ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കിടെ ട്രാൻസ്ജെൻഡർ പേഴ്സണ്‍സ് (അവകാശ സംരക്ഷണ) ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിനു കൃത്യമായ നിർവചനം നൽകാനും വിവിധ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വയ അവബോധത്തിൽ സൃഷ്ടിച്ച ലൈംഗിക വ്യക്തിത്വങ്ങളെയും’ നിയമപരിധിയിൽനിന്ന് ഒഴിവാക്കുന്നതുമായ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസും ഇല്ലാതാക്കുകയാണെന്ന് പ്രതിഷേധമുയർന്നതിനിടെയാണ് ബിൽ ലോക്സഭ പാസാക്കിയത്.
സുപ്രീംകോടതി വിധി നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം
ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.എന്നാൽ സമത്വവും വിവേചനമില്ലായ്മയും അന്തസും ഉയർത്തിക്കാട്ടി ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്ക് സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുമുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധി നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ബിഭരണഘടനാ അവകാശങ്ങൾക്കെതിരേയുമുള്ള ആക്രമണമാണെന്ന് രാഹുൽ
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചനകൾ നടത്താതെ കൊണ്ടുവന്ന ബിൽ ബഹുമാനമില്ലാത്ത മനോഭാവം പ്രകടിപ്പിക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് എംപി ജ്യോതിമണി സഭയിൽ പറഞ്ഞത്.അതിനിടെ രാജ്യത്തുടനീളമുള്ള ട്രാൻസ്ജെൻഡർ സാമൂഹ്യപ്രവർത്തകർ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും രാഹുൽ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ വ്യക്തിത്വത്തിനെതിരേയും ഭരണഘടനാ അവകാശങ്ങൾക്കെതിരേയുമുള്ള ആക്രമണമാണെന്ന് രാഹുൽ പ്രതികരിച്ചു.
