ദുബായ്: ഇറാന്റെ ആക്രമണത്തിൽ ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് തീരത്തെ എണ്ണ ടാങ്കറുകൾക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. തീരത്തുനിന്നും 34 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.
കുവൈത്തിന്റെഅൽ സലമി എണ്ണ കപ്പലിനു നേരെയും ഡ്രോൺ ആക്രമണം
കുവൈത്തിന്റെ പടുകൂറ്റൻ എണ്ണ കപ്പലായ അൽ സലമിക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. 332 മീറ്റർ നീളവും 60 മീറ്റർ വീതിയും ഉള്ളതാണ് അൽസലമി .19,660 ടൺ ഇന്ധനശേഷി കപ്പലിനുണ്ട്.
ഖാർഗ് ദ്വീപ് യു.എസ്. സൈന്യം പിടിച്ചെടുത്തേക്കുമെന്നു മുന്നറിയിപ്പ്
അതേസമയം ഉടൻ സമാധാനക്കരാറുണ്ടാക്കിയില്ലെങ്കിൽ ഇറാന്റെ ഊർജസ്രോതസ്സുകളും കടൽവെള്ളശുദ്ധീകരണശാലകളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർക്കുമെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ എണ്ണകയറ്റുമതികേന്ദ്രമായ ഖാർഗ് ദ്വീപ് യു.എസ്. സൈന്യം പിടിച്ചെടുത്തേക്കുമെന്നു മുന്നറിയിപ്പുനൽകിയതിനു പിന്നാലെയാണ് പുതിയ ഭീഷണി. ഇറാനുമായുള്ള സമാധാനചർച്ച നന്നായിപ്പോകുന്നു എന്നു പറഞ്ഞതിനൊപ്പമാണ് ഭീഷണിയും മുഴക്കിയത്.
യുഎഇയിലെ സ്കൂകൾ ഓൺലൈൻ പഠനം നീട്ടി
സംഘർഷ പശ്ചാത്തലത്തിൽ യുഎഇയിലെ സ്കൂകൾ ഓൺലൈൻ പഠനം നീട്ടിയിട്ടുണ്ട്. ഏപ്രിൽ 17 വരെ വിദ്യാലയങ്ങൾ തുറക്കരുതെന്നും പഠനം ഓൺലൈൻ മാത്രമെന്നും അധികൃതർ അറിയിച്ചു. തീരുമാനം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷ മുൻനിർത്തിയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
