കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് 15ന് ശേഷം

ന്യൂഡൽഹി |
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകി. വോട്ടർപട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയായതിനും സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതിനും ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. നിലവിലെ സൂചനകൾ പ്രകാരം കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒറ്റഘട്ട വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.

സുരക്ഷാ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവയാണ്. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാഹചര്യം, സുരക്ഷാ അവസ്ഥ, വോട്ടർമാരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് എത്രഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുന്നത്. ഫെബ്രുവരി 28നാണ് പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയെ സംബന്ധിച്ച് പരാതികൾ നൽകുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടത്തുക. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് നിലവിലെ ആലോചന. അസമിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് ചർച്ച ചെയ്യപ്പെടുന്നത്. പശ്ചിമ ബംഗാളിൽ അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനുള്ള സാധ്യതയമുണ്ട്. സുരക്ഷാ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.

പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ സാധ്യത

കേരളത്തിൽ ഇത്തവണയും പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കാനാണ് സാധ്യത. മലബാർ മേഖലയിലാണ് കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളതായി തിരഞ്ഞെടുപ്പ് അധികാരികൾ വിലയിരുത്തുന്നത്. വോട്ടെടുപ്പിനിടെ നിയമസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കേന്ദ്രസേനയുടെ സാന്നിധ്യം വർധിപ്പിക്കാനാണ് സാധ്യത. മിക്ക രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഏപ്രിൽ 20നും ഏപ്രിൽ 30നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കാലാവസ്ഥ, പരീക്ഷകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ സമയപരിധി നിർദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ.

മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് അത്തരമൊരു നീണ്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ നടപ്പാക്കിയിരുന്നത്. ഇത്തവണ അഞ്ച് ഘട്ടങ്ങളിലേക്ക് അത് കുറയ്ക്കാനാണ് സാധ്യതയെന്ന സൂചനകളുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →