ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു.ദൃഷ്ടി റാവത്ത് എന്ന കുട്ടിയാണ് മരിച്ചത്. 2026 ഏപ്രിൽ 2 വ്യാഴാഴ്ച രാത്രി പൊഖ്ര പ്രദേശത്തെ ഭട്കോട്ട് ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ സഹോദരിക്കും മുത്തശിക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇവിടേക്കെത്തിയ പുള്ളിപ്പുലി കുട്ടിയെ കടിച്ചുവലിച്ച് കാട്ടിലേക്ക് പോവുകയായിരുന്നു.
പ്രകോപിതരായ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തി. തുടർന്ന് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്ന് കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.പോലീസും വനംവകുപ്പ് സംഘങ്ങളും സ്ഥലത്തെത്തി. എന്നാൽ പ്രകോപിതരായ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം നീക്കം ചെയ്യാൻ അനുവദിച്ചില്ല.
പ്രദേശവാസികളുടെ സുരക്ഷക്കായി വനംവകുപ്പ് സമഗ്രമായ നടപടികൾ .
വെള്ളിയാഴ്ച രാവിലെ ചൗബട്ടഖൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രേഖ ആര്യയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മഹാതിം യാദവും ഗ്രാമത്തിലെത്തി. ഗ്രാമവാസികളുമായി സംസാരിക്കുകയും തുടർന്ന് വീടിനടുത്ത് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറുകയും ചെയ്തു.പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മഹാതിം യാദവ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് സമഗ്രമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
.
.


