു എന്നത് അന്വേഷിക്കണം. മറ്റാർക്കും ഇത്തരത്തിൽ ഇനി സംഭവിക്കാതിരിക്കാൻ കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരണം.
കുഴിമന്തി കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെട്ടു
സംഭവദിവസം രാവിലെ 11ന് മകൾ അമ്മയെ വിളിച്ചിരുന്നു. പിന്നീട് നാലുമണിക്കൂറിനുശേഷം മകൾ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നു റെജി പറഞ്ഞു. മാർച്ച് 24ന് ആലുവയിൽവച്ചാണ് സംഭവം ഉണ്ടാകുന്നത്. കുഴിമന്തി കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെട്ട ലെനയ്ക്കു ഛർദിയും വയറിളക്കവുമുണ്ടായി.ബിപി കുറഞ്ഞ് അവശയായ ലെനയെ സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചു.എന്നാൽ രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ മകൾ മരിച്ചിരുന്നെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും ജോൺ പറഞ്ഞു.
മകളെ ആരോക്കെയോ ചേർന്ന് അപായപ്പെടുത്തിയെന്നാണ് സംശയം
നഴ്സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നു തലേന്നു മകൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയ്ക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന സംശയങ്ങളാണ് പിതാവിനും വീട്ടുകാർക്കുമുള്ളത്. മകളെ ആരോക്കെയോ ചേർന്ന് അപായപ്പെടുത്തി എന്നാണ് വീട്ടുകാരുടെ ബലമായ സംശയം. തൃശൂർ ഒളരിയിലുള്ള മദർ ഹോസ്പിറ്റലിൽ നഴ്സായിരുന്നു ലെന ജോൺ.
